കാണുന്ന കൂണെല്ലാം പറിച്ചുകഴിക്കരുതേ!
Mail This Article
എത്രയോ കാലമായി കൂൺ അഥവാ മഷ്റൂം മലയാളികളുടെ പ്രിയരുചിയാണ്. കോണ്ടിനെന്റൽ വിഭവങ്ങളിൽ കൂണിന്റെ രുചിവൈവിധ്യങ്ങൾ കണ്ട് ഭക്ഷണപ്രിയർ അമ്പരക്കാറുണ്ട്. നാട്ടിൽ കൂൺകൃഷിയിലൂടെയാണ് കൂൺ വളർത്തിയെടുക്കുന്നത്. എന്നാൽ കാടിനകത്ത് സുലഭമായി വളരുന്ന വിഭവമാണ് കൂൺ. മരത്തടികളിലും വേരുകളിലും പാറകൾക്കിടയിലുമായി പലതരത്തിലുള്ള പല രുചിഭേദങ്ങളുള്ള കൂണുകൾ വളരുന്നുണ്ട്. അതുകൊണ്ട് ആദിമജനതയുടെ പ്രിയവിഭവങ്ങളിലൊന്നായി കൂൺ മാറിയതിൽ അദ്ഭുതവുമില്ല.
കുമിള്, കൂകെ, ആബെ,കുക,കുമിണു,അലുമ്പ്,കുമ്മായം എന്നിങ്ങനെ പല കാട്ടിലും പല പേരുകളിലാണ് കൂൺ അറിയപ്പെടുന്നത്. നമുക്ക് ആകെ ഒരു കൂൺ മാത്രമേ അറിയൂ. എന്നാൽ കാട്ടിൽ പ്രധാനമായും 16 ഇനം കൂണുകളാണ് പല വിഭാഗങ്ങളും കഴിക്കുന്നത്. കാണുന്ന കൂണെല്ലാം പറിച്ചുകഴിക്കാൻ കഴിയില്ല. ഭക്ഷ്യ യോഗ്യമായ കൂണുകളും ഭക്ഷ്യയോഗ്യമല്ലാത്തവയും തിരിച്ചറിയാൻ ഗോത്രജനതയ്ക്ക് അനുഭവസമ്പത്തുണ്ട്. പെരുമാട്ടിക്കുമിൾ, പിറ്റാംകുമിൾ, കങ്കണങ്കാലി കുമിൾ, താത് കുമിൾ, പുറ്റ്കുമിണു, മുതുകുമിണു, തരികുമിണു, പില്ലുകുമ്മൻ, ചക്കകുമ്മൻ, പെരിക്കാലികുമ്മൻ, മാറടാംബെ, കട്ടയാംബെ, കീക്കനാംബെ, പണ്ടറക്കുക, അരികുക, ചുണ്ടിമുക്കുക എന്നിവയാണ് പല ഗോത്രവിഭാഗങ്ങൾ കഴിക്കുന്ന രുചികരമായ കൂൺവിഭാഗങ്ങൾ. കരിയിലക്കൂൺ അഥവാ കുട്ടിക്കണ്ടം, കാക്കാണക്കാലി എന്ന വലിയ കൂൺ എന്നിവയയാണ് കാണി വിഭാഗക്കാരുടെ പ്രിയപ്പെട്ടവ.മുളങ്കാട് നശിച്ച ശേഷം അവിടെ വളരുന്ന കൂണിനെ മുളങ്കൂൺ എന്നാണ് വിളിക്കുക. കാട് വെട്ടിയശേഷം മുളച്ചുപൊന്തുന്ന കൂണിനെ കൂവക്കൂൺ എന്നാണു വിളിക്കുക.മരക്കുറ്റിയിൽ വളരുന്ന കൂണാണ് തുറ്റികൂൺ. ഏതു മരത്തിലാണോ കൂൺ വളരുന്നത്, ആ മരത്തിന്റെ പേരുചേർത്ത് മരക്കൂൺ അഥവാ കാതുകുമ്മൻ എന്നു വിളിക്കും. കയ്പുള്ള കൂണാണ് കരടിക്കുമ്മൻ. പുല്ലുകൾക്കിടയിൽ ഉണ്ടവുന്നവയാണ് പുല്ലുകുമ്മൻ. ഏപ്രിൽ മേയ് മാസങ്ങളിൽ ചക്കക്കാലത്ത് സുലഭമായ കൂണാണ് ചക്കക്കുമ്മൻ.പുറ്റുകളിൽ നിരനിരയായി കാണുന്ന കൂണാണ് അരിക്കുമ്മൻ. ചീഞ്ഞ ഇലകളിൽ വളരുന്ന കൂണിനെ ചവലക്കുമ്മൻ എന്നും വിളിക്കും.
ഗോത്രരുചി
പൊതുവെ എല്ലാ വിഭാഗം ഗോത്രക്കാരുമുണ്ടാക്കുന്ന കൂൺ വിഭവത്തിന്റെ രുചിക്കൂട്ട് ഇതാ: കൂൺ മുറിച്ചെടുക്കുന്നു. കാന്താരി മുളക് ഉപ്പുചേർത്ത് ചതച്ച് കൂൺ അതിൽ പൊത്തിയെടുക്കും.ഇതു വാഴയിലയിലോ മുളയിലയിലോ പൊതിഞ്ഞുവയ്ക്കും. അൽപനേരംകഴിഞ്ഞ് ഇത് ഇലയോടെ തീയിൽ ചുട്ടെടുക്കും. കൂണിൽ കാന്താരി അരച്ചുചേർത്ത് ഉപ്പും എണ്ണയും ചേർത്ത് വരട്ടിയെടുത്തും കഴിക്കും.