പൊരിച്ച മീനുകളും കല്ലുമ്മക്കായയും സ്പെഷൽ; 65 രൂപയ്ക്ക് അടിപൊളി ഉൗണ്
Mail This Article
വറുത്ത മീൻ വിഭവങ്ങളുടെ നീണ്ട നിര. അതും കല്ലുമ്മക്കായയും സ്പെഷലുകൾ. ഒപ്പം തോരനും ചമ്മന്തിയും മൂന്നുതരം ഒഴിച്ചുകറികളും കൂട്ടി ഊണ്. ഉച്ചയ്ക്ക് അംബിക മെസിലെ തിരക്കു കണ്ടാലറിയാം ഈ ഊണിന്റെ സ്വാദ്.
കോഴിക്കോട്, അരയടത്തു പാലം ഗോകുലം മാളിന്റെ അരികിലൂടെ പോയാൽ പുതിയതറയിലാണ് അംബിക മെസ്. ഊണാണ് ഇവിടുത്തെ സ്പെഷൽ. ചോറിനൊപ്പം സാമ്പാറും മീൻ കറിയും വിവിധ പച്ചക്കറികൾ ചേർത്തുള്ള ഒരു കറിയും തോരനും അച്ചാറും ചമ്മന്തിയും. ഓരോ വിഭവവും രുചിയിൽ ഒന്നിനൊന്നു മികച്ചതാണ്. 65 രൂപയാണ് ഊണിനു വില. അയലയും കല്ലുമ്മക്കായയും പൊരിച്ചതും ചെമ്പല്ലിയുമൊക്കെ സ്പെഷലുകളാണ്. നല്ല മസാല ചേർത്ത് പൊരിച്ചെടുക്കുന്ന ഫ്രഷ് മീനുകൾ ചൂടു ചോറിനും കറികൾക്കുമൊപ്പം കഴിക്കുമ്പോൾ രുചി ഇരട്ടിയാകുമെന്നാണ് ഇവിടുത്തെ സ്ഥിരം സന്ദർശകരുടെ അഭിപ്രായം.
സ്പെഷൽ മസാല ചേർത്ത് പൊരിച്ചെടുക്കുന്ന അയലയ്ക്ക് 90 രൂപയാണ്. ലഭ്യത അനുസരിച്ചാണ് മീനുകൾ അതിഥികൾക്കു മുന്നിലേക്കെത്തുന്നത്. വാഴയിലയിലാണ് ചെറുമണി ചോറ് വിളമ്പുന്നത്. ഓരോ ദിവസവും പല തോരനുകളാണ്. ചെമ്മീനും തേങ്ങയും ചേർത്ത് തയാറാക്കുന്ന ചമ്മന്തിയുടെ രുചിയും ഗംഭീരം തന്നെയാണ്. ഒഴിച്ചു കൂട്ടാൻ ആദ്യം വരുന്നത് സാമ്പാറാണ്. കൂടെ മീൻ കറിയും. പലതരം പച്ചക്കറികളും പരിപ്പും ചേർത്ത് വയ്ക്കുന്ന കറിയാണ് ചോറിനൊപ്പമുള്ള താരം.
ഊണാണ് അംബിക മെസ്സിൽ പ്രധാനമായും വിളമ്പുന്നത്. രാവിലെ പതിനൊന്നു മണിയോടെ എല്ലാ വിഭവങ്ങളും തയാറാകും. പന്ത്രണ്ടോടെ ഊണ് വിളമ്പിത്തുടങ്ങും. പല തരം മൽസ്യങ്ങൾ പൊരിച്ചത് കൂട്ടി ഊണ് കഴിക്കാൻ താൽപര്യമുള്ളവരുണ്ടെങ്കിൽ ഉറപ്പായും പരീക്ഷിക്കാവുന്നൊരിടമാണ് അംബിക മെസ്.