മാവിലൻമാരുടെ 'അണങ്ങ്'
Mail This Article
‘നീ തെളി ഫർഗ്‌ദോ ?ഇനി ചാന കൂട്ടിയെ?’
ചോദ്യം കേട്ട് ഞെട്ടണ്ട. നീ കഞ്ഞി കുടിച്ചോ, ഇന്നെന്താ കറി എന്നു മാവിലൻമാർ ചോദിക്കുന്നത് ഇങ്ങനെയാണ്.
വയർനിറയെ ഭക്ഷണം ലഭിക്കുന്ന പൊന്നിൻചിങ്ങം വന്നെത്തിക്കഴിഞ്ഞു. കർഷകരുടെ മാസമാണ് ചിങ്ങം. പത്തായപ്പുരകൾ നിറഞ്ഞു കവിയുന്ന സമൃദ്ധിയുടെ മാസം.
നെല്ലും ചാമയും കൃഷി ചെയ്ത് അരിമാവും ചാമമാവും ഉണ്ടാക്കുന്ന ജോലി ചെയ്തിരുന്ന ഗോത്രജനത. മാവിലൻമാർ എന്നറിയപ്പെടുന്ന വിഭാഗം.
ബന്തടുക്ക ആസ്‌ഥാനമാക്കി തുളുനാടു ഭരിച്ച ഗോത്രരാജവംശമാണു മാവിലൻ വിഭാഗമെന്നു ചരിത്രം പറയുന്നു. 2003ലാണ് സർക്കാർ മാവിലൻമാരെ ഗോത്രജനതയായി കണക്കാക്കിയത്.
വെണ്ണിയും മുട്‌ക്കയും കുരുടും അടങ്ങുന്ന കാട്ടുകിഴങ്ങുകളും ഈ ജനതയുടെ ആഹാരമാണ്.
മാവിലൻമാരുടെ കല്യാണവും ജനനവും മരണ അടിയന്തിരവും ചടങ്ങുകളാൽ സമൃദ്ധമാണ്. ചടങ്ങുകളിൽ പ്രധാനം അണങ്ങിനെ അകംകൊള്ളിക്കലാണ്. മരിച്ചവരുടെ ആത്മാക്കളാണ് ‘അണങ്ങ്’.
മരിച്ചു 12ാം ദിവസമാണ് അടിയന്തിരം. ചടങ്ങുകൾ നിയന്ത്രിക്കുന്ന മൂപ്പനാണ് മൂന്നാമൻ. മൂന്നാമൻ കൊടുക്കുന്ന എണ്ണ തേച്ചു വീട്ടുകാരെല്ലാം കുളിച്ചെത്തിയ ശേഷം അണങ്ങിനു ചോറും വറുത്ത അരിയും തേങ്ങയും സമർപ്പിക്കും.
തുടർന്നു കാട്ടുകിഴങ്ങു കറിയും ചോറും ചേർന്ന സദ്യ എല്ലാവർക്കും. മരിച്ചയാളുടെ മൂത്ത മകളാവും സദ്യയുണ്ടാക്കുക.