കാരിയും കൂരിയും ആറ്റുവാളയും; മീൻരുചിയുമായി ഉച്ചയൂണ് കിട്ടുന്ന വഞ്ചിവീട്
Mail This Article
മീൻവിഭവങ്ങൾ ഇഷ്ടപ്പെടുന്നവരുടെ പ്രിയസ്വാദാണ് കായൽ മൽസ്യങ്ങൾ. ഫ്രഷ് വരാലും കാരിയുമൊക്കെ കറിവച്ചും വറുത്തും കിട്ടുമെന്ന് കേട്ടാൽ മീൻ രുചികൾ ഇഷ്ടപ്പെടുന്നവരെല്ലാം അങ്ങോട്ടു വച്ചുപിടിക്കുമെന്നുറപ്പാണ്. അത്തരം രുചി തേടുന്നവർക്കായാണ് വഞ്ചിവീട് റസ്റ്ററന്റ്.
ആലപ്പുഴയിലെ ചേന്നങ്കരിയിലാണ് ഹൗസ് ബോട്ടിന്റെ രൂപത്തിൽ കായലിനോടു ചേർന്നുള്ള ഈ ഭക്ഷണശാല. ബീഫും താറാവുമൊക്കെ ഉണ്ടെങ്കിലും ഇവിടുത്തെ പ്രധാനികൾ കായൽ മത്സ്യങ്ങളാണ്. അതിൽ വരാലും കാരിയും കൂരിയും ആറ്റുവാളയുമൊക്കെ ഉൾപ്പെടും. മീൻ കറികളാണ് വഞ്ചിവീട്ടിലെ സ്പെഷൽ താരങ്ങൾ. അതിൽ മുളകിട്ടു വറ്റിച്ച കുട്ടനാടൻ രീതിയിലുള്ള മോദ കറിയുണ്ട്. എരിവുള്ള മീൻ തലക്കറി വേണമെന്നുള്ളവർക്ക് വറ്റയുടെ തല കറിവച്ചതു കഴിക്കാം. ആറ്റിലെ വാള നാടൻ രീതിയിൽ മുളകും കുടംപുളിയും ചേർത്ത് വറ്റിച്ചെടുത്തതിന്റെ രുചിയും എടുത്തു പറയേണ്ടതാണ്. വറ്റക്കറി വേണമെന്നുള്ളവർക്ക് അതും കിട്ടും.
ഊണാണ് വഞ്ചിവീട്ടിലെത്തുന്നവർ കൂടുതലും തിരഞ്ഞെടുക്കുന്നത്. സാമ്പാറും പച്ചടിയും കൂട്ടുകറിയും തോരനും ചമ്മന്തിയും അച്ചാറും കപ്പയും തേങ്ങയരച്ചുള്ള മീൻകറിയുമെല്ലാം ഊണിനൊപ്പം വിളമ്പുന്നുണ്ട്. കൂടെ സാമ്പാറും പുളിശ്ശേരിയുമുണ്ട്. ആവശ്യക്കാർക്ക് മീൻ വറുത്തും പൊള്ളിച്ചും നൽകും. അതിനായി കരിമീനടക്കമുള്ളവ മസാല പുരട്ടി വച്ചിട്ടുണ്ട്. വലിയ കൊഞ്ചും ഞണ്ടുമടക്കുള്ളവ റോസ്റ്റ് ചെയ്തതിന്റെ രുചിയും ഇവിടെയെത്തിയാൽ ആസ്വദിക്കാം.
വിദേശികളും വടക്കേ ഇന്ത്യയിൽ നിന്നുമുള്ളവരുമൊക്കെയെത്തുന്നതിനാൽ വഞ്ചിവീട്ടിലെ മീൻരുചികൾക്ക് എരിവും മസാലകളും മിതമായേ ഉള്ളൂ. എന്നാൽ കൂടുതൽ എരിവു വേണ്ടവർക്ക് പറഞ്ഞാൽ ആ രീതിയിലും കറികൾ തയാറാക്കി നൽകും. വൃത്തിയുടെ കാര്യത്തിലും ഏറെ മുമ്പിലാണ് ഇവിടുത്തെ അടുക്കള. അതിഥികൾക്ക് അടുക്കള കയറി കാണുന്നതിനു മാത്രമല്ല, താൽപര്യമെങ്കിൽ ജീവനക്കാർക്കൊപ്പം പാചകം ചെയ്യാനും സൗകര്യമുണ്ട്.