വീട്ടു ചിലവ് കുറയ്‌ക്കാൻ അടുക്കളയിൽ 5 കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
കുടംബത്തിന്റെ ധനമന്ത്രിയായി വീട്ടമ്മയെ വിശേഷിപ്പിക്കാം. മിക്ക കുടുംബങ്ങളുടെയും ബജറ്റ് നിയന്ത്രിക്കുന്നത് സ്‌ത്രീകളാണ്. ഷോപ്പിങ്ങിലും പാചകത്തിലും അൽപം ശ്രദ്ധ ചെലുത്തിയാൽ വീട്ടു ചിലവിൽ നല്ല കുറവ് നേടാം. പാഴ്‌ച്ചെലവ് അകറ്റാൻ അദ്യമെത്തേണ്ടത് വീട്ടമ്മയുടെ കൈയും മനസുമാണ്, പാഴ്‌ചെലവ് അകറ്റാൻ ചില അടുക്കള പൊടിക്കൈകൾ.
ഫ്രിഡ്‌ജ് അലമാരയല്ല
അമിത ഭാരം ഫ്രിഡ്ജിൽ വയ്‌ക്കരുത്. ഇത് വൈദ്യതി ഉപയോഗം കൂട്ടാൻ ഇടയാക്കും. പച്ചക്കറികൾ വാങ്ങിക്കുന്ന അന്നു തന്നെ കഴുകി തൊലിയും ഞെട്ടും കളഞ്ഞ് ഫ്രിഡ്‌ജിൽ വയ്ക്കാം. മാംസം മസാല പുരട്ടി വയ്ക്കാം. ഇഞ്ചി മുതലായവ തൊലികളഞ്ഞും തേങ്ങ ചിരവിയും വയ്ക്കാം. മീൻ കറിയിൽ മസാലയും ഉള്ളിയും ചേർക്കാതെ വെച്ചാൽ ഏതു സമയത്തും എടുത്ത് പാചകം ചെയ്യാം. ഫ്രിഡ്ജ് ആഴ്‌ചയിൽ ഒരു തവണ വൃത്തിയാക്കിയാൽ ദുർഗന്ധം ഒഴിവാക്കാം.
പാചക വാതകം ചോരാതെ
അടുക്കളയിൽ ആവശ്യമുള്ള സാധനങ്ങൾ എല്ലാം തയാറാക്കി വെച്ചതിനു ശേഷമേ ഗ്യാസ് ഓൺ ചെയ്യാവു. അരിയും പച്ചക്കറികളും വേവിക്കുമ്പോൾ വെള്ളം തിളപ്പിച്ചതിനുശേഷം വേണം ഇടാൻ. തിളച്ചു കഴിഞ്ഞാൽ തീ കുറയ്‌ക്കാൻ ശ്രദ്ധിക്കണം. പരിപ്പ്, ധാന്യങ്ങൾ എന്നിവ കുതിർത്ത് പാചകം ചെയ്‌താൽ ഇന്ധന നഷ്‌ടം ഒഴിവാക്കാം. സ്‌റ്റൗവിന്റെ ബർണറുകൾ ആഴ്‌ചയിലൊരിക്കൽ സോപ്പ്, സോഡാക്കാരം എന്നിവ ഉപയോഗിച്ച് വൃത്തിയാക്കണം. വർഷത്തിലൊരിക്കൽ ട്യൂബ് മാറ്റണം. പാചകം ചെയ്യുന്ന പാത്രത്തിന്റെ മുകളിൽ മറ്റൊരു പാത്രത്തിൽ വെള്ളം വെച്ച് ചൂടാക്കിയെടുക്കാം. ഫ്രിഡ്‌ജിൽ നിന്ന് പുറത്തെടുത്ത ഉടൻ സാധനങ്ങൾ ഗ്യാസിൽ വെച്ചാൽ ഇന്ധനം കൂടുതൽ വേണ്ടിവരും. അതിനാൽ തണുപ്പ് കുറഞ്ഞതിനു ശേഷം ചൂടാക്കാം.
മിക്‌സർ-ഗ്രൈൻഡർ
ഇവയ്‌ക്ക് ഒരിക്കലും അമിത ഭാരം നൽകരുത്. അരയ്‌ക്കുമ്പോൾ ആവശ്യത്തിന് വെള്ളമൊഴിക്കണം. കുറഞ്ഞ വോൾട്ടേജിൽ ഇത് പ്രവർത്തിപ്പിക്കരുത്. മിക്‌സിയുടെ വാഷർ, ബ്ലേഡുകൾ തുടങ്ങിയവ ഇടയ്‌ക്ക് സർവീസ് ചെയ്യണം. അരച്ചു കഴിഞ്ഞാലുടൻ ഗ്രൈൻഡർ വൃത്തിയാക്കണം. കല്ല് അരയുമെന്നതിനാൽ ഗ്രൈൻഡറിന് അമിത ഭാരം കൊടുക്കരുത്.
വൈദ്യുതി അടുപ്പ്
വൈദ്യുതികൊണ്ടുള്ള അടുപ്പ് ഉപയോഗിക്കുന്നവർ ഇത് പരന്ന പ്രതലത്തിൽ വയ്ക്കണം. ചരിച്ച് വെച്ചാൽ എല്ലാ ഭാഗങ്ങളിലും വേവ് ഒരുപോലെ ലഭിക്കില്ല.
പ്രഷർ കുക്കർ
കഴിയുന്നതും പാചകം പ്രഷർ കുക്കറിലാക്കിയാൽ നന്ന്. ആവശ്യത്തിന് വെള്ളം വേണം. പരിപ്പ്, കടല, പയർ, ചിക്കൻ ഒഴികെ വേകാൻ ബുദ്ധിമുട്ടുള്ളവ കുക്കറിലാക്കാം. പരിപ്പിനൊപ്പം എണ്ണ ചേർത്താൽ വേഗം വേവും. പയറുവർഗങ്ങൾ തലേന്ന് വെള്ളത്തിലിട്ടാൽ എളുപ്പം വേവും.