'ഇന്നു ബിരിയാണി കഴിച്ചവൻ നാളെ'?....ഒരു ഭക്ഷണപ്രേമിയുടെ ആത്മകഥ
Mail This Article
ഒടുവിൽ കോട്ടയത്ത് നാലു കൊല്ലം നീണ്ട തേടലിനൊടുവിൽ അതു കണ്ടെത്തി– നല്ല ഒരു കഞ്ഞിക്കട! എല്ലാ വെള്ളിയാഴ്ചയും ബീഫ് ബിരിയാണി കഴിക്കാൻ പോയിരുന്ന ഹോട്ടൽ പ്ലാസയുടെ സമീപത്തു തന്നെയായിരുന്നു ഒറ്റമുറിക്കെട്ടിടത്തിലുള്ള ആ കട. ബിരിയാണി മണത്താൽ അന്ധനായിപ്പോയിരുന്ന ഞാൻ അതു കാണാൻ വൈകിപ്പോയി! ഉച്ചവെയിൽ പോലെ ചൂടുള്ള കഞ്ഞി കുടിച്ചപ്പോൾ നാവിലെ ഒരോ രസമുകുളങ്ങളുമതാ രോമാഞ്ചം കൊണ്ട് എഴുന്നേറ്റു നിന്ന് ഓരോ കഥ പറയുന്നു. ജീവിതത്തിലെ സ്വാദുകളുടെ ആത്മകഥ!
ചെറുപ്പത്തിലെ ഭക്ഷണകാര്യത്തിൽ ശർത്തും ഫർളും വിടാതെ തന്നെ പിന്തുടർന്നു പോന്നിട്ടുണ്ട്. അഞ്ചു വഖ്ത്തും നേരത്തിന് നിസ്കരിച്ചില്ലെങ്കിലും നീ അഞ്ചു നേരം വിടാതെ ഭക്ഷണം കഴിക്കുന്നുണ്ടല്ലോ എന്ന ഉമ്മായുടെ പ്രശംസ അതിനുള്ള സർട്ടിഫിക്കറ്റ്. ‘‘നല്ല മുരിങ്ങയില ഇട്ട പരിപ്പ് കറിയും എറച്ചി വരട്ടിയതും തന്നാൽ ഞാനിപ്പെന്തു ചെയ്യും’’ എന്നു പറയുമ്പോൾ എന്റെ വയറു നിറയും, ഉമ്മാന്റെ മനസ്സും നിറയും. രണ്ടു വാക്ക് പറഞ്ഞാൽ നാലു കഷ്ണം ഇറച്ചി കൂടി കിട്ടും. അതാണ് ടാക്റ്റിക്സ്!
തച്ചണ്ണ എൽപി സ്കൂളിൽ പഠിക്കുന്ന കാലത്ത് കൂട്ടുകാരനായ ഷാനിക്കലി ഒരു അൽഭുതപ്പഴം കൊണ്ടു വരും– മുട്ടപ്പഴം. ചക്കയും മാങ്ങയും മാത്രം കണ്ടു ശീലിച്ച എനിക്ക് മുട്ടയുടെ കുഞ്ചിയിൽ പഞ്ചാരയിട്ടതു പോലുള്ള അത് വലിയ അൽഭുതമായി. ഇപ്പോഴും ഏത് പഴം കഴിച്ചാലും ആ മുട്ടപ്പഴത്തിന്റെ സ്വാദിനൊപ്പം വരില്ല. അകാലത്തിൽ വിട പറഞ്ഞ ഷാനിക്കിന്റെ ഓർമകൾ കൂടിയുണ്ടതിൽ.
