ഉപ്പ് ശരിക്കും വില്ലനാണോ? കേട്ടതെല്ലാം സത്യമാകണമെന്നില്ല...
Mail This Article
രക്തസമ്മർദ്ദം കൂടുതലുള്ള ആൾക്കാരോട് ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം എന്ന് ഡോക്ടർമാർ ആവശ്യപ്പെടാറുണ്ട്. നാം നിത്യവും ഉപയോഗിക്കുന്ന ഉപ്പ് അപകടകാരിയാണോ? എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾക്ക് ഉപ്പ് കാരണമാവുന്നുവോ, ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ എന്തു ചെയ്യണം എന്നൊക്കെ അറിഞ്ഞിരിക്കുന്നത് ആരോഗ്യസംരക്ഷണത്തിന് മുതൽക്കൂട്ടാവും.
കറിയുപ്പ് (സോഡിയം ക്ലോറൈഡ്) നമ്മുടെ ശരീരത്തിന് ആവശ്യമാണ്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശമനുസരിച്ച് ഒരു ദിവസം ഒരാൾക്ക് 5 ഗ്രാം (ഒരു ടീസ്പൂൺ) ഉപ്പ് മതിയാവും. പക്ഷെ ഇന്ന് നാം കഴിക്കുന്ന ആഹാരത്തിലൂടെ 9 ഗ്രാം ഉപ്പ് ശരീരത്തിലെത്തുന്നുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. കറിയുപ്പ് ചേർക്കുന്നതു കൂടാതെ തന്നെ സോഡിയം സ്വതവേ തന്നെ പല ഭക്ഷണപദാർഥങ്ങളിലും ഉണ്ട്. നമ്മുടെ ശരീരത്തിന് അത് ധാരാളം മതിയാവും. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും സംസ്കരിച്ച ഭക്ഷണപദാർഥങ്ങളിലൂടെ 80 ശതമാനം സോഡിയവും ലഭിക്കുന്നതെങ്കിൽ ഇന്ത്യയിലാകട്ടെ അച്ചാറുകൾ പോലുള്ളവയാണ് ഉപ്പിന്റെ പ്രധാന ഉറവിടം. ഉപ്പ് ധാരാളമുള്ള മറ്റ് ഭക്ഷ്യവസ്തുക്കളാണ് പപ്പടം, ഉപ്പേരി, ഉണക്കമീൻ, മിക്സ്ചർ, സോസുകൾ, ചൈനീസ് ഭക്ഷണം, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവ. കൗമാരക്കാരും ചെറുപ്പക്കാരുമാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്.
അമിത ഉപ്പ് – ആരോഗ്യപ്രശ്നങ്ങൾ
പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവാം.
ഉയർന്ന രക്തസമ്മർദ്ദം
ഉയർന്ന രക്തസമ്മർദ്ദവും ഉപ്പിന്റെ ഉപയോഗവും തമ്മിലുള്ള ബന്ധം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. രക്തസമ്മർദ്ദ നിയന്ത്രണത്തിന്റെ ഭാഗമായി ഉപ്പിന്റെ ഉപയോഗം കുറയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കാറുമുണ്ട്. കാരണം അത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് വിശ്വസിക്കുന്നു. എന്നാൽ അടുത്ത കാലത്ത് നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഉപ്പിനെ അത്ര പേടിക്കേണ്ട കാര്യമില്ലയെന്നാണ്. ഉപ്പിനെക്കാൾ വില്ലൻ ഫ്രക്ടോസ് എന്ന മധുരമാണത്രെ! ഉപ്പിന്റെ ഉപയോഗം കൂടാതിരുന്നവരിലും ഉയർന്ന രക്തസമ്മർദ്ദവും അനുബന്ധ രോഗങ്ങളും വർധിച്ചു വരുന്നുണ്ട്. പക്ഷെ ഉയർന്ന രക്തസമ്മർദ്ദമുള്ള മിക്കവരിലും ഉപ്പിന്റെ ഉപയോഗം കുറയ്ക്കുമ്പോൾ രക്തസമ്മർദ്ദം കുറയുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്.
∙ സ്ട്രോക്ക്
∙ വൃക്കരോഗങ്ങൾ
∙ ഹൃദ്രോഗങ്ങൾ
∙ ഉദരരോഗങ്ങൾ
∙ ആമാശയകാൻസർ – ഉപ്പ് കൂടുതലുള്ള ആഹാരപദാർഥങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ (ഉദാ: ജപ്പാൻകാർ) കാൻസർ സാധ്യത ഇരട്ടി ആണത്രെ!
ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ ചെയ്യേണ്ടവ
∙ കറികളിൽ അത്യാവശ്യത്തിന് മാത്രം ഉപ്പ് ചേർക്കുക.
∙ അച്ചാറുകൾ, പപ്പടം, ഉപ്പേരി, പൊട്ടറ്റോ ചിപ്സ്, ഉപ്പിട്ട മത്സ്യം, സോസുകൾ, ചൈനീസ് ഭക്ഷണം, ബേക്കറി ഉൽപന്നങ്ങൾ, ഉപ്പു ചേർത്ത പീനട്സ്, പ്രോസസ്ഡ് ഫുഡ് എന്നിവ ഒഴിവാക്കുകയോ ഉപയോഗം കുറയ്ക്കുകയോ ചെയ്യുക.
∙ നിത്യവും എട്ട് – പത്ത് ഗ്ലാസ് വെള്ളം കുടിക്കുക. ശരീരത്തിൽ ഉപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കും.
∙ ഫുഡ് ലേബൽ ശ്രദ്ധിക്കുക.
∙ ഉപ്പിന് പകരം ഇന്തുപ്പ് ഉപയോഗിക്കാം. സോഡിയത്തിനു പകരം ഇതിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇതും മിതമായ അളവിലെ ഉപയോഗിക്കാവൂ. ഇത് ഉപയോഗിക്കുന്നതിന് മുമ്പ് വൃക്ക തകരാറുകൾ ഒന്നും ഇല്ലെന്ന് ഉറപ്പാക്കണം.