കൊടൈക്കനാലിൽ ഗുണാകേവ് മാത്രമല്ല, ഹിറ്റായ ഈ ഇടത്തേയ്ക്കും പോകണം; 33 വര്‍ഷത്തെ പാരമ്പര്യം നിറഞ്ഞ ബേക്കറി
Mail This Article
വേനല്‍ക്കാലമായതു കൊണ്ട് കൊടൈക്കനാല്‍ പോലെ തണുപ്പുള്ള ഇടങ്ങളിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. മാത്രമല്ല മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം ഹിറ്റായതോടെ ഇവിടേയ്ക്ക് സന്ദർശകരുടെ ഒഴുക്കും വർദ്ധിച്ചു. പ്രധാന ഷൂട്ടിങ് ലൊക്കേഷനുകളായ കൊടൈക്കനാലും ഗുണാകേവിലുമൊക്കെയാണ് സഞ്ചാരികൾ ഒരുപാട് എത്തിച്ചേരുന്നത്. സുന്ദര കാഴ്ചകള്‍ മാത്രമല്ല, അടിപൊളി രുചികളും ഇന്നാട്ടലുണ്ട്. ഇനി കൊടൈക്കനാല്‍ പോകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പോകേണ്ട ഒരിടമുണ്ട്, അതാണ് ഡെയ്‌ലി ബ്രെഡ് പേസ്ട്രി കോര്‍ണര്‍. പേരുപോലെ തന്നെ രുചികരമായ പേസ്ട്രികളാണ് ഇവിടുത്തെ സ്പെഷ്യല്‍. പേസ്ട്രികള്‍ മാത്രമല്ല, ഫിൽട്ടർ കോഫി, ചായ, ബ്രൗണികൾ, ക്രീം ബൺസ്, ഡോനട്ട്സ്, കുക്കികൾ, മിൽക്കി ബ്രൂ, ഹോട്ട് ചോക്ലേറ്റ്, ലെമൺ ടീ, പിറ്റ്സ എന്നിവയെല്ലാം ഇവിടെ കിട്ടും. സെവൻ റോഡ്‌സ് ജംഗ്‌ഷനു സമീപമുള്ള ഈ ബേക്കറിയില്‍ തിരക്കൊഴിഞ്ഞ നേരമില്ല.
കണ്ടുകഴിഞ്ഞാല്‍ സാധാരണ ഒരു ബേക്കറിയായി തോന്നുമെങ്കിലും ഇതിനു പിന്നില്‍ 33 വര്‍ഷത്തെ നിരന്തര പരിശ്രമത്തിന്‍റെ കഥയുണ്ട്. ബേക്കറിക്ക് അഞ്ച് കിലോമീറ്റർ അകലെ, വിൽപാട്ടി ഗ്രാമത്തിലാണ് ഇതിന്‍റെ കഥ ആരംഭിക്കുന്നത്. കൊടൈ നിവാസികളായ മീനാക്ഷി, സഹോദരനായ പ്രസന്ന എന്നിവര്‍ ചേര്‍ന്നാണ് 1991 ല്‍ ഈ ബേക്കറി ആരംഭിച്ചത്.
33 വര്‍ഷത്തെ പാരമ്പര്യം നിറഞ്ഞ രുചിയിടം
1948 ൽ കൊടൈക്കനാലിലേക്ക് താമസം മാറിയ, മീനാക്ഷിയുടെയും പ്രസന്നയുടെയും പിതാവായ ഡോ. ഘോഷ് ഒരു ലോകപ്രശസ്ത ഓസ്റ്റിയോപ്പത് ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ റോഷൻ ഘോഷ്, വാജിഫ്ദാർ സിസ്റ്റേഴ്‌സ് ട്രയോയുടെ ഭാഗമായ പ്രശസ്ത ഭരതനാട്യം നർത്തകിയായിരുന്നു. പ്രസൻ്റേഷൻ കോൺവെൻ്റിലെയും കൊടൈക്കനാൽ ഇൻ്റർനാഷനൽ സ്‌കൂളിലെയും നൃത്താധ്യാപികയായ ശ്രീമതി ഘോഷ് ആയി റോഷന്‍ അറിയപ്പെട്ടപ്പോള്‍, 'ജിന്ന ഡോക്ടർ' എന്നായിരുന്നു ഡോ. ഘോഷിനെ ആളുകള്‍ വിളിച്ചിരുന്നത്. വഹർലാൽ നെഹ്‌റുവിനെപ്പോലുള്ള വിശിഷ്ട വ്യക്തികളെ ഈ വീട്ടില്‍ വച്ച് ചികിത്സിച്ചിട്ടുണ്ട് ഡോക്ടര്‍ ഘോഷ്.