ജോലി ചെയ്തതും ജീവിച്ചതുമായ ഓരോ നാടുകളും മനസ്സിൽ തണുപ്പിച്ചു വച്ചിരിക്കുന്നത് ഓരോ രുചികളുമായി ചേർത്താണ്. ജനിച്ച നാടിനെക്കാളേറെ ദിവസം ജീവിച്ച കോഴിക്കോട്ട് അങ്ങനെ ഒന്നിലേറെ സ്ഥലങ്ങളുണ്ട്. ഉപ്പാന്റെ കൂടെ താമസിക്കുന്ന കാലത്തേ തുടങ്ങിയതാണ് നാലാം ഗേറ്റിൽ മാതൃഭൂമിക്കടുത്തുള്ള റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണിയോട് പെരുത്തിഷ്ടം. പക്ഷേ, ആ ബിരിയാണിയെ മറ്റൊരു ‘ലെവലാക്കിയത്’ പിന്നീട് കോഴിക്കോട് മനോരമയിൽ ഒന്നിച്ചു ജോലി ചെയ്തപ്പോൾ ശ്രീപ്രസാദ് പറഞ്ഞ വാക്കുകളാണ്: ‘‘നല്ല പഞ്ഞിമുട്ടായി പോലുള്ള ബീഫ് കഷ്ണങ്ങൾ. വായിലിട്ടാൽ അലിഞ്ഞു പോകുന്നതു പോലെ..! കോഴിക്കോടിന്റെ ആസ്ഥാന ഹോട്ടലായ പാരഗണിൽ ആകർഷിച്ചത് പക്ഷേ ബിരിയാണിയല്ല. അതിനു മുൻപേ വരുന്ന നല്ല പച്ചമാങ്ങ സാലഡാണ്. മാങ്ങയുടെ പുളിപ്പും വിനാഗിരിയുടെ ചവർപ്പുമെല്ലാമുള്ള ആ സാലഡ് ആദ്യമായി കഴിച്ചത് ജീവിതത്തിലെ രസങ്ങളോടൊന്നും നോ പറയാത്ത ഒരാളുടെ കൂടെയാണ്. അശ്വമേധം അവതാരകൻ സാക്ഷാൽ ഗ്രാൻഡ്മാസ്റ്റർ ജി.എസ് പ്രദീപ്. നല്ല മനോഹരമായ ചിത്രങ്ങളുള്ള ടേബിൾ പേപ്പർ തിരിച്ചിട്ട് അശ്വമേധം കളിച്ചും ചെറിയ മധുരമുള്ള ഡ്രാഗൺ ചിക്കൺ കഴിച്ചും ആ വൈകുന്നേരം ചിലവിടാൻ കേരളത്തിലെ ആധുനിക ക്വിസർമാരുടെ ഗുരുവായ സ്നേഹജ് ശ്രീനിവാസുമുണ്ടായിരുന്നു.
സ്നേഹജ് സാറിനൊപ്പമുള്ള ഏറ്റവും നല്ല ഫുഡ് മെമ്മറി പക്ഷേ അതല്ല. ബീച്ചിനോടു ചേർന്നുള്ള സീ ക്വീൻ ഹോട്ടലിന്റെ റൂഫ്ടോപ്പ് റസ്റ്റോറന്റിൽ ‘ചീസ് ക്രാബ് ഫ്രൈ’ കഴിക്കുന്നതാണ്. ഞണ്ടിന്റെ വയറു തുറന്ന് ഉള്ളിൽ ചീസ് നിറച്ചുള്ള സൊയമ്പൻ വിഭവം. കോഴിക്കോട്ട് നിന്ന് ട്രാൻസ്ഫർ ആയിപ്പോയതിനു ശേഷം ആ ‘രസ’ച്ചരടു പൊട്ടിയെങ്കിലും ഇപ്പോഴും മിസ് ചെയ്യാത്ത ഒരു വിഭവമുണ്ട്. റയിൽവേ സ്റ്റേഷനിലുള്ള പാരഗണിന്റെ സൽക്കാര ഹോട്ടലിൽ നിന്നുള്ള എരിഞ്ഞു പൊരിഞ്ഞ വെള്ളപ്പവും അയക്കൂറ കറിയും!
മനോരമയിൽ ട്രെയ്നിങ് കഴിഞ്ഞതിനു ശേഷം ആദ്യമായി പോസ്റ്റിങ് ആയ പാലക്കാട്ട് വച്ചാണ് ഏറ്റവും വിചിത്രമായ ഭക്ഷണങ്ങൾ കിട്ടിയത്. ഫൊട്ടോഗ്രാഫർ ധനേഷ് അശോകനാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം അധോലോകം പോലുള്ള ആ ഹോട്ടലിൽ കൊണ്ടു പോയത്. മീനിന്റെ പനഞ്ഞിൽ ഫ്രൈ, തവളക്കാൽ ഫ്രൈ തുടങ്ങിയ വിഭവങ്ങൾ അവിടെ കിട്ടിയിരുന്നു. ഇപ്പോഴുണ്ടോ ആവോ..?
പാലക്കാട്ടു നിന്ന് കൊല്ലത്തേക്കു പോയപ്പോൾ ജീവിതം ഏകാന്തമായതിനൊപ്പം ഭക്ഷണശീലങ്ങളും ഏകതാളത്തിലായി. ഒരു വലിയ തെറ്റുദ്ധാരണ മാറിയത് അവിടെ വച്ചാണ്. അതുവരെ ഏറ്റവും നല്ല മിൽക്ക് സർബത്ത് കിട്ടുന്നത് പാരഗൺ ഹോട്ടലിനു സമീപമുള്ള കടയിൽ നിന്നാണെന്നാണ് കരുതിയത്. കൊല്ലത്തെ കടക്കാർ അതു തിരുത്തി. മിൽക്ക് സർബത്തിൽ നല്ല ചെറീസും കിസ്മിസുമെല്ലാം ചേർത്ത് അവർ കളറാക്കി.
