പാചകകഥകളുമായി കുട്ടികളെ കയ്യിലെടുത്ത് അമേരിക്കൻ മലയാളി; കലമതാസ് കിച്ചൻ
Mail This Article
പാചകം ഒരു നൈസർഗികവാസനയാണ്. കുട്ടികളിലെ പാചക അഭിരുചിയെ ഉണർത്താനും വളർത്തിയെടുക്കാനും മാതാപിതാക്കൾക്കു കഴിയും. വിഭവങ്ങൾ ബേക്ക് ചെയ്യുന്നതും ഫ്രൈ ചെയ്യുന്നതുമൊക്കെ ഇപ്പോൾ മിക്ക കുട്ടികൾക്കും പരിചിതവുമാണ്. പക്ഷേ അവ എത്രമാത്രം ശ്രമകരമാണെന്നും ശ്രദ്ധ വേണ്ടതാണെന്നും അവർ അറിയണമെന്നില്ല. കുട്ടികൾക്കായുള്ള പാചകപുസ്തകങ്ങൾ – ഒരു കഥ പോലെ അവർക്ക് ആസ്വദിക്കാൻ കഴിയുന്നവ– വിദേശരാജ്യങ്ങളിൽ സർവസാധാരണമാണ്. എന്നാൽ നമ്മുടെ രാജ്യത്ത് അത്തരം പുസ്തകങ്ങൾ സുലഭമല്ല.
ന്യൂയോർക്കിലെ മൻഹാറ്റനിലുള്ള ഫ്രഞ്ച് റസ്റ്ററന്റിലെ ബെർണാദിനിലെ സൊമെല്യെ (വൈൻ സ്പെഷലിസ്റ്റ്) സാറാ തോമസിന്റെ കലമതാ കിച്ചൻ എന്ന പുസ്തകപരമ്പര ഇങ്ങനെ കുട്ടികളിലെ പാചകതാൽപര്യം വളർത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കലമത എന്ന കൊച്ചുപെൺകുട്ടിയാണ് ഇതിലെ കേന്ദ്രകഥാപാത്രം. അവളുടെ സ്വപ്നങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. തന്റെ വീട്ടിൽ പ്രശസ്തരായ പാചകവിദഗ്ധരും ഷെഫുമാരും അതിഥികളായെത്തുന്നതാണ് അവളുടെ പതിവുസ്വപ്നം. ഓരോ അതിഥിയും കലമതയെ ഓരോ വിഭവമുണ്ടാക്കാൻ പഠിപ്പിക്കുന്നു. പുസ്തകത്തിനൊടുവിൽ ഒരു റസിപ്പിയുമുണ്ടാകും. പരമ്പരയിലെ മൂന്നു പുസ്തകങ്ങൾ ഇതുവരെ പുറത്തിറങ്ങിക്കഴിഞ്ഞു.
കുട്ടികളിൽ പാചകതാൽപര്യം വളർത്തുകയും പ്രശസ്തരായ പാചകവിദഗ്ധരെ പരിചയപ്പെടുത്തുകയുമാണ് ഇതിന്റെ ലക്ഷ്യം. പുസ്തകം മാത്രമല്ല, കലമതാസ് കിച്ചൻ എന്ന പേരിൽ പ്രമുഖ റസ്റ്ററന്റുകളുമായി ചേർന്ന് കുട്ടികൾക്കായി ഭക്ഷണരുചികൾ പരിചയപ്പെടുത്തുന്ന ‘ടേസ്റ്റ് ബഡ്സ്’ അമേരിക്കൻ മലയാളിയായ സാറ നടത്തുന്നുണ്ട്.
സാറയുമായി നടന്ന അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:
∙ കലമതാസ് കിച്ചൻ എന്ന ആശയം രൂപപ്പെട്ടത് എങ്ങനെ?
