എന്നും ഇടിയിറച്ചി കിട്ടുന്ന ഷാപ്പ്; ഇവിടുത്തെ സ്പെഷല് സൂപ്പർഹിറ്റാണ്
Mail This Article
ബീഫിന്റെ രുചി അറിഞ്ഞവർക്ക് ആ സ്വാദിനോളം ഇഷ്ടമുള്ള വേറൊന്നുമുണ്ടാകില്ല. എന്നാൽ പണ്ട്, ദിവസവും ബീഫ് ലഭിക്കുന്നത് കുറച്ചു ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടുതന്നെ അന്ന് പോത്തിറച്ചി കൂടുതൽ ലഭിക്കുമ്പോൾ വാങ്ങി ഉണക്കി സൂക്ഷിക്കുന്ന പതിവ് മിക്ക വീടുകളിലും ഉണ്ടായിരുന്നു. ഇന്ന് ആ രുചി പുതുതലമുറയ്ക്ക് അത്രയ്ക്ക് പരിചിതമല്ലെങ്കിലും ഉണക്കിയ ബീഫിലേക്കു മസാലകളും ചെറിയുള്ളിയുമൊക്കെ ചേർത്ത് തയാറാക്കുന്ന രുചികരമായ വിഭവം വിളമ്പുന്ന ഒരു ഷാപ്പുണ്ട് എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത്– അണ്ടിച്ചിറ ഷാപ്പ്. വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ടെങ്കിലും ഷാപ്പിലെ മിന്നും താരം ഇടിയിറച്ചി തന്നെയാണ്. ഇടിയിറച്ചിയുടെ രുചി ഇനിയും അറിയാത്തവർക്കും ഇതിനു മുൻപ് കഴിച്ചിട്ടുള്ളവർക്കും ആ സ്വാദറിയണമെങ്കിൽ അണ്ടിച്ചിറ ഷാപ്പിലെത്തിയാൽ മതി. ഒഴിവുദിവസം കുടുംബവുമായി പോകാൻ പറ്റിയിടമാണ് ഇവിടം.
എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കാക്കൂരിലാണ് ഷാപ്പ്. തനിനാടൻ വിഭവങ്ങൾ തന്നെയാണ് ഇവിടുത്തെയും ആകർഷണം. മൽസ്യ വിഭവങ്ങൾ മാത്രമല്ല, ഇടിയിറച്ചിയും പോർക്കും ബീഫുമൊക്കെ ഇവിടെ തയാറാക്കുന്നുണ്ട്. കറികളൊക്കെ കൂട്ടി കഴിക്കാനായി പാലപ്പവും കപ്പയുമുണ്ട്. നിത്യഹരിത ജോഡിയായ കപ്പ– മീൻകറിയിൽനിന്നു തന്നെ രുചി ആസ്വദിക്കണം.
ചുവപ്പൻ അഭിവാദ്യങ്ങളുമായി കടന്നു വരുന്ന ആ മീൻകറി, കപ്പയ്ക്കു മുകളിലേക്ക് ഒഴിയ്ക്കാം. കുടമ്പുളിയുടെ പുളിയും മണവുമാണ് ആദ്യത്തെ ആകർഷണം. നല്ല എരിവും പാകത്തിന് ഉപ്പും കൂടി ചേരുമ്പോൾ മീൻകറി വേറെ ലെവലായി മാറും. ഇടയ്ക്കൊന്നെടുത്തു നാവിൽ വയ്ക്കാൻ നല്ല കൂന്തലും ചെമ്മീനും ഞണ്ടും പോർക്കുമൊക്കെ റോസ്റ്റ് ചെയ്തതുണ്ട്.
കൂന്തലും ചെമ്മീനും ഞണ്ടും
വിഭവങ്ങളെല്ലാം തയാറാക്കുന്നതിലും ഈ ഷാപ്പിൽ ചില പ്രത്യേകതകളുണ്ട്. കൂന്തലും ചെമ്മീനും ഞണ്ടുമൊക്കെ വറുത്തു കോരിയതിനു ശേഷമാണ് മസാലകളും വെളുത്തുള്ളിയും ഇഞ്ചിയും സവാളയും പച്ചമുളകും കറിവേപ്പിലയും കുടമ്പുളിയുടെ ജൂസുമൊക്കെ ചേർത്തു നല്ലതുപോലെ റോസ്റ്റ് ചെയ്തെടുക്കുന്നത്. മുകളിൽ തൂവിയ ചതച്ച മുളകിന്റെ മണവും എരിവും കൂടി ചേരുമ്പോൾ വിഭവങ്ങളുടെയെല്ലാം രുചി ഒരു പടി കൂടി മുകളിൽ നിൽക്കും. ഇവ മാത്രമല്ല, വറുത്ത കാടയും ഇവിടെ നിന്നും നിർബന്ധമായും കഴിച്ചിരിക്കേണ്ട വിഭവമാണ്. വെളിച്ചെണ്ണയിൽ മുക്കി പൊരിച്ചെടുക്കുന്ന കാട കറുമുറെ കടിക്കാം. ആടയാഭരണങ്ങൾ പോലെ കാടയിറച്ചിയുടെ മുകളിൽ വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയുമൊക്കെ വറുത്തിട്ടിട്ടുണ്ട്.
ഷാപ്പിലെ സ്പെഷൽ അപ്പിയറൻസ് മേൽപറഞ്ഞ വിഭവങ്ങളൊന്നുമല്ല, അത് ഇടിയിറച്ചിയാണ്. ഉണക്കി സൂക്ഷിച്ച ഇറച്ചിയിൽ ചതച്ച മുളകും മറ്റു കൂട്ടുകളുമൊക്കെ ചേർത്ത് വെളിച്ചെണ്ണയിൽ തയാറാക്കുന്ന ഈ രുചി സാമ്രാട്ട്, ഷാപ്പിലെത്തുന്നവർ ഒന്ന് രുചിച്ചു നോക്കാതെ പോകുകയില്ലെന്നാണ് ഇവിടെത്തുന്ന സ്ഥിരം സന്ദർശകർ പറയുന്നത്. ഗൃഹാതുരത്വത്തിന്റെ ഓർമകൾ കൂടി ചേരുമ്പോൾ ആ ഇടിയിറച്ചി ഷാപ്പിലെ നായകനാകും. ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒരു മാന്ത്രികക്കൂട്ടാണിത്. ഇതെല്ലാം ആസ്വദിക്കണമെന്നുള്ളവരെ അണ്ടിച്ചിറ ഷാപ്പ് ഒരിക്കലും നിരാശപ്പെടുത്തുകയില്ല.