ചിക്കൻ തീ, പുതിയ െഎറ്റമാണ്, പ്ലീസ് ആരും പരീക്ഷിക്കരുത് : വൈറലായി വിഡിയോ !
Mail This Article
ഒരു മുഴുവൻ കോഴിയെ കൈയ്യിൽ കിട്ടിയാൽ എന്തെല്ലാം സാധ്യതകളുണ്ട്. നല്ല മസാല ചേർത്ത് കറിവയ്ക്കാം, തിളച്ച എണ്ണയിൽ പെരിച്ചെടുക്കാം. ജിഎൻപിസി ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗമായ ഷെൻ മാർലി പങ്കുവച്ച വിഡിയോ അടുക്കളയിലെ പരീക്ഷണം തീക്കളിയാകരുതെന്ന് ഒാർമപ്പെടുത്തുന്നു. ചിക്കൻ തീ... പുതിയ െഎറ്റമാണ്... ഭാഗ്യത്തിന് അടുക്കള കത്തീല... എന്ന ആമുഖത്തോടെ പോസ്റ്റ് ചെയ്ത 10 സെക്കൻഡ് വിഡിയോ ഗ്രൂപ്പ് അംഗങ്ങളിൽ കൗതുകമുണർത്തുന്നു.
ഇറച്ചി പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. കോഴി, താറാവ് ഇവ മൂത്തതാണെങ്കിൽ തലേദിവസം കൊന്ന്, കുടൽ കളഞ്ഞ് കെട്ടിത്തൂക്കിയാൽ ഇറച്ചിക്കു നല്ല മയം കിട്ടും. ഇറച്ചി വേകാൻ താമസമുണ്ടെങ്കിൽ ഇടയ്ക്കിടയ്ക്കു തിളച്ച വെള്ളം ഒഴിക്കുക.
2. കൊഴുപ്പു കൂടുതലുള്ള ഇറച്ചിയാണെങ്കിൽ വെളിച്ചെണ്ണയും നെയ്യും വളരെ കുറച്ചേ ചേർക്കാവൂ.
3. ഇറച്ചി പെട്ടെന്നു വേകാനും കൂടുതൽ മയം കിട്ടാനും മൂന്നോ, നാലോ മണിക്കൂർ തൈരു പുരട്ടി വച്ചാൽ മതി.
4. ഇറച്ചി പാകം ചെയ്യുന്ന പാത്രം മൂടുന്ന കുഴിവുള്ള തട്ടത്തിൽ തിളച്ച വെള്ളം ഒഴിച്ചാൽ ഇറച്ചി പെട്ടെന്നു വേകും. മാത്രമല്ല വേവിക്കുന്ന പാത്രത്തിലുള്ള വെള്ളം പെട്ടെന്നു വറ്റുകയുമില്ല. ഇറച്ചി വേകാൻ വെള്ളം പോരാതെ വന്നാൽ തട്ടത്തിൽ ചൂടായിക്കിടക്കുന്ന വെള്ളം അതിന് ഉപയോഗിക്കുകയും ചെയ്യാം. ഏത് ഇറച്ചിയും ഇങ്ങനെ പാകപ്പെടുത്താം.
5. പ്രഷർ കുക്കറിൽ തയ്യാറാക്കുന്ന ഇറച്ചിക്കു സ്വാദു കുറയും. എന്നാൽ അരപ്പു ചേർത്ത് അടുപ്പിൽ വച്ച് ചാറു പകുതി കുറുകുമ്പോൾ പ്രഷർ കുക്കറിലാക്കി തീ കുറച്ചു വേവിച്ചാൽ നല്ല സ്വാദുണ്ടാകും. ഇറച്ചി പെട്ടെന്നു വേവിച്ചെടുത്താൽ അതിന്റെ സ്വാദു നഷ്ടപ്പെടും.
6. മീനും ഇറച്ചിയും കൊണ്ടു തയ്യാറാക്കുന്ന കട്‍ലറ്റുകൾ ബാക്കി വന്നാൽ പൊടിച്ചു പച്ചക്കറിത്തോരനിലോ പച്ചക്കറി ഉലർത്തിയതിലോ ചേർത്തിളക്കിയാൽ നല്ല സ്വാദുണ്ടായിരിക്കും.
7. കരൾ അധികസമയം വയ്ക്കാതെ കഴിയുന്നതും വേഗം പാകപ്പെടുത്തണം. പാകം ചെയ്യുമ്പോൾ കരളിൽ ഉപ്പോഴിച്ചാൽ കല്ലിച്ചു പോകും. അതുകൊണ്ട് ഉപ്പ് അവസാനമേ ചേർക്കാവൂ.