ADVERTISEMENT

ഹരിപ്പാട് ഇന്ത്യൻ കോഫീഹൗസിൽ വച്ചാണ് ഞാൻ ആ രസകരമായ കാഴ്ച കണ്ടത്. തൊട്ടുമുന്നിൽ നല്ലൊരു തടിമാടൻ ഇരിപ്പുണ്ട്. ടേബിളിൽ അഞ്ചാറു പൊറോട്ടയും രണ്ടു പ്ലേറ്റ് ഇറച്ചിക്കറിയും പിന്നെ ഒരു സെറ്റ് ചപ്പാത്തിയും. കൗതുകത്തോടെ നോക്കിയിരിക്കുമ്പോൾ ഈ ചങ്ങാതി ബാഗിൽ നിന്ന് ഒരു പിടി മരുന്നുകൾ എടുത്ത് ഓരോന്നായി വായിലിട്ടു. ഷുഗറിന്റെയോ പ്രഷറിന്റെയോ ഗുളികകൾ ആയിരിക്കാം അവ. ശേഷം ടേബിളിലെ ആഹാരത്തിൽ കൈവച്ചു. ബിൽ നൽകാൻ ഒരുമിച്ചു വന്നപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ആ മരുന്നുകൂടി സപ്ലയർക്കു നൽകാമായിരുന്നില്ലേ? ഭക്ഷണത്തിൽ പൊടിച്ചോ ചാലിച്ചോ ചേർത്തു തരുമായിരുന്നല്ലോ. ഇങ്ങനെ ബുദ്ധിമുട്ടി മരുന്നു കഴിക്കണോ?

അതു സാറേ എനിക്കീ മട്ടണും ബീഫുമൊന്നും ഒഴിവാക്കാൻ പറ്റില്ല. ഇത്തിരി ഗുളിക കഴിച്ചാലെന്താ, മനസ്സിനിണങ്ങിയ ആഹാരം കഴിക്കാമല്ലോ. ഇതാണു മലയാളിയുടെ ശീലം. മരുന്നു വാരിവലിച്ചു കഴിക്കാൻ ഒരു പ്രയാസവുമില്ല. എന്നാൽ രോഗങ്ങളെ പ്രതിരോധിക്കാൻ മടിയാണ്. രോഗനിർണയം നടത്താൻ പേടിയാണ്. 

നമുക്കൊരു പരീക്ഷ വയ്ക്കാം. ഇലയിൽ നമ്മുടെ നാടൻ സദ്യ വിളമ്പുക. എന്നിട്ട് പുതുതലമുറ കുട്ടികളെ വിളിച്ച് ഇതിൽ അവിയലേത്, കാളനേത്, ഓലനേത് എന്നു തൊട്ടുകാണിക്കാൻ പറയുക. മിക്കവരും പരാജയം മണക്കും. ഒരു  പക്ഷേ വരുംകാല മലയാള പാഠപുസ്തകങ്ങളിലെ ഒന്നാം പാഠം ഇതായിരിക്കും. കാരണം നാം നാടൻ ആഹാരരീതികൾ ഉപേക്ഷിച്ചു കഴിഞ്ഞു. ഇലക്കറികളും പച്ചക്കറികളും നിറഞ്ഞ നമ്മുടെ ആഹാര മെനുവിൽ ഇരുകാലികളും നാൽക്കാലികളും കയറിക്കഴിഞ്ഞു. നമ്മുടെ ചില റെക്കോർഡുകൾ നോക്കാം. ഇന്ത്യയിലേറ്റവും കൂടുതൽ മാംസാഹാരം കഴിക്കുന്ന സംസ്ഥാനം കേരളമാണ്. തിരുവോണത്തിനു കുത്തരിയും അവിയലും സാമ്പാറും ഒഴിച്ച് ഏമ്പക്കം വിടേണ്ട മലയാളി 30 കോടിയുടെ ഇറച്ചി കഴിച്ചുവെന്നത് പത്രങ്ങളിൽ വാർത്തയായിരുന്നില്ലേ?

