പഴംപൊരി– ബീഫ് കൂട്ട് പോലെ കിണ്ണത്തപ്പവും ചില്ലി ബീഫും
Mail This Article
സർവദുഃഖ സംഹാരികളായ ചില കോംബിനേഷനുകളുണ്ട് – കവികൾക്ക് അത് മഴയും കടുംകാപ്പിയുമായിരിക്കും. സിനിമാക്കാർക്കത് ഇറാനിയൻ സിനിമകളുടെ സിഡിയും മെക്സിക്കൻ സിനിമകളുടെ ഡിവിഡിയുമായിരിക്കും. വല്ലാത്ത നേരത്ത് ഇല്ലാത്ത പരിഹാരം ഉണ്ടാക്കിത്തരാൻ ഇവയുടെ ദർശനവും സ്പർശനവും കൊണ്ട് മാത്രം സാധിച്ചെന്നിരിക്കും. ഫുഡിന്റെ കാര്യം വരുമ്പോൾ കോംബിനേഷനുകളുടെ പ്രത്യക്ഷ ചേർച്ചയില്ലായ്മയാണ് അതിന്റെ സൗന്ദര്യം . അറിഞ്ഞു പരിചയിച്ച പഴംപൊരി– ബീഫ് കോംബിനേഷനു ശേഷം മൗലികത അവകാശപ്പെടാവുന്ന മറ്റൊരു കോംബോ പരീക്ഷിക്കാൻ അവസരം കിട്ടിയത് പള്ളിമുക്കിൽ മെഡിക്കൽ ട്രസ്റ്റിന് എതിർവശം മലബാർ പ്ലാസയിൽ നിന്ന് . കിണ്ണത്തപ്പവും ചില്ലി ബീഫും.
കലർപ്പില്ലായ്മയാണ് രണ്ടിന്റെയും മുഖമുദ്ര. നേർത്ത അരിപ്പൊടിയും തേങ്ങാപ്പാലും മധുരവും ജീരകവും അല്ലാതെ ഒരുപാടു ചേരുവകളൊന്നുമില്ലാത്ത പാവം കിണ്ണത്തപ്പം. അൽപം എണ്ണ തടവി ആവിയിൽ വേവിച്ചെടുത്തത്. തൊട്ടാൽ തുള്ളുന്ന പരുവത്തിൽ സോഫ്റ്റ്. അതിമധുരമില്ല.
ചില്ലി ബീഫിൽ മൈദയോ കോൺഫ്ലോറോ പൊതിഞ്ഞിട്ടില്ല. കനം കുറച്ച് നീളത്തിലരിഞ്ഞ ബീഫ് കഷ്ണങ്ങൾക്ക് തനതുരുചി. സോസ് മിശ്രിതത്തിലും സെലറി ഉള്ളിത്തണ്ട്, കാംപ്സിക്കം ഇത്യാദികളിലും പൂണ്ടുവിളയാടുന്ന ബീഫും ഗ്രേവിയിൽ ചാലിച്ച കിണ്ണത്തപ്പവും അകത്തേക്കു പോകുമ്പോൾ കടുപ്പമുള്ളൊരു ചായ കൂടിയാവാം. മധുരം, കുരുമുളകിന്റെ തരിപ്പ്, സോസിന്റെ പുളി, ചായയുടെ കടുപ്പം..ആഹ!