ADVERTISEMENT

വടകളിൽ രാജാവാണ് ഉഴുന്നുവട. ആവിപൊങ്ങുന്ന മസാല ദോശയുടെ അരികുപറ്റി ഇരിക്കാൻ അവകാശമുള്ളവൻ. മറ്റൊരു വടയും ആ സ്ഥാനത്ത് നമ്മൾ കണ്ടിട്ടില്ല. രൂപം കൊണ്ടും രുചികൊണ്ടും ആർക്കും ‘നിഷേധിക്കാൻ’ ആകാത്ത സാന്നിധ്യം. എണ്ണയിൽ മൊരിഞ്ഞ്, തവിട്ടു നിറത്തിൽ, വേപ്പിലത്തുമ്പ് പുറത്തേക്കു കാട്ടി, പതുപതുപ്പോടെ കൊതിപ്പിക്കുന്ന ഉഴുന്നുവട ദക്ഷിണേന്ത്യയുടെ സ്വന്തം പലഹാരമാണ്. മെദു വട എന്നാണ് ഉഴുന്നുവടയുടെ ശരിക്കുമുള്ള പേര്. മാർദവം എന്ന അർഥമുള്ള ‘മെദു’ എന്ന വാക്കിൽ നിന്നാണ് അതുണ്ടായത്. 

കർണാടകയാണ് ഉഴുന്നുവടയുടെ ജന്മദേശമെന്നു കരുതപ്പെടുന്നു. കന്നടയിൽ ഇതിനെ ഉദ്ദിന വടയെന്നു പറയുന്നു. ഉരദ് വട, ഉളുന്ത് വട എന്നൊക്കെ തമിഴിലും ഗരെലു എന്ന് തെലുങ്കിലും ഉഴുന്നു വട അറിയപ്പെടുന്നു. ഉഴുന്നിനൊപ്പം കറിവേപ്പില, പച്ചമുളക്, കുരുമുളക്, ഉള്ളി എന്നിവ ചേർത്താണ് ഉഴുന്നുവട ഉണ്ടാക്കുന്നത്. 

പൂജാ വേളകളിൽ നിവേദ്യത്തിനായി ഉപയോഗിക്കുന്ന ഉഴുന്നുവടയിൽ‌ ഉള്ളി ഉപയോഗിക്കാറില്ല. കേരളത്തിൽ ഉഴുന്നുവട അതിന്റെ തനതു രുചിയിൽ കഴിക്കുമ്പോൾ, മറ്റു സംസ്ഥാനങ്ങളിൽ തൈരിലും രസത്തിലും ഇട്ടുവച്ച ഉഴുന്നുവട വിളമ്പാറുണ്ട്. തൈര് വട, രസവട എന്ന് ഇവ അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിൽ ഇത് അൽപം എരിപൊരിയായിരിക്കുമ്പോൾ ഉത്തരേന്ത്യക്കാർ മധുരമുള്ള തൈരിലാണ് ഉഴുന്നുവട ചേർക്കുക. ദക്ഷിണേന്ത്യയിലെ പോലെ നടുവിൽ തുളയുള്ള ഉഴുന്നുവടയല്ല ഉത്തരേന്ത്യക്കാർ തൈരിൽ ഇട്ടുവയ്ക്കുക. ഉഴുന്നുവടയോളം പെരുമയും പേരും ഇല്ലെങ്കിലും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങൾക്കും സ്വന്തമായി പലതരം വടകളുണ്ട്. അതേ പറ്റി അടുത്ത ലക്കത്തിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com