പാചകം ചെയ്യാൻ ചെറിയ അടുക്കളയും കുറച്ചു പാത്രങ്ങളും മതി: ലക്ഷ്മി നായർ
Mail This Article
വിവിധ നാടുകളിൽനിന്ന് പലപ്പോഴായി കിച്ചണിലേക്കു വാങ്ങിയ പാത്രങ്ങളും ക്യൂരിയോസും പരിചയപ്പെടുത്തുകയാണ് പാചക വിദഗ്ധ ലക്ഷ്മി നായർ തന്റെ പുതിയ വ്ലോഗിലൂടെ.
‘എനിക്ക് എപ്പോഴും പോഷ് കിച്ചൺ വേണമെന്നില്ല. ഭംഗി, യൂട്ടിലിറ്റി എന്നിവയൊക്കെ പ്രധാനമാണെങ്കിലും നാടൻ കിച്ചണിലും പോഷ് കിച്ചണിലും ജോലി ചെയ്യാൻ ഇഷ്ടമാണ്. ചെറിയ കിച്ചണും പാത്രങ്ങളും ഉണ്ടെങ്കിൽ ഞാൻ ഹാപ്പിയാണ്.’
പാചകം പാഷനാകുമ്പോൾ എവിടെ നിന്നും കുക്ക് ചെയ്യാം. എവിടെ പോയാലും എന്തെങ്കിലുമൊക്കെ അടുക്കളയിലേക്കു വാങ്ങുന്നയാളാണ് ലക്ഷ്മി. പല രാജ്യങ്ങളിൽനിന്ന് പലപ്പോഴായി വാങ്ങിയ കിച്ചൺ സാമഗ്രികൾ തന്റെ പുതിയ യൂട്യൂബ് കിച്ചണിലേക്ക് അടുക്കി വയ്ക്കുന്ന തിരക്കിലാണ് ലക്ഷ്മി.
‘കിച്ചൺ ഒരുക്കുന്ന വിഡിയോയാണ് ഇത്. വീടിന്റെ മൂന്നാം നിലയിലുള്ള കിച്ചണാണ്. L ഷെയ്പിലുള്ള ഇത് കുക്കിങ് വ്ലോഗ്സ് സ്പെഷൽ കിച്ചണാണ്. സ്പൈസസ് നിറയ്ക്കാൻ ഭംഗിയുള്ള കുപ്പികളും ചെറിയ ക്യൂരിയോസുമാണ് അടുക്കളയിലെ ഹൈലൈറ്റ്സ്. കുറഞ്ഞ വിലയുള്ള ഈ അടുക്കള സാമഗ്രികളെല്ലാം വിവിധ രാജ്യങ്ങളിലെ യാത്രകളിൽ സ്വന്തമാക്കിയതാണ്.
ധാരാളം സ്റ്റോറേജ് സ്പെയ്സുള്ള അടുക്കളയാണിത്. വിവിധ സ്ഥലങ്ങളിൽ പോകുമ്പോൾ, ആവശ്യമുണ്ടോ എന്നു നോക്കാതെ കൗതുകമുള്ള സാധനങ്ങൾ വാങ്ങുന്ന സ്വഭാവമുണ്ട്. അവയൊക്കെ ഇവിടെ ഉപയോഗപ്രദമായി. കിച്ചൺ അടുക്കുന്നതിന്റെ ആദ്യപടിയായി സ്പൈസസ് ഭംഗിയുള്ള ചില്ലുകുപ്പിയിൽ നിറച്ചു. പട്ട, ഗ്രാമ്പു, ഏലക്കാ, മല്ലി, കുരുമുളക് എല്ലാം കുപ്പികളിൽ നിറച്ച് അടുക്കിക്കഴിഞ്ഞു.
ബാംബൂസ്, കത്തികൾ, പേസ്ട്രി ബ്രഷ്, ബേക്കിങ് സാമഗ്രികൾ തുടങ്ങിയവ അടുക്കി വയ്ക്കുന്നതാണ് അടുത്ത ജോലി. ഭംഗിയുള്ള ചെറിയ ചോപ്പർ, സ്കേപ്പർ, ഗ്രേറ്റർ എല്ലാം അതാതിന്റെ സ്ഥാനത്തേക്ക്. സെറാമിക് പാത്രങ്ങൾ യാത്രകൾക്കിടെ വിവിധ രാജ്യങ്ങളിൽനിന്ന് പലപ്പോഴായി വാങ്ങിയതാണ്.’
പാചകത്തിൽ സന്തോഷം കണ്ടെത്തുന്ന ലക്ഷ്മിക്ക് കിച്ചൺ ക്യൂട്ട് ആക്കി വയ്ക്കാനും ഏറെ ഇഷ്ടമാണ്. പലതരം ഗ്രേറ്ററുകളുടെ കലക്ഷൻ ഇവിടെയുണ്ട്. അധികം വിലയില്ലാത്ത ചെറിയ സാമഗ്രികളാണ് ഇവയൊക്കെ. അടുക്കളയിൽ എന്തൊക്കെയുണ്ടെന്ന് കാണാൻ സ്ത്രീകൾക്ക് കൗതുകമുണ്ടാകുമെന്നും അതുകൊണ്ടാണ് ഈ വിഡിയോ ചെയ്തതെന്നും ലക്ഷ്മി പറയുന്നു.
വീശാത്ത പൊറോട്ട എളുപ്പം തയാറാക്കുന്ന വിഡിയോ പുതിയ കിച്ചണിൽ നിന്ന് ഉടൻ പ്രതീക്ഷിക്കാമെന്നു പറഞ്ഞാണ് വ്ലോഗ് അവസാനിക്കുന്നത്.