എന്റെ ബിസിനസ് പങ്കാളി ഡെറിക് വാലസുമായി ചേർന്നാണ് കലമതാസ് കിച്ചൻ എന്ന ആശയം രൂപപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ചെറിയ മകനെ അവന് ഇഷ്ടപ്പെട്ട കാര്യങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുക എന്ന ലക്ഷ്യമായിരുന്നു ഈ ആശയത്തിന് പിന്നിൽ. ഒരു കഥാപാത്രത്തിലൂടെ കുട്ടികളിൽ ഭക്ഷണ താൽപര്യങ്ങൾ വളർത്താനും അതിനെപ്പറ്റി പഠിപ്പിക്കാനും സാധിക്കുമെന്ന അദ്ദേഹത്തിന്റെ ചിന്തയിൽനിന്നുമാണ് കലമത ജനിച്ചത്. കലമത എന്ന ബ്രാൻഡ് നെയിം രൂപപ്പെട്ടശേഷം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഞാൻ അങ്ങനെയൊരു കഥാപാത്രത്തെ കേന്ദ്രമാക്കി കഥകളെഴുതാൻ ആരംഭിച്ചത്. കലമത അങ്ങനെ ആവേശപൂർവം എന്നിൽ ജനിക്കുകയായിരുന്നു. ഓരോ കുട്ടിയും അവരവരെത്തന്നെ കലമതയിൽ കാണണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ഭക്ഷണമെന്ന കണ്ണിയിലൂടെ പല ദേശങ്ങളിലെ കുട്ടികൾ അടുക്കളകളിൽ കലമതയായി മാറി.
∙ കലമത പരമ്പരയിലെ മൂന്നാമത്തെ പുസ്തകവും പൂർത്തിയായിക്കഴിഞ്ഞു. എപ്രകാരമാണ് മാതാപിതാക്കളിലൂടെ കലമതയെ നിങ്ങൾ കുട്ടികളിലേക്ക് പരിചയപ്പെടുത്തുന്നത്?
ആമസോൺ വഴി ഇന്ത്യയിൽ പുസ്തകം ലഭ്യമാണ്. എന്നാൽ അമേരിക്കയിൽ ഈ പുസ്തകം ഞങ്ങളുടെ വെബ്സൈറ്റിലൂടെ കുറഞ്ഞ സമയത്തിൽ ലഭ്യമാകും. കലമതയിൽ പൽ ആൽ ടെന്റെ ആണ് കുട്ടികളെ ഏറ്റവുമധികം ആകർഷിക്കുക. കുട്ടികൾക്ക് ഇഷ്ടമാകും വിധമാണ് പുസ്തകത്തിലെ ഓരോ കഥാപാത്രവും. കഥകളിലൂടെ അവർ കുട്ടികളെ ഓരോ പാഠം പഠിപ്പിക്കുന്നു. എന്നാൽ ഇവയൊന്നും ഉപദേശരൂപത്തിൽ അല്ലെന്നു മാത്രം. നമ്മൾ കുട്ടികളായിരിക്കുമ്പോൾ അറിയുന്ന പുതിയതും അപരിചിതവുമായ പല കാര്യങ്ങളും മുതിരുമ്പോൾ മറന്നുപോകുകയും മുൻപ് അനുഭവപ്പെട്ടിരുന്ന ഒരു അത്ഭുതം നഷ്ടമാകുകയും ചെയ്യുന്നു. കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും കുട്ടികളെ ഓരോ കാര്യങ്ങൾവും മനസ്സിലാക്കികൊടുക്കുക എന്നൊരു ദൗത്യവും ഈ പുസ്തകത്തിനുണ്ട്. അവർക്ക് ഇഷ്ടപ്പെടുന്ന വസ്തുതകളിലൂടെ താൽപര്യം ജനിപ്പിച്ചു പച്ചക്കറികളൊക്കെ കഴിക്കാൻ പ്രേരിപ്പിക്കുന്ന തന്ത്രവും ഇതിലൂടെ നടക്കും. കഥാപാത്രങ്ങളിലൂടെ ഇപ്രകാരം പലവിധ ഭക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താനും മാതാപിതാക്കൾക്ക് സാധിക്കും.
∙ഏതൊക്കെ തരം പാചകക്രമങ്ങളാണ് ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്?