കോഴിക്കോട് കടന്നു വന്ന ഒരാൾക്ക് കോട്ടയം രുചിയുടെ കാര്യത്തിൽ ദാരിദ്ര്യമാണ്. കരിമീൻ, കണവ, കൊഞ്ച് എന്നെല്ലാം വമ്പു പറയുമെങ്കിലും അതെല്ലാം കുമരകത്തേക്ക് ദേശാടനപ്പക്ഷികളെപ്പോലെ വിദേശികളെ ആകർഷിക്കാനുള്ള ചൂണ്ടക്കൊരുത്ത് മാത്രമാണ്. സാധാരണക്കാരനെ തീറ്റിപ്പോറ്റുന്ന കാര്യത്തിൽ കോട്ടയം പോര. പക്ഷേ, എന്നിട്ടും രോഹിതിന്റെ കൂടെ തേടിനടന്ന് കുറേ സ്ഥലങ്ങൾ കണ്ടെത്തി. എന്നും രാവിലെ കഴിക്കാൻ പോകുന്ന അശ്വതി ഹോട്ടൽ ഒരു ശീലമായത് രുചി കൊണ്ടല്ല. അവിടുത്തെ ചേട്ടന്റെയും ചേച്ചിയുടെയും സ്നേഹം കൊണ്ടാണ്. കോട്ടയത്ത് കഴിച്ചതിൽ റാഹത്തുള്ള രണ്ടു വിഭവങ്ങളുണ്ട് ഒന്ന് പ്ലാസ ഹോട്ടലിലെ ബിരിയാണി, പിന്നെ കിൻസ് ഹോട്ടലിലെ ഫിഷ് മപ്പാസ്. നല്ല ചൂരക്കഷ്ണം കടിച്ചാൽ തേങ്ങാപ്പാലിട്ടു ചാലിച്ച മഞ്ഞച്ചാർ വായിൽ ഹോളി ആഘോഷിക്കും...
പലപ്പോഴും പച്ചപ്പട്ടിണിയായതിനാൽ സ്പോർട്സ് ഡെസ്കിൽ നിന്ന് ഓരോ അസൈൻമെന്റുകൾക്കായി പുറത്തു പോകുമ്പോഴും ഫുട്ബോൾ കാണാം എന്ന സന്തോഷത്തിനൊപ്പം നല്ല ഫുഡും കഴിക്കാമല്ലോ എന്ന ചിന്തയുമുണ്ട്. രണ്ടു കാര്യങ്ങളിലും ഏറ്റവും സംതൃപ്തി തോന്നിയ ട്രിപ്പുകളിലൊന്ന് ഗോവയിൽ ഫൊട്ടോഗ്രാഫർ വിഷ്ണുവിനൊപ്പം സന്തോഷ് ട്രോഫി റിപ്പോർട്ട് ചെയ്യാൻ പോയത്. എന്നും കളിക്കു പോകുന്നതിനു മുൻപ് പനജിയിലെ താമസസ്ഥലത്തിനുള്ള തൊട്ടടുത്തുള്ള റസ്റ്ററന്റിൽ നിന്ന് റവ പുരട്ടി പൊരിച്ച മീൻ കൂട്ടി പച്ചരിച്ചോർ, കളി കഴിഞ്ഞ് തിരിച്ചു വന്നതിനു ശേഷം രാത്രി പ്രോൺസ് റൈസ്. ചെമ്മീനും കൂട്ടി ചോർ. എന്താ ജീവിതം!
