ഇങ്ങനെയും വെളുത്തുള്ളി പൊളിക്കാം; വിഡിയോ കണ്ടത് 2 കോടി ആളുകള്
Mail This Article
അടുക്കളയിലെ ചില ചെറിയ ചെറിയ ജോലികൾ കുഴപ്പിക്കുന്നതാണ്. ഉദാഹരണത്തിന്, വെളുത്തുള്ളി പൊളിച്ചെടുക്കുന്നത്. കാര്യം നിസ്സാരമെന്നു തോന്നുമെങ്കിലും അൽപം മെനക്കെട്ട ജോലിയാണെന്ന് ഒരിക്കലെങ്കിലും വെളുത്തുള്ളി പൊളിച്ചവർക്ക് അറിയാം. ചിലരുടെ ജീവിതം തന്നെ മാറ്റിമറിച്ചെന്ന് അവകാശപ്പെടുന്ന ഒരു ട്വിറ്റർ വിഡിയോയാണിപ്പോൾ ചർച്ചാവിഷയം. ഒരു വെളുത്തുള്ളി മുഴുവനോടെ കയ്യിലെടുത്ത് ഒാരോ അല്ലിയായി ഒരു കത്തികൊണ്ട് കുത്തി അടർത്തിയെടുക്കുന്നു, കൈയിൽ ഒട്ടിപ്പിടിക്കില്ല, അല്ലികൾ മുറിയാതെ കൃത്യമായി പൊളിഞ്ഞുവരികയും ചെയ്യും!... ‘ദാസാ ഈ ബുദ്ധിയെന്താ നേരത്തേ തോന്നാത്തത്’ എന്ന് വിഡിയോ കണ്ടവർ കണ്ടവർ ചോദിക്കുന്നു. അതേസമയം, നമ്മുടെ നാട്ടിൽ കിട്ടുന്ന ചെറിയ വെളുത്തുള്ളി ഇങ്ങനെ പൊളിക്കുന്നത് അൽപം പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു.
എന്തായാലും വെളുത്തുള്ളി പൊളിക്കുന്നത് ഇത്ര എളുപ്പമായ സ്ഥിതിക്ക് വെളുത്തുള്ളിയുടെ ചില ഔഷധഗുണങ്ങൾ കൂടി അറിയാം.
മൊരിച്ചെടുത്ത ഇറച്ചിക്കും മീനിനും രുചിയേറും. പക്ഷേ അവയ്ക്കു മുന്നിൽ സംയമനം പാലിക്കണം. കൊളസ്‌ട്രോൾ, കാൻസർ, ഡയബറ്റിസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യതാ പട്ടിക മുമ്പിലുണ്ട്. കരിഞ്ഞ മാംസപദാർഥങ്ങളിലെ പോളിസൈക്ലിക് ഹൈഡ്രോകാർബണുകളാണ് കാൻസറിനു കാരണമാകുന്നത്. ഇവയുടെ പ്രവർത്തനം തടഞ്ഞ് രോഗകാരികളെ ഒരുപാട് അകലേയ്‌ക്കു മാറ്റിനിർത്താൻ ഉളളിയും വെളുത്തുള്ളിയും ചേർത്ത സലാഡിനു കഴിയും.
വെളുത്തുള്ളിയെ സർവരോഗ സംഹാരിയായാണ് ചൈനീസ് ഔഷധഗ്രന്ഥങ്ങളിൽ പറയുന്നത്. ഒന്നോ രണ്ടോ ചുള വെളുത്തുള്ളി ദിവസവും രാവിലെ ചവച്ചരച്ചു കഴിക്കുക. കുടവയറും അമിത വണ്ണവും കുറയും. രക്‌തത്തിലെ കൊളസ്‌ട്രോളിന്റെ അളവു സാധാരണ നിലയിലെത്തും. പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും വെളുത്തുള്ളി സത്തിനു കഴിയും.
വെളുത്തുള്ളി ചവച്ചരച്ചു തന്നെ കഴിക്കണം. ചുട്ടും പുഴുങ്ങിയും ഉപ്പിലിട്ടും ഉപയോഗിക്കുമ്പോൾ വെളുത്തുള്ളിയിലെ എണ്ണ നഷ്‌ടപ്പെടുകയാണ്. അരയ്‌ക്കുമ്പോൾ എൻസൈമുകളുടെ പ്രവർത്തനത്താൽ എണ്ണയുണ്ടാകും. ഈ എണ്ണയാണ് യഥാർഥത്തിൽ രോഗസംഹാരി.