ഞങ്ങൾക്കു കഴിയുന്ന എല്ലാ പാചകരീതികളും പരീക്ഷിച്ചുനോക്കാറുണ്ട്. ഓരോ കഥയും കലമത കിച്ചനിലെത്തുന്ന ഷെഫിന്റെ കുട്ടിക്കാലം മുതലുള്ള ഓർമകളെക്കുറിച്ചാണ്. ഇതുവരെ ഞങ്ങൾക്ക് പാചക പാരമ്പര്യവും പ്രാഗല്ഭ്യവുമുള്ള മൂന്ന് വ്യത്യസ്ത പാചകക്കാർ ഉണ്ടായിരുന്നു. പാചകം, ഭക്ഷണം, മണം, രുചിക്കൽ എന്നീ ഓർമകളിലൂടെ അവർ കുട്ടികളായി മാറുന്നു. കുട്ടിക്കാലത്തെ ഈ ഓർമകളെ അടിസ്ഥാനമാക്കി ഓരോ പാചകക്കാരനുമായും കലമത സംസാരിക്കുന്നു. ആദ്യ പുസ്തകത്തിൽ ഞങ്ങളുടെ പാചകക്കാരന്റെ വെനിസ്വേലൻ മുത്തച്ഛനിൽ നിന്നുള്ള കേക്കിന്റെ പാചകക്കുറിപ്പായിരുന്നെങ്കിൽ രണ്ടാമത്തേതിൽ പരമ്പരാഗത അമേരിക്കൻ ഭക്ഷണവും മൂന്നാമത്തേതിൽ എറിക് റൂപർട്ട് എന്ന ഷെഫിന്റെ ഫ്രഞ്ച് വിഭവവുമായിരുന്നു
അടിസ്ഥാനപരമായി കലമത അവളുടെ അടുക്കളയിലാണെന്നതാണ് കഥയുടെ കേന്ദ്രബിന്ദു. അവൾ ഏതെങ്കിലും ജോലിയിൽ മുഴുകാൻ സദാ ആഗ്രഹിക്കുന്നു. വല്ലാതെ വിരസത അനുഭവപ്പെടുമ്പോൾ ആവേശകരമായ എന്തെങ്കിലും ചെയ്യണമെന്ന് അവൾ സ്വപ്നം കാണുന്നു. അവിടേക്ക് അവളുടെ സുഹൃത്തുക്കളിലാരെങ്കിലും കടന്നുവരുന്നു. ഞങ്ങൾ അവരെ പ്രഫഷനൽ 'ടേസ്റ്റ് ബഡ്സ്' എന്നാണ് വിളിക്കുക. ഒരു സാഹസിക യാത്രയ്ക്കുള്ള ആശയവുമായിട്ടായിരിക്കും അവർ വരിക. തന്റെ അടുക്കള മേശ മാന്ത്രികമാണെന്നു കലമത വിശ്വസിക്കുന്നു. യാത്ര ചെയ്യാനുള്ള ആഗ്രഹമുണരുമ്പോഴോ എന്തെങ്കിലും കഴിക്കാൻ തോന്നുമ്പൊഴോ അവരെ കലമതയ്ക്കു തന്റെ തീൻമേശയിൽ ലഭിക്കുന്നു. അവളുടെ ഭാവനയിൽ, അവർ ഒരുമിച്ച് ഈ സാഹസിക യാത്രയെക്കുറിച്ചുള്ള പദ്ധതി ഉപേക്ഷിക്കുന്നു.
∙ ടേസ്റ്റ് ബഡ്സ് ഇവന്റുകളെക്കുറിച്ചൊന്ന് വിശദീകരിക്കാമോ?
ടേസ്റ്റ് ബഡ്ഡുകൾ ശരിക്കും രസകരവും രുചികരവുമായ ഇവന്റുകളാണ്. ഞങ്ങൾ കുട്ടികൾക്കായി പാസ്‌പോർട്ടുകളും വിഐപി ബാഡ്‌ജുകളും നിർമിക്കുന്നു, നടക്കുന്ന സമയം അവർ അത് കാണിക്കുമ്പോൾ, അത് ഒരു മാർക്കറ്റിലോ റസ്റ്ററന്റിലോ മറ്റെവിടെയെങ്കിലോ ആണെങ്കിലും അവർ അതിന്റെ കേന്ദ്രത്തിലാണെന്ന തോന്നൽ അവരിലുണ്ടാകുന്നു. അവർ ഒരു രുചികരമായ സാഹസിക യാത്രയിലാണ്. വ്യത്യസ്ത സ്ഥലങ്ങൾ സന്ദർശിക്കുന്നു അവർ ഒരു പുതിയ വിഭവം രണ്ടുതവണ ശ്രമിക്കുമ്പോൾ ഞങ്ങൾ പാസ്‌പോർട്ടിൽ ഒരു സ്റ്റാംപ് നൽകുന്നു. അവരുടെ ശ്രമങ്ങൾ സാഹസികതയാണെന്നും സാഹസങ്ങൾ രസകരമാണെന്നും ഈ ഇവന്റുകളിലൂടെ ഞങ്ങൾ അവരോട് പറയുന്നു.
ഞങ്ങളുടെ ലക്ഷ്യം ഒരു പുസ്തകം മാത്രമല്ല, വളരെ വിശാലമായ ഒരു കാഴ്ചപ്പാട് ആണെന്നും ജനങ്ങളെ മനസ്സിലാക്കുക എന്നതാണ്. കുടുംബങ്ങൾക്ക് ഭക്ഷണവുമായി സംവദിക്കാനുള്ള ഒരു ബ്രാൻഡാണിത്. ഞങ്ങൾക്ക് ഒരു ടേസ്റ്റ് ബഡ് ട്രാവൽ ഗൈഡും ഉണ്ട്. കുട്ടികൾക്ക് സവിശേഷമായ ഒരു അനുഭവം നൽകുന്നതിനായി റസ്റ്ററന്റുകളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഞങ്ങൾ ക്യൂറേറ്റ് ചെയ്തിട്ടുണ്ട്.
