ADVERTISEMENT

ചീരയില കൊണ്ട് കേക്ക് ഉണ്ടാക്കിയാൽ എങ്ങനെയിരിക്കും? സമൂസയിൽ തേൻ ചേർത്താൽ രുചി കൂടുമോ? കിണ്ണത്തപ്പം എങ്ങനെ വ്യത്യസ്തമാക്കാം?... ഭക്ഷണത്തിൽ പുതുമകൾ പരീക്ഷിച്ചു കൗതുകം കൂടി വിളമ്പുന്നതായി കുടുംബശ്രീ തൃശൂർ ജില്ലാ മിഷൻ സംഘടിപ്പിച്ച ‘മ്മ്ടെ രുചി പൂരം’ ജില്ലാതല പാചക മത്സരം. കുടുംബശ്രീ യൂണിറ്റുകളെ പങ്കെടുപ്പിച്ചു നടത്തിയ മത്സരത്തിൽ 12 യൂണിറ്റുകളിൽ നിന്നായി 36 പേരാണു പങ്കെടുത്തത്.

ചിലർ പരമ്പരാഗത ഭക്ഷണത്തിൽ പുതിയ രുചിക്കൂട്ടുകൾ പരീക്ഷിക്കുകയായിരുന്നെങ്കിൽ ചിലർ തീർത്തും വ്യത്യസ്തമായ ഭക്ഷണം തന്നെ പാചകം ചെയ്തു. കൂർക്കഞ്ചേരി കല്ല്യാണി കഫേ യൂണിറ്റ് ഒന്നാം സമ്മാനമായ 10,000 രൂപയും മുളങ്കുന്നത്തുകാവ് സെവൻ സ്റ്റാർസ് കഫേ യൂണിറ്റ് രണ്ടാം സമ്മാനമായ 5,000 രൂപയും കാറളം പുണ്യം കഫേ യൂണിറ്റ് മൂന്നാം സമ്മാനമായ 2,500 രൂപയും നേടി.

ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ ജി. ജയശ്രീ സമ്മാനദാനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.വി. ജ്യോതിഷ് കുമാർ അധ്യക്ഷത വഹിച്ചു. അസി. കോ ഓർഡിനേറ്റർ കെ. രാധാകൃഷ്ണൻ, ഫുഡ് ആൻഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് ചന്ദ്രശേഖരൻ, സ്യൂബി അലക്സ്, കെ.പി. അജയകുമാർ, ശോഭു നാരായണൻ എന്നിവർ പ്രസംഗിച്ചു.

വീട്ടിൽ പരീക്ഷിക്കാം ഈ ‌രുചികൾ

(‘മ്മ്ടെ രുചി പൂരം’ ജില്ലാതല പാചക മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവയുടെ പാചകക്കുറിപ്പ് ഇതാ)

ഒന്നാം സമ്മാനം

ഗ്രീനി സ്പീനിച് വിത്ത് കാഷ്യു പാൻ കേക്ക്

(കല്ല്യാണി കഫേ, കൂർക്കഞ്ചേരി – ദിവ്യ ഷാജി, സിജി സന്തോഷ്, ബിന്ദു ജനാർദനൻ)

വേണ്ട സാധനങ്ങൾ

  • ഗോതമ്പ് പൊടി– 1 കപ്പ്
  • പാൽ –മുക്കാൽ കപ്പ്
  • ചീര അരിഞ്ഞത്– അര കപ്പ്
  • മുട്ട– 2 എണ്ണം
  • അണ്ടിപ്പരിപ്പ്– 2 ടേബിൾ സ്പൂൺ
  • ചാട്ട് മസാല– അര ടീസ്പൂൺ
  • കുരകുമുളകു പൊടി– അര ടീസ്പൂൺ
  • ജീരകം– ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം: ചീര അരിഞ്ഞത് കുറച്ച് വെള്ളവും ഉപ്പും ചേർത്തു വേവിക്കുക. ഇതു നല്ല ജീരകപ്പൊടിയും ചാട്ട് മസാലയും ചേർത്ത് അരയ്ക്കുക. അരച്ചു വച്ച ചീരയിലേക്കു മറ്റെല്ലാ ചേരുവകളും ചേർക്കുക. 15 മിനിറ്റിനു ശേഷം ചൂടായി നോൺ സ്റ്റിക്ക് പാനിലേക്കൊഴിച്ചു ചുട്ടെടുക്കാം.

രണ്ടാം സമ്മാനം

ആരോഗ്യ സമൂസ

(സെവൻ സ്റ്റാർസ് കഫേ, മുളങ്കുന്നത്തുകാവ്)

∙വേണ്ട സാധനങ്ങൾ

  • മൈദ– 250 ഗ്രാം
  • ഉപ്പ്– ആവശ്യത്തിന്
  • തണുപ്പിച്ച വെള്ളം– ആവശ്യത്തിന്
  • ഓട്സ്– 50 ഗ്രാം
  • തേൻ– 2 ടീസ്പൂൺ
  • ഈന്തപ്പഴം– 6 എണ്ണം
  • പാൽപൊടി– 2 ടീസ്പൂൺ
  • ചോക്ലേറ്റ് വൈറ്റ്, ‍ഡാർക്ക്– 10 ഗ്രാം

ഉണ്ടാക്കുന്ന വിധം: മൈദ തണുത്ത വെള്ളവും ഉപ്പും ചേർത്തു കട്ടിയായി കുഴയ്ക്കുക. അതിനു ശേഷം സമൂസ ഷീറ്റ് ഉണ്ടാക്കി പാൻ വച്ച് ചൂടാക്കി എടുക്കുക. അവസാനം പറഞ്ഞ നാലു ചേരുവകൾ നിറച്ച് സൺ ഫ്ലവർ ഓയിൽ ഉപയോഗിച്ച് വറുത്തു കോരുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com