ചികിത്സയില്‍ മാത്രമല്ല, പാചകത്തിലും കമ്പമുണ്ടായിരുന്നു ഡോക്ടര്‍ ഘോഷിന്. തന്‍റെ വീടിന്‍റെ നിലവറയില്‍ അദ്ദേഹം ഒരു വിറകടുപ്പ് നിര്‍മ്മിച്ചു. കാലങ്ങളോളം ഉപയോഗിക്കാതെ കിടന്ന ഈ അടുപ്പ്, അച്ഛന്‍റെ മരണശേഷം ഒരു പ്രാദേശിക ബേക്കറുടെ സഹായത്തോടെ പ്രസന്ന പൊക്കിയെടുത്തു. ഇവിടെ ആദ്യമായി ഉണ്ടാക്കിയ റൊട്ടി ജനപ്രിയമായതോടെ, എന്തുകൊണ്ട് ഒരു ബേക്കറി തുടങ്ങിക്കൂടാ എന്ന് പ്രസന്ന ചിന്തിച്ചു. അങ്ങനെ, അച്ഛന്റെ ആദർശങ്ങൾക്ക് അനുസൃതമായി, ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, ന്യായമായ വില നിലനിർത്തിക്കൊണ്ട് പ്രസന്ന ബേക്കറി ആരംഭിച്ചു. പുതിയ ഇനങ്ങൾ ചേർത്തും മികച്ച പാചകക്കുറിപ്പുകൾ തേടിയും ഓരോ ഇനവും അവയുടെ നിലവാരം ഏറ്റവും മികച്ചതാവുന്നത് വരെ പരീക്ഷിച്ചും മീനാക്ഷിയും ഒപ്പം കൂടി.
ഗോതമ്പ് മാവ്, പഞ്ചസാര, പാൽ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുന്നതിനാൽ, വില വല്ലാതെ കുറയ്ക്കുന്നത് പലപ്പോഴും പ്രായോഗികമല്ല. എന്നിരുന്നാലും വില വല്ലാതെ കൂട്ടാന്‍ ഇവര്‍ തയാറല്ല.
എല്ലാ ദിവസവും രാവിലെ 7 മണിക്ക് ബേക്കറി തുറക്കും. പിന്നീടങ്ങോട്ട് ഡെലിവറി വാനുകളില്‍ കയറ്റേണ്ട ഇനങ്ങള്‍ തയ്യാറാക്കുന്ന തിരക്കാണ്. രാവിലെ 9 മണിക്ക് കാപ്പിയും ചായയും, 10 മണിക്ക് പിസ, ക്രീം ബൺസ്, സാൻഡ്‌വിച്ചുകൾ, കേക്കുകൾ, കുക്കീസ്, ഉച്ചയ്ക്ക് 1.30 ന് ബ്രെഡ്, പനീർ, റോളുകൾ, വൈകുന്നേരം 3 മണിക്ക് പഫ്‌സും തേങ്ങാപ്പവുമെല്ലാം റെഡിയാകും. അന്നന്നുണ്ടാക്കുന്ന സാധനങ്ങള്‍ അന്നുതന്നെ തീരും, അടുത്ത ദിവസത്തേക്ക് സൂക്ഷിക്കുന്ന പതിവില്ല. മിച്ചമുള്ളത് ജീവനക്കാര്‍ക്ക് നല്‍കും.രുചിയില്‍ മാത്രമല്ല, വൃത്തിയുടെ കാര്യത്തിലും ബേക്കറി യാതൊരു വിട്ടുവീഴ്ചയുമില്ല. എല്ലാ ദിവസവും വില്‍പ്പന കഴിഞ്ഞാല്‍ കഠിനമായ വൃത്തിയാക്കലാണ്. അന്നന്നത്തെ വൃത്തിയാക്കല്‍ കഴിഞ്ഞ് മാത്രമേ കട അടയ്ക്കൂ.