ADVERTISEMENT

കേക്കെന്നു വച്ചാല്‍ മധുരപ്രേമികള്‍ക്ക് ജീവനാണ്. ചായക്കടയില്‍ കിട്ടുന്ന വെട്ടുകേക്ക് മുതല്‍ ലക്ഷങ്ങള്‍ വിലയുള്ള കേക്കുകള്‍ വരെ നീളുന്ന ആ ലോകം ഓരോ ദിവസം കൂടുന്തോറും വലുതായിക്കൊണ്ടിരിക്കുകയാണ്. മാറ്റങ്ങളെത്ര വന്നാലും പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ മലയാളികളുടെ മനംകവര്‍ന്ന കേക്കുകള്‍ കിട്ടുന്ന ഒരു കടയുണ്ട് കൊച്ചിയില്‍, അതാണ്‌ കുഞ്ചൂസ് ജാം റോള്‍സ്.

ആ കഥ ഇങ്ങനെ

1931 വരെ നീളുന്ന കഥയുണ്ട് ഈ ബേക്കറിക്ക്. തൃശൂരുകാരനായ കെ കെ കുഞ്ചു ആശാന്‍ കാഞ്ഞിരപ്പള്ളിയില്‍ തുടങ്ങിയ എസ് എ സി ബേക്കറിയുടെ തുടര്‍ച്ചയാണ് കുഞ്ചൂസ് ജാം റോള്‍സ്. വിദഗ്ദ്ധരായ ബ്രിട്ടീഷ് ബേക്കര്‍മാരില്‍ നിന്നും കേക്ക് ഉണ്ടാക്കാന്‍ പഠിച്ച ആളായിരുന്നു കുഞ്ചു ആശാന്‍. അക്കാലത്ത് മദ്രാസിലെ പ്രസിദ്ധമായ ബോസോട്ടോ ബേക്കറിയില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു.

jam-roll
Image Credit: Kunjus JamRolls/Facebook

പിന്നീട്, 1930 കളുടെ തുടക്കത്തില്‍, ബ്രിട്ടീഷുകാര്‍ തിരുവിതാംകൂറില്‍ വന്‍തോതില്‍ പ്ലാന്റേഷനുകള്‍ സ്ഥാപിച്ച സമയത്ത്, കേക്കുകളുടെ വിപണന സാധ്യത തിരിച്ചറിഞ്ഞ് കുഞ്ചുവാശാന്‍ നാട്ടിലെത്തി. കാഞ്ഞിരപ്പള്ളിയില്‍ അദ്ദേഹം സ്വന്തം ബേക്കിംഗ് യൂണിറ്റ് സ്ഥാപിച്ചു. 

kunjus-cake1
Image Credit:Kunjus JamRolls/Facebook

അന്ന് പൈനാപ്പിള്‍ കൃഷിക്ക് പേരുകേട്ട ഇടമായിരുന്നു തിരുവിതാംകൂര്‍. സ്വിസ്സ് റോള്‍സ് ഉണ്ടാക്കാന്‍ വിദഗ്ദനായിരുന്ന കുഞ്ചു ആശാന്‍, തന്‍റെ സ്വന്തം കഴിവ് ഉപയോഗിച്ച്  ഉണ്ടാക്കിയെടുത്ത ജാം റോള്‍സ് പെട്ടെന്ന് തന്നെ ഹിറ്റായി. അത് മാത്രമല്ല, പിന്നീട്, ലെമണ്‍ പേസ്റ്റ് വിവിധ ഫ്ലേവറുകളിലുള്ള സ്പെഷ്യല്‍ കേക്കുകള്‍ തുടങ്ങിയവയെല്ലാം അദ്ദേഹം ഉണ്ടാക്കി. 

kunjus
Kunjus JamRolls/Facebook

കുഞ്ചു ആശാന്‍റെ മകനായ ഡോ. ജയന്‍ ആണ് ഇപ്പോള്‍ കുഞ്ചൂസ് ജാം റോള്‍സ് നടത്തുന്നത്. ഭാരത് പെട്രോളിയത്തിലെ ജോലിയില്‍ നിന്നും വിരമിച്ച ശേഷം, കുടുംബത്തിന്‍റെ രുചിക്കൂട്ടിന്‍റെ വഴി പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളിയിലെ എസ് എ സി ബേക്കറിയും കുടുംബത്തിന്‍റെ കൂട്ടായ്മയില്‍ ഇപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രാദേശിക കര്‍ഷകരില്‍ നിന്നും സംഭരിച്ച പൈനാപ്പിള്‍, സ്ട്രോബെറി എന്നിവ ഉപയോഗിച്ചാണ് ഇവിടെ കിട്ടുന്ന പല കേക്കുകളും ഉണ്ടാക്കുന്നത്. കൂടാതെ, ഗതാഗതത്തിനും പ്രാദേശിക സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഒട്ടേറെപ്പേര്‍ക്ക് ഈ സ്ഥാപനം വരുമാനമാര്‍ഗമാണ്. 

kunjus-cake3
Image Credit: Kunjus JamRolls/Facebook

സ്വിസ്സ് റോള്‍, ബോലോ ഡി കൊക്കോ, ഹമ്മിംഗ്ബേര്‍ഡ് കേക്ക്, ലെമണ്‍ ക്രീം കേക്ക് തുടങ്ങി വിദേശത്ത് വളരെയേറെ പ്രിയമുള്ള കേക്കുകള്‍ ആണ് ഇവിടെ ലഭിക്കുന്നത്. വിദേശരുചികള്‍ കുറഞ്ഞ വിലയിലും മികച്ച ഗുണമേന്മയിലും മലയാളികള്‍ക്കിടയിലും എത്തിക്കാന്‍ കഴിയുന്നു എന്നതാണ് കുഞ്ചൂസിന്‍റെ വിജയമെന്ന് ഡോ.ജയന്‍ പറഞ്ഞു.

കൊച്ചിയിലെ കാക്കനാടുള്ള സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലാണ് കുഞ്ചൂസ് ജാംറോള്‍സ് ഉള്ളത്. കൊച്ചിയിലും പരിസരത്തും ഉള്ളവര്‍ക്ക് വീടുകളില്‍ ഡെലിവറിയും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com