ബീഫ് വിന്താലു എങ്ങനെ കൊച്ചിക്കാരുടെ മനം കവർന്നു?
Mail This Article
പോർച്ചുഗലിൽനിന്നുകടൽ കടന്നെത്തിയ അതീവരുചികരമായ ഒരു വിഭവമാണ് ബീഫ് വിന്താലു. നമ്മുടെ നാട്ടിലെ തീരമേഖലയിലെ വീടുകളിലെ പ്രിയരുചി. ആംഗ്ലോഇന്ത്യൻ ഗ്രാമങ്ങളിലെ തീൻമേശകളിൽ ബീഫ് വിന്താലു ഇല്ലാത്ത ഒരു ആഹാരനേരമില്ലെന്നു തന്നെ പറയാം. ഉണ്ടാക്കിക്കഴിഞ്ഞ് ദിവസങ്ങളോളം സൂക്ഷിച്ചുവയ്ക്കാവുന്ന ഒരു വിഭവം കൂടിയാണിത്. ദിവസം ചെല്ലുന്തോറും രുചികൂടും എന്നതു തന്നെ പ്രത്യേകത. ഫ്രിജിന്റെ ആവശ്യമില്ല. മൺചട്ടിൽ നന്നായിമൂടി എടുത്തു വയ്ക്കുക. ചോറിനും മറ്റു പലഹാരങ്ങൾക്കുമെല്ലാം ഒരുപോലെ വഴങ്ങും ഈ രുചികേമൻ. ബീഫ് കഴിക്കുമ്പോൾ സാധാരണ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ ഒരു പരിധിവരെ ബീഫ് വിന്താലു തടഞ്ഞു നിർത്തുന്നു. കടുക്, മുരിങ്ങത്തൊലി എന്നിവയുടെ സാന്നിധ്യമാണ് അതിനു കാരണം.
നെയ്യ് കുറഞ്ഞ ബീഫ് വലിയ കഷണങ്ങളാക്കിയത്- അരക്കിലോ
1.കടുക്- 4 ടീസ്പൂൺ
2.മഞ്ഞൾപ്പൊടി- അരടീസ്പൂൺ
3.മുളകുപൊടി- രണ്ട് ടേബിൾ സ്പൂൺ
4.കറുവാപ്പട്ട- 3 എണ്ണം(ചെറുത്)
5.കരയാമ്പൂ- 3 എണ്ണം
6.ഏലം- 5 എണ്ണം
7.പെരുഞ്ചീരകം- അര ടീസ്പൂൺ
8.വെളുത്തുള്ളി- 7 അല്ലി
9.ഇഞ്ചി- ചെറിയ കഷണം
10.മുരിങ്ങ മരത്തിന്റെ തൊലി- ചെറിയ കഷണം(ഇത് എല്ലായിടത്തും കിട്ടണമെന്നില്ല. അതിനാൽ നിർബന്ധവുമില്ല)
11.സവാള- 3 എണ്ണം
12.പച്ചമുളക് - 3 എണ്ണം
13.ഉപ്പ്- ആവശ്യത്തിന്
14.വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ
15. ഉള്ളി- നാല് എണ്ണം
16. കറിവേപ്പില- ആവശ്യത്തിന്
15.തേങ്ങാപ്പാൽ- കാൽക്കപ്പ്
ഒന്നുമുതൽ 10 വരെയുള്ള സാധനങ്ങൾ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ആവശ്യത്തിനു വിനാഗിരി ചേർത്ത് നല്ല കൊഴുത്ത പരുവത്തിൽ വേണം പേസ്റ്റ് ആക്കാൻ. സാവാള അരിഞ്ഞതും നെടുകെ കീറിയ പച്ചമുളകും ഉപ്പും ബീഫും ഈ പേസ്റ്റിലേക്ക് ഇട്ട് വെളിച്ചെണ്ണ ചേർത്ത് കുഴച്ച് 10 മിനിറ്റ് വയ്ക്കുക. മൺ ചട്ടിൽ ഇട്ട് കുഴച്ചുവയ്ക്കാൻ കഴിഞ്ഞാൽ നല്ലത്. ശേഷം ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് ഇതു വേവിച്ചെടുക്കുക. ബീഫ് വെന്തുകഴിഞ്ഞാൽ കാൽക്കപ്പ് തേങ്ങാപ്പാൽ ചേർക്കണം. തേങ്ങാപ്പാൽ തിളച്ചുവരുമ്പോൾ മുകളിലേക്ക് കൊത്തിയരിഞ്ഞ ഉള്ളിയും വേപ്പിലയും വിതറുക. ബീഫ് വിന്താലു തയാർ.
തയാറാക്കിയത് ശ്രീപ്രസാദ്