മലബാർ ബിരിയാണിയാണ് ലോകത്തിലെ ഏറ്റവും മികച്ചത് എന്ന് അഹങ്കരിച്ചു നിന്ന എന്നെ കൊൽക്കത്തയിൽ അണ്ടർ–17 ലോകകപ്പിനു പോയപ്പോൾ ഫൊട്ടോഗ്രാഫർ സലിൽ ബേറ മറ്റൊരു സ്ഥലത്തു കൊണ്ടു പോയി– അർസലാൻ ഹോട്ടൽ. നല്ല നാടൻ നെയ്യിന്റെ മണമുള്ള ബിരിയാണി. അതു കഴിഞ്ഞ് അടുത്തുള്ള അമുൽ ഔട്ട്‌ലെറ്റിൽ നിന്ന് ഒരു ബാദുഷ കുൽഫിയും കൂടി കഴിച്ചാൽ റാഹത്തായി. പിന്നെ മയ്യത്തായ പോലെ കിടന്നുറങ്ങാം! ടൂർണമെന്റ് കഴിഞ്ഞ് ശാന്തിനികേതനിൽ പോയി. അവിടെ തങ്ങിയ അന്നു രാത്രി സന്തോഷ് ഗുഹ പോലുള്ള ഒരു മാടക്കടയിൽ കൊണ്ടു പോയി. ചാണകമടുപ്പിൽ ചുട്ട റൊട്ടി പാളപ്പാത്രത്തിൽ. അതിപുരാതന കാലത്തേക്കു തിരിച്ചു പോയ പോലെ. സൂപ്പർകപ്പിനായി ഭുവനേശ്വറിൽ പോയപ്പോൾ സ്ട്രീറ്റ് ഫുഡ് ശരിക്കും പരീക്ഷിച്ചു. ഒപ്പമുണ്ടായിരുന്നത് ഭക്ഷണപ്രിയനായ ഫൊട്ടോഗ്രാഫർ റിജോ ജോസഫ് (ഈ ഫൊട്ടോഗ്രാഫർമാരുടെ ഒരു കാര്യം!)
റഷ്യയിൽ ലോകകപ്പിനു പോയപ്പോൾ അവിടെയുള്ള സകല ഫുഡും പരീക്ഷിക്കണമെന്ന ചിന്തയുമായി ചെന്ന എന്നെ ഞങ്ങൾക്ക് ആതിഥ്യമരുളിയ ഡോ. ഉണ്ണി ഡോക്ടർ ഞെട്ടിച്ചു. ദൊമെദോവോ എയർപോർട്ടിൽ നിന്ന് ഞങ്ങളെ കൂട്ടി ഫ്ലാറ്റിലേക്കു കൊണ്ടു പോയി അദ്ദേഹം ഭക്ഷണം തന്നു. നല്ല കുത്തരിച്ചോറും മീൻകറിയും. ആ ഞെട്ടൽ മാറിയത് ലുഷ്നികി സ്റ്റേഡിയത്തിലെ മീഡിയ കഫെയിൽ ചെന്നപ്പോഴാണ്. സാൽമൺ സാൻഡ്‌വിച്ച്, പാസ്ത വിത്ത് ടർക്കി ഫ്രൈ, ഒലിവ് കായ്കൾ, ചിക്കൻ ചിപ്പിലി പോലെ ചീന്തിയെടുത്തത്. എന്നും ഒരു അഞ്ഞൂറു റൂബിൾ അങ്ങനെ പോകും!
റഷ്യയിൽ നിന്നു കഴിച്ച ഏറ്റവും കിടിലൻ ഫുഡ് ലിയോ ടോൾസ്റ്റോയിയുടെ വീട്ടിൽ പോയി മടങ്ങുന്ന വഴി തുള പട്ടണത്തിൽ നിന്നു കഴിച്ചതാണ്. മടങ്ങുമ്പോഴേക്കും വൈകിട്ട് ആറു മണിയായി. ഇന്ത്യൻ സമയം എട്ടര. ഒരു മണിക്കൂറിനുള്ളിലെങ്കിലും ഫയൽ ചെയ്താലേ സ്റ്റോറി പിറ്റേന്നത്തെ പത്രത്തിൽ കയറൂ. ലാപ്ടോപ്പിൽ ചാർജും തീർന്നതിനാൽ തല പുകഞ്ഞ് അടുപ്പു പോലെയായി. എന്തു ചെയ്യും? ഒടുവിൽ രണ്ടും കൽപ്പിച്ച് ഡോ. ഉണ്ണിക്കൊപ്പം ഒരു പോഷ് ഹോട്ടലിൽ കയറി. ഒന്നാന്തരം മട്ടൻ സ്റ്റീക്ക് ഓർഡർ ചെയ്തു. ലാപ്പ് ചാർജ് ചെയ്തു സ്റ്റോറി തീർത്തപ്പോഴേക്കും പാത്രവും കാലി. ബില്ല് വന്നു– 2500 റൂബിൾ. ഒരു സ്റ്റോറിയുടെ വില!
ഇങ്ങനെയെല്ലാം ജീവിച്ച ഞാൻ ഇപ്പോൾ എന്താ കഴിക്കുന്നതെന്നു ചോദിക്ക് ഡാഡീ..
ഓഫിസിനടുത്തുള്ള കുഞ്ഞുമോന്റെ തട്ടുകടയിൽ നിന്ന് ഓംലെറ്റ്. വെറും ഓംലെറ്റ്!
അതാണ് ജീവിതം. ഇന്നു ബിരിയാണി കഴിച്ചവൻ നാളെ.