∙ ഇംഗ്ലിഷ് നവോത്ഥാന സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും മെഡിസിനിൽ പോസ്റ്റ് ബാക്കും നേടിയ നിങ്ങളെങ്ങനെയാണ് ഈ മേഖലയിൽ എത്തിയത്?
വർഷങ്ങളായി ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നു. ആയതിനാൽ ഒരു ഇടവേള ഇപ്പോൾ ആഗ്രഹിക്കുന്നു. മുൻകാലങ്ങളിലുള്ള എന്റെ ജോലിയെല്ലാം അധ്യാപനവും അതുമായി ബന്ധപ്പെട്ട മേഖലകളിലും ആയിരുന്നു.വ്യത്യസ്തകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ഭക്ഷണത്തെ വളരെയധികം സ്നേഹിക്കുന്ന എനിക്ക് ഒരു മികച്ച ബാർടെൻഡറായി( വൈനുകൾ വിളമ്പുകയും കൂട്ടികലർത്തുകയും ചെയ്യുന്ന ജോലി) മാറാൻ സാധിക്കുമെന്ന് മനസ്സിലായി. മറ്റ് ചിന്തകൾക്കൊന്നും ഇട നൽകാതെ പിറ്റ്‌സ്ബർഗിലെ നല്ലൊരു റസ്റ്റോറന്റിൽ ഞാൻ ജോലി ആരംഭിച്ചു. എന്റെ ജോലി നന്നായി ആസ്വദിക്കുകയും റസ്റ്റോറന്റിലെ രസകരമായ അനുഭവങ്ങൾ ക്യൂറേറ്റ് ചെയ്യുകയും ചെയ്തിരുന്നു. പാനീയങ്ങൾ നിർമിക്കുന്നതോടൊപ്പം അത് ആളുകൾക്ക് സെർവ് ചെയ്യുക, ഭക്ഷണത്തെക്കുറിച്ച് അവരോടു സംസാരിക്കുക, ഓരോ ഭക്ഷണത്തിനും അനുയോജ്യമായ വൈനുകൾ നിർദ്ദേശിക്കുക എന്നിങ്ങനെ ആയിരുന്നു എന്റെ ചുമതലകൾ. ആളുകൾക്ക് ഇപ്രകാരം വേറിട്ട അനുഭവങ്ങൾ നൽകുന്നതും ഞാനേറെ ആസ്വദിച്ചിരുന്നു.
∙ ഈ മേഖലയിൽ വനിതാ സാന്നിധ്യം വളരെ അപൂർവമാണ്. എന്തൊക്കെ വെല്ലുവിളികളാണ് നിങ്ങൾക്ക് അവിടെ നേരിടാനുണ്ടായിരുന്നത്?
വെല്ലുവിളികളെ അതിജീവിച്ചാൽ മാത്രമേ ഏതൊരു സ്ത്രീക്കും അവർ ആഗ്രഹിക്കുന്ന മേഖലയിലേക്ക് എത്തിച്ചേരാൻ സാധിക്കു. എന്നാൽ ഈ മേഖലയിൽ നിന്ന് തന്നെ ഒട്ടേറെ വനിതകളായ മാർഗനിർദേശികളെയും വഴികാട്ടികളെയും നേടിയെടുക്കാൻ എനിക്ക് സാധിച്ചു. അവരൊക്കെ ഊഷ്മളമായ പെരുമാറ്റവും വ്യത്യസ്തമായ ആതിഥ്യമര്യാദകൾ പുലർത്തുന്നവരും ആയിരുന്നു. ഇവരെയൊക്കെ ഞാൻ ഐക്കണുകളായി കാണാൻ ശ്രമിക്കുകയും അവരുടേത് പോലെ ആളുകളെ പരിപാലിക്കാൻ അനുകരിക്കുകയും ചെയ്തിരുന്നു. എന്നെ ഇഷ്ടപ്പെടാത്തവരായോ എന്റെ സെർവിങ് ഇഷ്ടമല്ലാത്തവരായോ ആരെങ്കിലും ഉണ്ടെങ്കിൽപ്പോലും ദിവസാവസാനം അവരെക്കുറിച്ചു എന്നേക്കാൾ സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു സ്ത്രീ കൂടിയാണ് ഞാൻ.
