ചിക്കൻ കറി വയ്ക്കും മുൻപ് ഇങ്ങനെ ചെയ്തു നോക്കൂ, കറിക്ക് രുചി കൂടൂം
Mail This Article
ബ്രോയിലർ ചിക്കൻ വാങ്ങിയ ഉടൻതന്നെ അതു പൊതിഞ്ഞിരിക്കുന്ന പോളിത്തീൻ കവർ മാറ്റി വിന്നാഗിരിയിൽ മുക്കിയ വൃത്തിയുള്ള തുണികൊണ്ടു പൊതിഞ്ഞു വയ്‌ക്കുക. ഉളുമ്പുനാറ്റം പോകാൻ, ചെറുനാരങ്ങാ മുറിച്ച് ഉപ്പിൽ മുക്കി കോഴിക്കഷണങ്ങൾ തുടയ്‌ക്കുക. കോഴിയിറച്ചിയിൽ അല്‌പം നാരങ്ങാനീരു പുരട്ടി കുറച്ചുസമയം വച്ചശേഷം പാകംചെയ്‌താൽ നല്ല മയവും നിറവും കിട്ടും.
ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്ന ഇറച്ചി ഉപ്പുവെള്ളത്തിൽ കഴുകിയശേഷം ഉപയോഗിക്കുക. രക്‌തമയം പോയി ഇറച്ചിക്ക് നല്ല നിറം കിട്ടും. ഇറച്ചി മാർദ്ദവമില്ലാത്തതാണെങ്കിൽ, അല്‌പസമയം പപ്പായയുടെ ഇലയിൽ പൊതിഞ്ഞുവയ്‌ക്കുക. പിന്നീടു പാകംചെയ്‌താൽ മാർദ്ദവമുണ്ടായിരിക്കും.
ഇളം മാട്ടിറച്ചി വറുക്കുമ്പോൾ മൊരിഞ്ഞു കിട്ടാൻ അല്‌പം വെണ്ണ ചേർക്കുക. മാട്ടിറച്ചി വേവിക്കുമ്പോൾ അതിനോടൊപ്പം നാരുകളഞ്ഞ ഒരു ചിരട്ടക്കഷണം കൂടെയിട്ടു വേവിക്കുക. വെന്തുകഴിയുമ്പോൾ ചിരട്ടക്കഷണം എടുത്തു മാറ്റുക. മാട്ടിറച്ചി നന്നായി വെന്തുകിട്ടും. മാട്ടിറച്ചിക്ക് മാർദ്ദവം കിട്ടാൻ ഒന്നുകിൽ വളരെ വേഗം ഇളക്കി വറുക്കുക. അല്ലെങ്കിൽ കൂടുതൽ സമയം വേവിക്കുക. കനം കുറഞ്ഞ സ്ലൈസുകളായി മുറിച്ചാലേ മാട്ടിറച്ചി പെട്ടെന്ന് ഇളക്കി വറുത്തെടുക്കാൻ കഴിയൂ.