ADVERTISEMENT

എയര്‍പോര്‍ട്ടുകളില്‍ കുത്തിയിരിക്കുന്നത് ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. എത്ര ഇരുന്നാലും സമയം പോകില്ല എന്ന ഒരു പരാതിയുണ്ട് പലര്‍ക്കും. എന്നാല്‍ എയര്‍പോര്‍ട്ടുകളില്‍ സമയം പോകാനുള്ള ഒരു പ്രധാന വഴിയാണ് രുചികരമായ ഭക്ഷണം. പല എയര്‍പോര്‍ട്ടുകളിലും നല്ല കിടിലന്‍ ഭക്ഷണം കിട്ടും. 

Changi-Airport
Image Credit: TommL/Istock

മികച്ച ഭക്ഷണപാനീയങ്ങള്‍ ലഭിക്കുന്ന റസ്റ്ററന്റുകള്‍ സ്ഥിതിചെയ്യുന്ന വിമാനത്താവളങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്, പ്രശസ്ത ഫുഡ് വെബ്സൈറ്റ് ആയ ഫുഡ് ആന്‍ഡ്‌ വൈന്‍. 'ഗ്ലോബൽ ടേസ്റ്റ്മേക്കേഴ്സ്' എന്ന് പേരായ ഈ ലിസ്റ്റില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനൊന്നോളം എയര്‍പോര്‍ട്ടുകള്‍ ഉണ്ട്.

ചാംഗി എയർപോർട്ട്

ഭക്ഷണപാനീയങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഫുഡ് ആൻഡ് വൈൻ തിരഞ്ഞെടുത്തത് സിംഗപ്പൂരിലെ ചാംഗി എയര്‍പോര്‍ട്ട് ആണ്. ഇവിടെയുള്ള  ജ്യുവൽ ചാംഗി എയർപോർട്ട് റസ്റ്റോറന്‍റ്, ലെവൽ 1-ലെ റാമൻ സ്പോട്ടായ കിവാമി, ലെവൽ 3-ലെ ജംബോ സീഫുഡ്, ലെവൽ 2-ലെ സോർബോംബെ ആർട്ടിസനൽ ബേക്കറി എന്നിവയെല്ലാം ഏറ്റവും മികച്ച ഭക്ഷണം  കിട്ടുന്ന ഇടങ്ങളാണ്.

ടോക്കിയോ-നരിറ്റ ഇൻ്റർനാഷനൽ എയർപോർട്ട്

ഈ എയര്‍പോര്‍ട്ടില്‍, ടെർമിനലിൽ നിന്ന് പുറത്തു പോലും പോകാതെ ജപ്പാനിലെ പാരമ്പര്യ പാചക വിസ്മയങ്ങൾ ആസ്വദിക്കാം. ടെർമിനൽ 1, ടെർമിനൽ 2 എന്നിവയിൽ പ്രവര്‍ത്തിക്കുന്ന സുഷി ക്യോട്ടാറ്റ്‌സുവും ടെർമിനൽ 2 ലെ ടെംപുര നിഹോൻബാഷി തമായിയുമെല്ലാം ഹൃദ്യമായ ഭക്ഷണം വിളമ്പുന്ന ഇടങ്ങളാണ്.

airport-turkey
Image Credit: kuremo/Istock

ദുബായ് ഇൻ്റർനാഷനൽ എയർപോർട്ട്

ആഡംബരങ്ങൾ വാഴുന്ന ദുബായ് ഇൻ്റർനാഷനൽ എയർപോർട്ടിനുള്ളിൽ നിലവാരമുള്ള ഒട്ടേറെ റസ്റ്ററന്റുകള്‍ ഉണ്ട്. ലേക്ലെയര്‍ ഡി ജീനീ, കോംപ്റ്റയര്‍ ലിബനൈസ്, ടെർമിനൽ 3-ലെ ഷേക്ക് ഷാക്ക് , ടെർമിനൽ 1-ലും 5-ലുമുള്ള പ്രെറ്റ് എ മാംഗർ എന്നിവ രാജ്യാന്തര രുചികളുടെ പറുദീസയാണ്‌.

ഹീത്രൂ എയർപോർട്ട്

dubai-airport
Image Credit: Paul Saad/Istock

ഫോർട്ട്നം & മേസൺ ബാർ, ഗോർഡൻ റാംസെ പ്ലെയിൻ ഫുഡ് എന്നിവയുൾപ്പെടെയുള്ള സ്‌പോട്ടുകളുള്ള ടെർമിനൽ 5, ഹീത്രൂ എയര്‍പോര്‍ട്ടിലെത്തുന്ന ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമാണ്. ലഘുഭക്ഷണങ്ങള്‍ വിളമ്പുന്ന കാവിയാർ ഹൗസിലെയും പ്രൂണിയർ സീഫുഡ് ബാറിലെയും ആഡംബരപൂർണമായ ഭക്ഷണം വരെ, യുണൈറ്റഡ് കിംഗ്ഡത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ ഒട്ടേറെ അടിപൊളി റെസ്റ്ററൻ്റുകളുണ്ട്.

ഇസ്തംബുൾ എയർപോർട്ട്

യൂറോപ്പിന്റെയും ഏഷ്യയുടെയും രുചികളുടെ സമ്പൂര്‍ണ സങ്കലനമാണ് ഇസ്താംബൂളിലെ പുത്തന്‍ എയര്‍പോര്‍ട്ടിലെ റെസ്റ്ററൻ്റുകളില്‍ കാണുന്നത്.  9, 13 ഗേറ്റുകളില്‍ ഉള്ള സിമിത് സരായി ടർക്കിഷ് സ്ട്രീറ്റ് ഫുഡിൻ്റെ യഥാര്‍ഥ രുചിയുടെ ലോകത്തേക്ക് സന്ദര്‍ശകരെ കൊണ്ടുപോകും. ഇൻ്റർനാഷനൽ എയർസൈഡ് എബി പിയറിലെ ക്യുസിൻ അനറ്റോലിയയിലെ കബാബ്, റാക്ക് ഓഫ് ലാം തുടങ്ങിയ വിഭവങ്ങളും പ്രസിദ്ധമാണ്.

ആംസ്റ്റർഡാം എയർപോർട്ട് ഷിഫോൾ

airport-food
Image Credit: ugurhan/Istock

ഡച്ച് പാൻകേക്കുകള്‍ ഉൾപ്പെടെയുള്ള പരമ്പരാഗത വിഭവങ്ങൾ വിളമ്പുന്ന ഷിഫോൾസ് ഡച്ച് കിച്ചനും "ഷിഫോൾസ് ലിവിംഗ് റൂം" എന്ന് വിളിപ്പേരുള്ള കഫേ റെംബ്രാൻഡുമെല്ലാം ഷിഫോൾ വിമാനത്താവളത്തിലെ പ്രിയ ഭക്ഷണകേന്ദ്രങ്ങളാണ്. 

ഇവ കൂടാതെ, ജോൺ എഫ്. കെന്നഡി ഇൻ്റർനാഷനൽ എയർപോർട്ട്,  ഹാർട്‌സ്‌ഫീൽഡ്-ജാക്‌സൺ അറ്റ്‌ലാൻ്റ ഇൻ്റർനാഷനൽ എയർപോർട്ട്, സാൻ ഫ്രാൻസിസ്കോ ഇൻ്റർനാഷനൽ എയർപോർട്ട്, വാൻകൂവർ ഇൻ്റർനാഷനൽ എയർപോർട്ട് എന്നിവയും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട എയര്‍പോര്‍ട്ടുകള്‍ ആണ്.

English Summary:

The world’s best airports for food and drink

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com