തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ എന്ത് ചെയ്യണം? വിഡിയോ
Mail This Article
പലപ്പോഴും കേൾക്കാറുള്ളതാണ് തൊണ്ടയിൽ ഭക്ഷണ സാധനം കുടുങ്ങിയുള്ള മരണം. കുഞ്ഞുങ്ങൾ മുതൽ വാർധക്യത്തിലുള്ളവർ വരെ ഇങ്ങനെ മരിക്കുന്നു. തൊണ്ടയിൽ എന്നു പറയുന്നുവെങ്കിലും യഥാർഥത്തിൽ ഭക്ഷണം കുടുങ്ങുന്നത് ശ്വാസനാളത്തിലാണ്. അതിനാലാണ് ശ്വാസം മുട്ടി മരണം പെട്ടെന്നു സംഭവിക്കുന്നത്. ശ്വാസകോശ നാളത്തിലേക്കു ഭക്ഷണസാധനങ്ങൾ കടക്കാതെ തടയാൻ ശരീരത്തിൽ സംവിധാനമുണ്ട്. ഇലപോലെ നേർത്ത ഒരടപ്പ്. ക്ലോമപിധാനം എന്നു മലയാളത്തിലും എപ്പിഗ്ലോട്ടിസ് എന്ന് ഇംഗ്ലിഷിഷിലും പറയും. ശ്വാസോച്‌ഛാസം നടക്കുമ്പോൾ തുറന്നിരിക്കുന്ന ഈ അടപ്പ്, ഭക്ഷണം വായിലേക്കു വീഴുമ്പോൾ പിന്നോട്ട് മറിഞ്ഞു ശ്വാസനാളത്തെ അടയ്‌ക്കും. അങ്ങനെ ഭക്ഷണവും വെള്ളവുമൊന്നും ശ്വാസനാളത്തിലേക്കു കടക്കാതെ തടയും. എന്നാൽ തിരക്കിട്ട് ഭക്ഷണം വിഴുങ്ങുമ്പോഴും കൊറിക്കുന്നതിനിടെ ഭക്ഷണം ( കടല, ചിപ്‌സ് ഒക്കെ ) വായിലേക്ക് എറിയുമ്പോഴുമൊക്കെ ഈ അടപ്പ് അടയാനുള്ള സമയം കിട്ടാതെ പോകും. ഭക്ഷണം ശ്വാസനാളത്തിലേക്കു പോവുകയും ചെയ്യും. ഫലം മരണം. മരിക്കാൻ അഞ്ചു മിനിറ്റൊക്കെ ധാരാളം.
ഈ അവസ്ഥയുണ്ടായാൽ വീട്ടിൽ തന്നെ പ്രഥമ ശുശ്രൂഷ നൽകുന്നതെങ്ങനെയെന്ന് ഫയർ ഫോഴ്സിലെ ഉദ്യോഗസ്ഥർ വിഡിയോയിലൂടെ കാണിച്ചു തരുന്നു.
ആശുപത്രിയിലെത്തിക്കുന്നതിനെക്കാൾ പ്രധാനം അതുകൊണ്ടു തന്നെ പ്രഥമ ശുശ്രൂഷയാണ്. ദയയില്ലാത്ത ഇടിയാണ് പ്രഥമ ശുശ്രൂഷ. ശ്വാസനാളത്തിൽ ഭക്ഷണം പോയ ആളെ തിരിച്ചറിയാൻ വൈദഗ്‌ധ്യമൊന്നും വേണ്ട. അയാൾ ശ്വാസം കിട്ടാതെ കണ്ണു തുറിച്ചു പരവേശം കാട്ടും. ഉടൻ തന്നെ അയാളെ പിന്നിലൂടെ നെഞ്ചിനു താഴ്‌ഭാഗത്ത് കൈമുഴുവൻ നീട്ടി മുറുക്കെപ്പിടിച്ചുകൊണ്ട് മുന്നോട്ട് ശക്‌തിയായി കുനിച്ച് അതേ സെക്കൻഡിൽ മുതുകത്ത് അതിശക്‌തിയായി ഇടിക്കുക. ഭക്ഷണസാധനം തെറിച്ച് ദൂരെ പോയി വീഴും. ആൾ രക്ഷപ്പെടും. കൊച്ചുകുഞ്ഞുങ്ങളായാൽ പോലും ഇതു തന്നെ ചെയ്യണം. പ്രഥമ ശുശ്രൂഷയ്‌ക്കിടെ ആളുടെ വാരിയെല്ല് ഒടിയുകയും മറ്റും ചെയ്‌തേക്കാം. (അത്ര ശക്‌തമാവണം പിടിയും കുനിക്കലും). പക്ഷേ ജീവൻ പോവില്ല.
English Summary: Food stuck in throat, What to do and spotting an emergency.