ഒരു ശരാശരി മലയാളിക്ക് ഒരു വർഷം വേണ്ട കോഴി ഏഴര കിലോ. ഇതൊക്കെ പ്രസിദ്ധീകരിക്കപ്പെട്ട കണക്കുകളാണ്.  ഇതിന്റെ കൂടെത്തന്നെ പിസ, ബർഗർ, വിവിധതരം കോളകൾ എന്നീ ഫാസ്റ്റ് ഫുഡ് സാധനങ്ങൾ അകത്താക്കുന്നു. വ്യായാമം കുറഞ്ഞ തലമുറയാണിതെന്നു പറയേണ്ടതില്ലല്ലോ? നമ്മുടെ കളിക്കളങ്ങൾ, പൊതു ഇടങ്ങൾ ഇവയെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കളിച്ചു വളരേണ്ട കുഞ്ഞുങ്ങളുടെ സുന്ദരബാല്യത്തിൽ, മാതാപിതാക്കൾ മത്സര പരീക്ഷകളുടെ ആധി കലർത്തുന്നു. ഇതിന്റെയെല്ലാം അപരിഹാര്യമായ അവസാനം പുതുതലമുറയിലെ അലസതയാണ്. കൊഴുപ്പും കാലറിയും കൂടുതലുള്ള ആഹാരം കഴിക്കുകയും വ്യായാമം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ വരാൻ സാധ്യതയുള്ള കാൻസർ ആണ് സ്തനാർബുദവും ഗർഭാശയ കാൻസറും. 

കൂടുതൽ കൊഴുപ്പും കാലറിയുമടങ്ങിയ ആഹാരം ധാരാളം കഴിക്കുകയും നാരടങ്ങിയ ഭക്ഷണം ഒഴിവാക്കുകയും ചെയ്യുമ്പോൾ കുടലിലെ കാൻസറും വൻകുടലിലെ കാൻസറും വരും. അതുകൊണ്ടു തന്നെ നമ്മുടെ ആഹാരശീലങ്ങൾ നാം മാറ്റിയേ തീരൂ. കീടനാശിനികളുടെ പ്രശ്നങ്ങൾ, വളങ്ങളുടെ അതിപ്രസരം തുടങ്ങി എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും  പഴങ്ങൾക്കും പച്ചക്കറികൾക്കും ഇലക്കറികള്‍ക്കും അർബുദത്തെ തടയാനുള്ള ശക്തിയുണ്ട്. 

അപ്പോൾ എന്തു കഴിക്കാമെന്ന ചോദ്യം വരും. ആഹാരത്തിനു പറ്റിയ പ്ലേറ്റ് ഏതെന്നു നോക്കാം. പകുതിയിൽ അധികം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. കാൽ ഭാഗം അരി, ഗോതമ്പ്, പിന്നെ മാംസ്യദായക പദാർഥങ്ങൾ. ഇതാണു ഞാൻ മുന്നോട്ടു വയ്ക്കുന്ന ആഹാരരീതി. നോണ്‍ വെജിറ്റേറിയൻ കഴിക്കേണ്ട എന്നു പറയുന്നില്ല. കഴിക്കാം, അതിന്റെ കൂടെ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. സസ്യേതര ആഹാരം നല്ലതു മീൻ ആണ്. കോഴിയിറച്ചി വല്ലപ്പോഴും കഴിച്ചാൽ മതി. ആട്ടിറച്ചി വിരളമായി മെനുവിൽ ഉൾ പ്പെടുത്താൻ പാടുള്ളൂ. ബീഫും പോർക്കും ധാരാളം കഴിക്കാം. പക്ഷേ, ഞാൻ പറയുന്നതുപോലെയാവണമെന്നു മാത്രം. കഴിക്കുന്നവരുടെ മുന്നില്‍ കണ്ടോണ്ടിരുന്നു വയറു നിറച്ചാൽ മാത്രം മതി. ഇതിനെ നമ്മൾ പാസ്സീവ് ഈറ്റിങ് എന്നു പറയും. പാസ്സീവ് സ്മോക്കിങ് ആരോഗ്യത്തിനു ഹാനികരമാണെങ്കിൽ പാസ്സീവ് ഈറ്റിങ് ആരോഗ്യദായകമാണ്. 

കടപ്പാട് :
കാൻസറിനെ പേടിക്കേണ്ട
ഡോ. വി. പി. ഗംഗാധരൻ
മനോരമ ബുക്സ്

Order Book>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com