ADVERTISEMENT

‘‘കാളാഞ്ചി രുചിച്ചതിനു ശേഷം ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ തുക തിരിച്ചു നൽകും’’. അത്രയധികം ആത്മവിശ്വാസത്തോടെ ഒരു റസ്റ്ററന്റ് ഉടമ ഇങ്ങനെ പറയുന്നുണ്ടെങ്കിൽ അതിനർഥം ആ രുചി കേമമാണെന്നാണല്ലോ. മീൻ വിഭവങ്ങളുടെ രുചി കൊണ്ട് മാത്രം വിജയം കൈവരിച്ച ഒരു ഭക്ഷണശാലയാണ് എറണാകുളം നെട്ടൂരിലെ ദർബാർ റസ്റ്ററന്റ്. ഉച്ചയ്ക്ക് 12 മുതൽ രാത്രി വരെ ഇവിടെ നല്ല ഫ്രഷ് മീനുകൾ ആവശ്യക്കാരുടെ താൽപര്യമനുസരിച്ചു വറുത്തും ഗ്രിൽ ചെയ്തും നൽകും.

ദർബാർ സീ ഫുഡ് റസ്റ്ററന്റിലെ പ്രധാന വിഭവം കാളാഞ്ചി തന്നെയാണ്. ഉടമ ദിവ്യ വിപിന്റെ ഭാഷയിൽ പറഞ്ഞാൽ, ആ രുചിയാണ് ലഹരി. 21 ജീവനക്കാരും താനും ഉൾപ്പെടുന്ന ആ ഭക്ഷണശാലയുടെ ജീവനെന്നുതന്നെ ആ സ്പെഷൽ കാളാഞ്ചി രുചിയെ വിളിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. അതുതന്നെയാണ്, ആ രുചി ഇഷ്ടപ്പെട്ടില്ലെങ്കിൽ പണം തിരികെ നൽകുമെന്നു പറയാൻ അദ്ദേഹത്തിനു ധൈര്യം നൽകുന്നതും.

Representative Image. Photo Credit : Jimmy Kamballur
Representative Image. Photo Credit : Jimmy Kamballur

വ്യത്യസ്ത തരത്തിലുള്ള മീൻ രുചികൾ  തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം. മസാല പുരട്ടി വച്ചിരിക്കുന്നവയിൽ കാളാഞ്ചി മാത്രമല്ല, ചെമ്പല്ലിയും ആവോലിയും കരിമീനും ഹമൂറും ചെമ്മീനും തുടങ്ങി എണ്ണിയാൽ തീരാത്തത്ര മീനുകൾ. മൽസ്യ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർ ഇവിടെയെത്തിയാൽ ഏതു രുചിക്കണമെന്ന ആശയക്കുഴപ്പത്തിലാകുന്നത്ര രുചി വൈവിധ്യം. 

fish-thappu-vechathu

സ്റ്റാർട്ടേഴ്സിലെ പ്രധാനി ദർബാർ സ്പെഷൽ മീൻ കൊണ്ടാട്ടമാണ്. കഷ്ണം മീനിൽ ഇവിടുത്തെ വിശേഷപ്പെട്ട മസാലകൾ ചേർത്ത് തയാറാക്കുന്നതാണിത്. കൂടെയാസ്വദിക്കാൻ മൊഹബത്ത് നിറച്ച സുലൈമാനിയും. കൂന്തൽ, കൊഞ്ച് എന്നിവയും സ്റ്റാർട്ടർ ആയി കഴിക്കാം. ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതലാണ് ഊണ്. മൂന്നു മണി വരെ ഊണ് വിളമ്പും. അഞ്ച് മണിക്ക് ശേഷമാണ് ഇവിടെ മൽസ്യ വിഭവങ്ങളുടെ ചാകര ആരംഭിക്കുന്നത്. ഫിഷ് അൽഫാമും വലിയ കൊഞ്ച് ബാർബിക്യു ചെയ്തതും മലബാർ രീതിയിൽ തേങ്ങയരച്ചു തയാറാക്കിയ നെയ്മീൻ കറിയും കക്ക ഫ്രൈ ചെയ്തതും ചെമ്മീൻ റോസ്റ്റും പൊരിച്ച മീനുകളും മീൻ തലക്കറിയും മീൻ മുളകിട്ടു വറ്റിച്ചതും തുടങ്ങി നീണ്ട നിര. കൂടെ കഴിക്കാൻ അപ്പവും പൊറോട്ടയും പുട്ടും. പൊറോട്ടയ്‌ക്കൊപ്പം ബീഫ് ഇല്ലേ എന്ന് ചോദിച്ചാൽ അതും ഇവിടെ ലഭിക്കും. ബീഫ് പള്ളിക്കറിയാണ് മാംസ വിഭവങ്ങളിലെ പ്രധാനി.  

Image Source: AFZAL KHAN MAHEEN | Shutterstock
Image Source: AFZAL KHAN MAHEEN | Shutterstock

അമിതമായ മസാലകളോ എരിവോ ഇല്ലാത്തതു കൊണ്ടുതന്നെ കുട്ടികൾക്കും ആസ്വദിച്ചു കഴിക്കാം. മിതമായ വില മാത്രമേ മൽസ്യ വിഭവങ്ങൾക്കുള്ളൂ എന്നതും എടുത്തു പറയേണ്ടതാണ്. വൈകുന്നേരങ്ങളിൽ കുടുംബവുമൊന്നിച്ചോ കൂട്ടുകാർക്കൊപ്പമോ രുചികരമായതും വ്യത്യസ്തവുമായ വിഭവങ്ങൾ ആസ്വദിക്കണമെന്നുണ്ടെങ്കിൽ ദർബാർ സീ ഫുഡ് റസ്റ്ററന്റ് മികച്ചൊരു ഓപ്ഷൻ തന്നെയാണ്.

English Summary:

Eatouts Darbar Seafood Restaurant Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com