ശരീരത്തിലെ വിഷപദാർഥങ്ങൾ, അണുക്കൾ, വൈറസുകൾ തുടങ്ങിയവയെ നിയന്ത്രിക്കാൻ വെളുത്തുള്ളിക്കു കഴിവുണ്ട്. രക്‌തം അനാവശ്യമായി കട്ടിയാകുന്നതു തടയാനും കട്ടിയായ രക്‌തത്തെ അലിയിക്കാനും ഉള്ളിക്കു കഴിയും. വെളുത്തുള്ളിയും ഉള്ളിയും സ്‌ഥിരമായി കഴിക്കുന്നവരിൽ കൊളസ്‌ട്രോൾ നിയന്ത്രിച്ചുനിർത്തും. ഹൃദ്രോഗത്തിനു പ്രധാന കാരണമാകുന്ന രക്‌തസമ്മർദം കുറച്ചു നിർത്താം.
ആന്റി ഓക്‌സിഡന്റുകൾ ധാരാളമടങ്ങിയ കാരറ്റ്, കാബേജ്, ഉള്ളി, വെളുത്തുള്ളി, തക്കാളി, സോയാബീൻ തുടങ്ങിയവ ധാരാളമായി കഴിക്കുന്ന സ്‌ത്രീകളിൽ സ്‌തനാർബുദത്തിനുള്ള സാധ്യത കുറയും. വെണ്ണ, വെട്ടുനെയ്യ്, വെളിച്ചെണ്ണ തുടങ്ങിയവയുടെ അമിത ഉപയോഗംമൂലം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയാൻ ഉള്ളി വെളുത്തുള്ളി തൈലങ്ങൾക്കു കഴിയും. കൊഴുപ്പ്, മദ്യം തുടങ്ങിയവയോടൊപ്പം അഞ്ചു ശതമാനം ഉള്ളിയോ വെളുത്തുള്ളിയോ ചേർത്ത ഭക്ഷണം ഉപയോഗിച്ചാൽ ഇവയുടെ ദൂഷ്യങ്ങൾ തടയാനാകും. സ്‌ഥിരം സിഗരറ്റുവലിക്കാർക്കും ഉള്ളിയും വെളുത്തുള്ളിയും അടങ്ങിയ ഭക്ഷണക്രമം ശീലമാക്കാവുന്നതാണ്.
വെളുത്തുള്ളി സത്തിനു വൈറസ് രോഗങ്ങളെ ചെറുക്കാനാകുമെന്നു ചൈനയിലെ ഡോക്‌ടർമാർ പറയുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലീസിന് പെൻസിലിനു നശിപ്പിക്കാൻ കഴിയാത്ത പല രോഗാണുക്കളെയും നശിപ്പിക്കാനുള്ള കഴിവുണ്ടെന്നു കണ്ടെത്തി. പെൻസിലിൻ ക്ഷാമമുണ്ടായപ്പോൾ റഷ്യക്കാർ അലിസിനാണ് ധാരാളമായി ഉപയോഗിച്ചത്. തലച്ചോറിലെ രക്‌തതടസത്തെ വെളുത്തുള്ളിനീര് കുത്തിവച്ചു നീക്കിയിരുന്നതായും ചൈനക്കാർ പറയുന്നു.
വെളുത്തുള്ളിക്ക് ഔഷധപ്രാധാന്യമുള്ളതുകൊണ്ടു ചിലർ രാവിലെ അതു ചവച്ചിറക്കി ഒരു ഗ്ലാസ് വെള്ളവും കുടിച്ചു പ്രഭാതസവാരിക്ക് ഇറങ്ങാറുണ്ട്. ഉദരരോഗങ്ങൾ, ശ്വാസതടസ്സം, ആസ്‌മ എന്നിവയ്‌ക്ക് ഇതു മികച്ച ഔഷധമായി കരുതിവരുന്നു. വെളുത്തുള്ളിനീര് ചെവിവേദന അകറ്റാനും സഹായിക്കും.
കലവറക്കീടങ്ങൾക്കെതിരെയാണ് വെളുത്തുള്ളി ഏറെ ഫലപ്രദമായി കണ്ടിട്ടുള്ളത്. വെളുത്തുള്ളിയും ഗ്രാമ്പുവും ചേർത്തു ചതയ്‌ക്കുമ്പോൾ ഉണ്ടാകുന്ന വാതകം മിക്ക കലവറക്കീടങ്ങളെയും നിയന്ത്രിക്കാൻ പറ്റിയതത്രേ. അതുപോലെ കാബേജ്, ഉഴുന്ന്, പരുത്തി മുതലായവയെ ആക്രമിക്കുന്ന പുഴുക്കളെ നിയന്ത്രിക്കുവാനും വെളുത്തുള്ളിനീര് വെള്ളത്തിൽ നേർപ്പിച്ച് ഉപയോഗിക്കുന്നതു നന്നെന്നു കണ്ടെത്തിയിട്ടുണ്ട്.