∙ സാറയ്ക്ക് കേരളവുമായുള്ള ബന്ധമെന്താണ്?
എന്റെ മാതാപിതാക്കൾ കേരളത്തിൽ നിന്നുമാണ്, നല്ല പാചകവിദഗ്ധർ കൂടിയാണ് അവർ. എന്റെ കുട്ടിക്കാല ഓർമകളെല്ലാം ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവയുടെ ഗന്ധം ഇന്നും മായാതെ എന്നിലുണ്ട്. ആകർഷകമായ ഒരു ഗന്ധം ഞങ്ങളുടെ വീട്ടിൽ എപ്പോഴും ഉണ്ടായിരുന്നു. സമീപപ്രദേശത്തെ വീടുകളിലുള്ളവർക്കും അമ്മയുടെ ഈ പാചകം ഹൃദിസ്ഥമായിരുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ റോസ്റ്റിങ്ങും ഗ്രൈൻഡിങ്ങും ഫ്രൈയിങ്ങും ഇന്നും മായാത്ത ഓർമകളാണ്, കാരണം പാചകത്തിന്റെ ഓരോ ഘട്ടത്തിലും ഇവയുടെ ഗന്ധം അത്രമേൽ വ്യത്യസ്തമായിരുന്നു.
ബീഫ് കറിയാണ് എനിക്ക് ഏറ്റവും പ്രിയം. അമ്മയുണ്ടാക്കുന്ന മുട്ടക്കറി,അപ്പവും സ്റ്റൂവും ഒക്കെ എനിക്ക് ഏറെ പ്രിയപ്പെട്ടതു തന്നെ. കേരളത്തിൽ വരുമ്പോൾ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് കള്ള്ഷാപ്പിൽനിന്ന് ആഹാരം കഴിക്കുവാനാണ്, പ്രത്യേകിച്ച് അവിടുത്തെ കരിമീനും ചെമ്മീനും. ഇത്രയും ആഴത്തിൽ സ്വാദേറിയ രുചിക്കൂട്ടുകൾ നിങ്ങൾക്ക് മറ്റൊരു വിഭവങ്ങളിലും കാണാൻ സാധിക്കില്ല.
∙ ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ വൈൻ നിർദ്ദേശിക്കാമോ?
വളരെ പ്രയാസമേറിയ കാര്യമാണ്. വൈറ്റ് വൈനും സ്പാർക്കിളിങ് വൈനും വളരെ മികച്ചതാണ്. ഞാൻ എന്നാൽ ഏറെ ഇഷ്ടപ്പെടുന്നത് ഷാംപെയ്നാണ്. ഏതു വിഭവത്തോടൊപ്പവും ചേർന്നു പോകുന്ന ഒന്നാണിത്. വൈറ്റ് വൈൻ ഇന്ത്യൻ വിഭവങ്ങളോടൊപ്പം ചേർന്നു പോകുമെങ്കിലും ഞാൻ തിരഞ്ഞെടുക്കുന്നത് ഷാംപെയ്നായിരിക്കും.
∙ എന്തൊക്കെയാണ് പുതിയ പദ്ധതികൾ? ഈ പരമ്പരയിലെ പുതിയ പുസ്തകമോ ഒരു പുതിയ പുസ്തകപരമ്പരയോ പ്രതീക്ഷിക്കാമോ?
കൂടുതൽ പുസ്തകങ്ങൾ തീർച്ചയായും പ്രതീക്ഷിക്കാം. എന്റെ ജീവിതകാലം മുഴുവൻ കലമത എഴുതാൻ സാധിക്കുമെന്നാണ് വിശ്വാസം. എന്നാൽ കലമതയെ അനിമേഷൻ രൂപത്തിൽ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മറ്റു പല സാധ്യതകളും ഈ ആശയത്തിന് പിറകിലുണ്ട്. എഴുത്തിന്റെ മേഖലയിൽ തുടർന്നുകൊണ്ട്, മത്സ്യത്തൊഴിലാളികളെക്കുറിച്ചും നഗരത്തിലെ പൂന്തോട്ടപ്പണിക്കാരെക്കുറിച്ചുമുള്ള എഴുത്തിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. ഇത്തരം കഥകൾ വളരെ പ്രാധാന്യമുള്ളതും ശക്തവുമാണെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. കലമതയും അവളുടെ യാത്രയും എനിക്കത്രമേൽ വ്യക്തിഗതവും പ്രിയപ്പെട്ടതുമാണ്.