വരട്ടിയെടുക്കുന്ന ബീഫ് മാത്രമല്ല, പോർക്കും മീൻവിഭവങ്ങളുമുണ്ട്; ഹിറ്റായി വർക്കീസ് ഹോട്ടൽ
Mail This Article
ചെറുചൂടിൽ മണിക്കൂറുകളോളം അടുപ്പിൽവച്ചു വരട്ടിയെടുക്കുന്ന ബീഫ്. കേൾക്കുമ്പോൾത്തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയും. മറ്റു പല വിഭവങ്ങളുമുണ്ടെങ്കിലും ആ ചെറുഹോട്ടലിനെ പ്രശസ്തമാക്കുന്നതും ആളുകൾ തേടിയെത്തുന്നതും ആ ഒരൊറ്റ വിഭവമാണ്. നല്ല പുളിവിറകിന്റെ കനലിൽ, വിറകടുപ്പിലാണ് അവിടെ ബീഫ് വരട്ടിയെടുക്കുന്നത്. നിറം കൊണ്ടും ഗന്ധം കൊണ്ടും ആരെയും വശീകരിക്കുന്ന ആ രുചി അറിയണമെങ്കിൽ വർക്കീസ് ഹോട്ടലിലെത്തണം.
തൃശൂർ ജില്ലയിലെ അരണാട്ടുകരയിലാണ് വർക്കീസ് ഹോട്ടൽ. കാഴ്ചയിൽ ഒരു പകിട്ടും പറയാനില്ലാത്ത, ഒരേസമയം 15 പേർക്കു മാത്രം ഇരിക്കാൻ സൗകര്യമുള്ള ഹോട്ടൽ. എന്നാൽ വിഭവങ്ങൾ രുചിയുടെ കാര്യത്തിൽ കേമം. കേട്ടറിഞ്ഞു കഴിക്കാനെത്തുന്നവരാണ് ഏറെയും. ബീഫാണ് ഇവിടുത്തെ പേരുകേട്ട വിഭവം. വിറകടുപ്പിൽ ഒട്ടും വെള്ളമൊഴിക്കാതെ വേവിച്ചു വരട്ടിയെടുക്കുന്ന ബീഫ്, ഒരുമാസം വരെ ഫ്രിജിൽ കേടുകൂടാതെയിരിക്കുമത്രേ. വിദേശത്തു പോകുന്നവർ അതു വാങ്ങിക്കൊണ്ടു പോകാറുണ്ട്. പോർക്ക് റോസ്റ്റും ചിക്കൻ പാർട്സ് മസാലയും കക്ക ഫ്രൈയും മീൻ വറുത്തതും പോലുള്ള സ്പെഷലുകളും വർക്കീസിലെത്തുന്ന അതിഥികൾക്കു തിരഞ്ഞെടുക്കാം.
മുപ്പതു വർഷമായി ഈ ഹോട്ടൽ ആളുകൾക്ക് അന്നമൂട്ടുന്നു. ഒരിക്കൽ രുചിയറിഞ്ഞവർ വീണ്ടുമെത്തുന്നു എന്നതാണ് വർക്കീസിന്റെ വിജയമന്ത്രം. രാവിലെ ഏഴു മുതൽ പ്രഭാത ഭക്ഷണം ലഭ്യമാണ്. വെള്ളയപ്പവും ഇടിയപ്പവും ഇഡ്‌ഡലിയും കപ്പയും ചായയുമൊക്കെയാണ് മെനു. പതിനൊന്നരയോടെ ഉച്ച ഭക്ഷണം തയാറാകും. ചോറിനൊപ്പം ഒഴിച്ചുകറികളായി മീൻകറിയും സാമ്പാറുമുണ്ട്. കൂടെ മെഴുക്കുപുരട്ടിയും അച്ചാറും ഒരു തൊടുകറിയും ചമ്മന്തിയും പപ്പടവും.
ചോറിനൊപ്പം വിളമ്പുന്ന കറികളെല്ലാം അതീവ രുചികരം. എല്ലാത്തിനും വീട്ടിലുണ്ടാക്കുന്ന അതേ രുചിയെന്നാണ് കഴിക്കാനെത്തുന്നവർ പറയുന്നത്. മെഴുക്കുപുരട്ടിയും തൊടുകറിയുമൊക്കെ ദിവസവും മാറും. ഉച്ചയ്ക്കു കഴിക്കാനെത്തിയാൽ തിരക്കു മൂലം ചിലപ്പോൾ കുറച്ചു സമയം കാത്തിരിക്കേണ്ടി വരും. തനിനാടൻ വിഭവങ്ങൾ കൂട്ടി ഉച്ചഭക്ഷണം കഴിക്കണമെന്നുള്ളവർക്ക് വർക്കീസിലേക്കു പോകാം.