ഈ തട്ടുക്കടയിൽ ട്രെൻഡാണ് തട്ട് പിത‍്സ; വാഴയിലയിൽ പൊള്ളിച്ച സ്പെഷൽ മീനും
Mail This Article
കാലദേശഭേദമെന്യേ പരീക്ഷണ വിഭവങ്ങൾ ഏറ്റവും കൂടുതൽ വിളമ്പുന്ന ഇടങ്ങളാണ് തട്ടുകടകൾ. അതിപ്പോൾ ഇന്ത്യയിലെ പ്രശസ്തമായ തെരുവോര കടകൾ ആയാലും വഴിയരികിലെ ഉന്തുവണ്ടികളിലായാലും വ്യത്യാസം ഒട്ടും തന്നെയുമില്ല. അത്തരമൊരു വിഭവമാണ് തട്ട് പിത‍്സ. പേരിൽ പിത‍്സ എന്നുണ്ടെങ്കിലും ദോശ തന്നെയാണ് വിഭവത്തിന്റെ അടിത്തറ. എന്തൊക്കെ ചേർത്താണ് തട്ട് പിത‍്സ തയാറാക്കുന്നതെന്നു നോക്കാം. കൂടെ ആ തട്ടുകടയിലെ സ്പെഷൽ ആയ മീൻ പൊള്ളിച്ചതിനെക്കുറിച്ചും കൂടുതലറിയാം.
ചെറുതട്ടുകടയെങ്കിലും രുചിയിൽ പഞ്ച നക്ഷത്ര ഹോട്ടലുകൾക്ക് ഒപ്പം നിൽക്കും ഇവിടുത്തെ വിഭവങ്ങൾ. മലപ്പുറം, പരപ്പനങ്ങാടിയിൽ നിന്നും താനൂർക്കു പോകുന്ന വഴിയിൽ മനയ്ക്കൽ അമ്പലത്തിനു എതിർവശത്തായാണ് ഈ തട്ടുകടയുടെ സ്ഥാനം. മറ്റുള്ള തട്ടുകടകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടുത്തെ വിഭവങ്ങൾ ഏറെ പ്രത്യേകത നിറഞ്ഞതാണ്.
രുചികരമായ മസാലയിൽ പൊള്ളിച്ചെടുക്കുന്ന ഫ്രഷ് മീനുകൾ തന്നെയാണ് ഇവിടുത്തെ ഹൈലൈറ്റ്. പൊള്ളിച്ചെടുക്കുന്നവയിൽ അയലയും കലവക്കോരയും ചെമ്പല്ലിയും അമോറും പോലുള്ള നിരവധി മീനുകളുണ്ട്. വാഴയിലയിൽ മസാലയിൽ പൊതിഞ്ഞു പൊള്ളിച്ചെടുക്കുന്ന മീനുകൾക്കൊപ്പം ചൂടുള്ള ദോശ കൂടി ചേരുമ്പോൾ രുചി കേമം തന്നെയാണ്.
ഏറെ പ്രത്യേകതകളുള്ള, ഒരു വിഭവം കൂടി ഈ തട്ടുകടയിൽ വിളമ്പുന്നുണ്ട്. തട്ട് പിത‍്സ എന്നാണ് പേര്. വലുപ്പത്തിൽ പരത്തുന്ന ദോശയ്ക്ക് മുകളിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ചതും കൂടെ പിച്ചിക്കീറിയ ചിക്കനും ക്യാപ്സിക്കവും ക്യാരറ്റും പോലുള്ള പച്ചക്കറികളും ചേർത്താണ് ഈ വിഭവം തയാറാക്കുന്നത്. ഒരുമിച്ചു ചേർത്ത് കഴിക്കുമ്പോൾ ഏറെ രുചികരമാണ് ഈ വിഭവവും. പൊള്ളിച്ചു തരുന്ന മീനുകളുടെ വലുപ്പമനുസരിച്ചാണ് വിലയീടാക്കുന്നത്. അയല പൊള്ളിച്ചതിനു 80 രൂപ വില വരുമ്പോൾ ചെമ്പല്ലിയ്ക്കു 400 രൂപയും വലുപ്പമനുസരിച്ചു അമോറിന് 400 മുതൽ 650 രൂപ വരെയും വിലയീടാക്കുന്നു. ഒരു തട്ട് പിസ രണ്ടു പേരുടെ വയറുനിറയ്ക്കും. രുചികരമായ ഈ പുതു പരീക്ഷണ വിഭവവും ഈ തട്ടുകടയിലേക്കു ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. 250 രൂപയാണ് തട്ട് പിസയുടെ വില.
ദോശയും പൊറോട്ടയും കപ്പയും ബീഫും പോർക്കുമാണ് നമ്മുടെ നാട്ടിലെ മിക്ക തട്ടുകടകളിലെയും പ്രധാനികൾ. മീൻ വിഭവങ്ങൾ വിളമ്പുന്നവ വളരെ ചുരുക്കവുമാണ്. രുചികരമായ പൊള്ളിച്ച മീനും കൂട്ടി ദോശ കഴിക്കണമെന്നുള്ളവർക്കു ഇനി ഈ തട്ടുകട തേടിയിറങ്ങാവുന്നതാണ്.