എണ്ണ തൊടാണ്ട് ചിക്കനാ...സംഭവം പൊളിച്ചൂട്ടാ കുപ്പണ്ണാ...
Mail This Article
ചിക്കനും മട്ടനും ഡ്രൈ ഫ്രൈ ആയി മേശയിലെത്തുമ്പോൾ കഴിക്കാനാകാതെ കൊതിയോടെ നോക്കുന്ന പലരുമുണ്ട്. പ്രത്യേകിച്ചും എണ്ണയെപ്പേടിക്കുന്നവർ. എണ്ണ ചേർക്കാതെ മട്ടനും ചിക്കനുമെല്ലാം ഡ്രൈ ഫ്രൈ ആക്കി വിളമ്പുന്നതു പലരും സ്വപ്നം കണ്ടിട്ടുമുണ്ട്. തമിഴ്നാട്ടിലെ ഈറോഡിൽ 60 വർഷം മുൻപു ഇറച്ചി വിളമ്പിയ ജൂനിയർ കുപ്പണ്ണ എന്ന ഹോട്ടൽ ചിക്കനും മട്ടനും പള്ളിപ്പാളയം സ്റ്റൈലിൽ വിളമ്പിയതു എണ്ണയില്ലാതെയാണ്. ഇന്നും അവരുടെ മെനുവിലെ തിരക്കേറിയ ഇനം പള്ളിപ്പാളയമാണ്.
തമിഴ്നാട്ടിലും വിദേശത്തുമായി 46 ഹോട്ടലുകളുള്ള ജൂനിയർ കുപ്പണ്ണ തൃശൂരിലെത്തിയത് അടുത്ത കാലത്താണ്. പൂങ്കുന്നത്തുനിന്നും പുഴയ്ക്കൽ പാടത്തേക്കു പോകുന്ന വഴിക്ക് ഇടതുവശത്താണ് കുപ്പണ്ണയുടെ ഹോട്ടൽ. വെജിറ്റേറിയനും ഉണ്ടെങ്കിലും ഇതു നോൺ വെജിറ്റേറിയൻ സ്റ്റൈൽ ഹോട്ടലാണ്. മട്ടനും ചിക്കനും മീനുമെല്ലാം തമിഴ്നാട് ശൈലിയിലാണു പാകം ചെയ്യുന്നത്. കുപ്പണ്ണയുടെ അടുക്കള പൂർണമായും നിയന്ത്രിക്കുന്നത് സ്ത്രീകളാണ്. എല്ലാ പാചകക്കാരും സ്ത്രീകൾതന്നെ. ആർക്കും കയറിച്ചെന്നു കാണാവുന്ന അടുക്കളയാണിത്. അത്രയേറെ വൃത്തിയിൽ സൂക്ഷിച്ചിരിക്കുന്നു. വീട്ടിലെ അടുക്കളപോലെത്തന്നെ.
മട്ടൻസൂപ്പ്, ലിവർ,ബ്രെയ്ൻ,കോല, ഉണ്ട,ചുക്ക തുടങ്ങി മട്ടനിൽ മാത്രം വിഭവങ്ങൾ പലതാണ്. ഇതേ വിഭവങ്ങൾ ചിക്കനിലുമുണ്ട്. എല്ലാം തനി തമിഴ് സ്റ്റൈൽ മസാലയിൽ. ഈറോഡിലാണ് എല്ലാ ബ്രാഞ്ചിലേക്കുമുള്ള മസാല തയ്യാറാക്കുന്നത്.അതുകൊണ്ടുതന്നെ കുപ്പണ്ണയുടെ എല്ലാ ബ്രാഞ്ചിലും ഒരേ രുചിയായിരിക്കും.
കേരളത്തിൽ കിട്ടാത്ത തമിഴ് ദോശയായ ഈറോഡ് ദോശ വൈകിട്ട് 6 മുതൽ കിട്ടും. പുളിയില്ലാത്ത നാടൻ കൽദോശയാണിത്. നമ്മുടെ വീടുകളിലുണ്ടായിരുന്ന അതേ ദോശതന്നെ. കൊത്തു പൊറാട്ടപോലെയുള്ള തമിഴ് സ്പെഷൽ വിഭവങ്ങളുമുണ്ട്. മുട്ടയും ചിക്കനുമെല്ലാം കൊത്തു പൊറോട്ടയിൽ ചേർത്തു കിട്ടും.കലക്കി എന്നൊരു വിഭവമുണ്ട്.ദോശയിൽ മുട്ടയൊഴിച്ചു ഉടൻ തിരിച്ചെടുക്കുന്നതാണിത്.അതായത് പാതിവെന്ത മുട്ട ദോശകൊണ്ടു പൊതിഞ്ഞതുപോലെ.
ഊണിനും പ്രത്യേകതയുണ്ട്. മട്ടൻ,ചിക്കൻ,ഫിഷ് ഗ്രേവിയോടെയാണ് ഊണ് തരുന്നത്. ഫിഷ് കറിക്കു പുറമേയാണിത്. ഒരു മുട്ടയുടെ കറിയും നോൺ വെജിറ്റേറിയൻ ഊണിനു കൂട്ടായുണ്ട്. വെജിറ്റേറിയൻ ഊണിൽ പതിവു വെജ് വിഭവങ്ങൾ തന്നെ. മട്ടൻ, ചിക്കൻ, ഫിഷ്, വെജ് തുടങ്ങി ഏതു ബിരിയാണിയും ഹാഫായി കിട്ടും. പണം കൊടുത്തു വെറുതെ ബാക്കിവച്ചു പോകേണ്ടതില്ല.കേരളത്തിലേക്കു വന്നപ്പോൾ ജൂനിയൻ കുപ്പണ്ണ ശ്രദ്ധയൂന്നിയ വിഭവങ്ങളിലൊന്നു തന്തൂരിയും ഫ്രൈഡ് റൈസുമാണ്. കേരളം ചൈനീസ് വിഭവങ്ങളെ വല്ലാതെ സ്നേഹിക്കുന്നുവെന്നാണു ജൂനിയർ കുപ്പണ്ണയുടെ അനുഭവം പറയുന്നത്.
ചെട്ടിനാടിന്റെയും തമിഴ് നോൺവെജിറ്റേറിയന്റെയും രുചി അവരുടെ തനതായ രുചിയാണ്.അതിന്റെ മാറ്റുകുറയാതെയാണു വർഷങ്ങളായി ചെട്ടിനാടും ഈറോഡുമെല്ലാം അവരുടെ രുചി വിളമ്പിക്കൊണ്ടിരിക്കുന്നത്.
ഭക്ഷണത്തിലെ ചൈനീസ്, അറബ് കയ്യേറ്റത്തിനുപോലും അവയെ തകർക്കാനായിട്ടില്ല. തമിഴ്നാട്ടിലെ നോൺ വെജിറ്റേറിയൻ റസ്റ്ററന്റ് ചെയിനുകളുടെ കേരളത്തിലെ ആദ്യ കാൽവയ്പ്പുകൂടിയാണിത്.