മാലദ്വീപിന് എന്താ ഇത്ര പ്രത്യേകത എന്നാണോ? എല്ലാത്തരം വിഭവങ്ങളും ഇവിടെയുണ്ട്
Mail This Article
ശ്രീലങ്കയും ഇന്ത്യയും പോലുള്ള അയൽരാജ്യങ്ങളില്‍നിന്നുള്ള വിവിധ വിഭവങ്ങളുടെ മിശ്രണമാണ് മാലദ്വീപിലെ ഭക്ഷണം. ചുറ്റും കടലായതിനാൽ മത്സ്യവിഭവങ്ങളാണ് ഇവിടുത്തെ സ്പെഷല്‍. മിക്ക വിഭവങ്ങളിലും തേങ്ങ ധാരാളം ഉപയോഗിക്കുന്നു എന്നൊരു പ്രത്യേകതയുമുണ്ട്. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായതിനാൽ, എല്ലാ തരം ഭക്ഷണങ്ങള്‍ ഇവിടെ ലഭിക്കും.
മാലദ്വീപിലെ ഏറ്റവും മികച്ച ചില ഭക്ഷണ പാനീയങ്ങളെക്കുറിച്ച് അറിയാം...
ഗരുധിയ (ഫിഷ് സൂപ്പ്)
മത്സ്യം, വെള്ളം, ഉപ്പ് എന്നിവ ഉപയോഗിച്ച് പാകം ചെയ്യുന്ന, സുഗന്ധമുള്ള ഒരുതരം മത്സ്യ സൂപ്പാണ് ഗരുധിയ. നാരങ്ങനീരും അരിയും മുളകും ഉള്ളിയും ചേർത്താണ് വിളമ്പുന്നത്. പ്രാദേശിക ജനതയുടെ പരമ്പരാഗത വിഭവമാണിത്.
ബിസ് കീമിയ (സമോസ)
സമൂസയും സ്പ്രിങ് റോളും പോലെയുള്ള ഒരു വിഭവമാണ് ബിസ് കീമിയ. ട്യൂണ അല്ലെങ്കിൽ വേവിച്ച മുട്ട, ഉള്ളി അരിഞ്ഞത്, വഴറ്റിയ കാബേജ് എന്നിവ നിറച്ച ഒരു തരം പേസ്ട്രിയാണിത്. രുചികരമായ ഇത് മാലദ്വീപിലെ പ്രധാന ഭക്ഷണമാണ്.
വറുത്ത ചേന
മാലദ്വീപില്‍ വളരുന്ന ചുരുക്കം ചില വിളകളിൽ ഒന്നാണ് ചേന. അതുകൊണ്ടുതന്നെ, വറുത്ത ചേന മാലദ്വീപിൽ വളരെ ജനപ്രിയമായ ഒരു ഭക്ഷണമാണ്! പുറത്ത് കറുമുറാ ഇരിക്കുമെങ്കിലും ഉള്ളില്‍ സോഫ്റ്റ് ആയിരിക്കും. ഫ്രഞ്ച് ഫ്രൈസ് പോലെ ഇത് സോസുകൾക്കൊപ്പം വിളമ്പുന്നു.
കുൽഹി ബോകിബ (ഫിഷ് കേക്ക്)
ഒരു തരം ഒരു മീൻ കേക്ക് ആണ് കുൽഹി ബോക്കിബ. മാലദ്വീപിലെ വീടുകളിൽ പ്രത്യേക അവസരങ്ങളിൽ ഇത് പാകം ചെയ്യും. പല കഫേകളിലും ഇത് ലഭ്യമാണ്. സ്മോക്ക്ഡ് ട്യൂണ, ചുരണ്ടിയ തേങ്ങ, ഉള്ളി, അരിപ്പൊടി എന്നിവ കൊണ്ടാണ് ഈ കേക്ക് ഉണ്ടാക്കുന്നത്.
മാലദ്വീപ് ലേഡി
വെളുത്ത റം, ആപ്രിക്കോട്ട് ബ്രാണ്ടി, ഗ്രനേഡിൻ, ഓറഞ്ച്, പൈനാപ്പിൾ ജ്യൂസ് എന്നിവകൊണ്ട് തയാറാക്കുന്ന ഒരു മാലദ്വീപ് കോക്ടെയില്‍ ആണ് മാലദ്വീപ് ലേഡി. രാത്രി ആകാശത്തിനു താഴെ, തണുത്ത കാറ്റേറ്റ് ഈ പാനീയം നുണഞ്ഞിരിക്കാന്‍ മാലദ്വീപുകാര്‍ക്ക് വളരെ ഇഷ്ടമാണ്.