ജങ്ക് ഫുഡിനെ ‘ചങ്ക്’ ഫുഡാക്കുന്ന കഥ
Mail This Article
സമ്പന്നതയുടെ പ്രതീകമായിരുന്നു ഒരുകാലത്ത് സാൻവിച്ച്. കാലം മാറിയതോടെ സാധാരണക്കാരന്റെ തീൻമേശയിലും സാൻവിച്ച് സാധാരണമായി. രണ്ട് കഷണം റൊട്ടിക്കുള്ളിൽ ഒളിപ്പിച്ച ഇറച്ചിയായിരുന്നു ആദ്യകാലങ്ങളിൽ സാൻവിച്ച്.കാലം മാറിയതോടെ ഇറച്ചിക്കൊപ്പം മറ്റു പലതും രുചികൂട്ടാനെത്തി. പല തരത്തിലുള്ള ഇറച്ചികൾ കൂടാതെ ചീസും പച്ചക്കറികളുമൊക്കെ ‘ഇടയ്‌ക്കു’ കയറി രുചിഭേദം വരുത്തി.
സാൻവിച്ചിന്റെ ‘ആരോഗ്യം’
സാൻവിച്ച് ആരോഗ്യത്തിന് നല്ലതാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം സാൻവിച്ച് പോലെ അത്ര മൃദുവല്ല. സാൻവിച്ച് സമ്മാനിക്കുന്ന ആരോഗ്യം അതിനുള്ളിലെ ചേരുവകളെ ആശ്രിയിച്ചിരിക്കും. കൊഴുപ്പ് കുറഞ്ഞതും പോഷകങ്ങൾ നിറഞ്ഞതും നല്ല രീതിയിൽ തയാറാക്കുന്നതുമായ സാൻവിച്ചുകൾ സാലഡുപോലെ ആരോഗ്യദായകമായ ആഹാരവസ്തുവാണ്.
ഏതുതരം റൊട്ടിയാണ് സാൻവിച്ചിനായി തിരഞ്ഞെടുക്കുന്നത് എന്നതിൽപ്പോലും കാര്യമുണ്ട്. ചീസോ ബട്ടറോ പോലുള്ള വസ്തുക്കൾ (ടോപ്പിങ്സ്) കുറച്ചുള്ള, പച്ചക്കറികൾ നിറച്ച ഫില്ലിങ്സുള്ള സാൻവിച്ച് മികച്ച ഭക്ഷണമാണ്. ചിക്കൻ, മുട്ട എന്നിവ അമിതമാകാതിരിക്കുന്നതാണ് നല്ലത്. ടിൻ ഫിഷുകൾക്ക് പകരമായി അപ്പപ്പോൾ തയാറാക്കുന്ന മൽസ്യം ഉപയോഗിച്ചാൽ ഒമേഗ–3യുടെ സാന്നിധ്യവും ഉറപ്പാക്കാം. ചീസ്, മയോണീസ് മുതലായവ ബേസാക്കി തയാറാക്കുന്ന സാൻവിച്ച് മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവ അമിതമായി ശരീരത്തിന് സമ്മാനിക്കാനേ വഴിയുള്ളൂ. പോഷകങ്ങൾ നിറച്ച് സ്വയം തയാറാക്കാവുന്ന പല തരം സാൻവിച്ചുകൾ നമുക്ക് പരീക്ഷിക്കാവുന്നതേയുള്ളൂ.
നാരുകൾ നിറഞ്ഞ പച്ചക്കറികൾ ശോധനയെ സഹായിക്കും. റിഫൈൻ ചെയ്തെടുത്ത വെള്ള റൊട്ടികളെക്കാൾ നല്ലത് ഗോതമ്പ് അടക്കമുള്ള ധാന്യങ്ങൾ അടങ്ങിയ കലോറി കുറഞ്ഞ റൊട്ടികളാണ്. ഇവയിൽ നാരുകളും പോഷകമൂല്യവും ഉറപ്പാക്കാം. നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ലെറ്റൂസ്, ബ്രോക്കോളി തുടങ്ങിയ ഇലക്കറികൾ ഫില്ലിങ്സായി കൂടുതൽ ഉൾപ്പെടുത്തണം. കപ്പലണ്ടി, അണ്ടിപ്പരിപ്പ്, ബദാം എന്നിവ കൊണ്ടുണ്ടാക്കാവുന്ന നട്ട്ബട്ടറുകൾ ടോപ്പിങ്സായി ഉപയോഗിക്കാം. അതുമല്ലെങ്കിൽ അവകാഡോ അരച്ചുചേർത്തുള്ള ക്രീമുകളാവാം.
സാൻവിച്ചിന്റെ ജനനം
1762. ഇംഗ്ലണ്ടിലെ സാൻവിച്ച് എന്ന പ്രദേശം. ചീട്ടുകളി ഭ്രാന്തനായ ജോൺ മൊൻടാഗ് പ്രഭു സുഹൃത്തുക്കളുമായി ചീട്ടുകളിച്ചുകൊണ്ടിരിക്കുന്നു. പ്രഭുവിനും കൂട്ടുകാർക്കും കളിക്കിടെ കഴിക്കുവാനായി റൊട്ടിയും ഇറച്ചിയും ഭൃത്യർ കരുതിയിരുന്നു. കളി തടസ്സപ്പെടാതിരിക്കാൻ ഇറച്ചിയിൽ മുക്കി റൊട്ടി കഴിക്കുന്നതിനുപകരം റൊട്ടിക്കുള്ളിൽ ഇറച്ചിവച്ചുകൊണ്ടുവരാൻ പ്രഭു ഭൃത്യന്മാരോട് കൽപിച്ചു. അങ്ങനെ രണ്ട് റൊട്ടിക്കിടയിൽ ഇറച്ചിവച്ച് പ്രഭുവിന് കൊടുത്തു. അദ്ദേഹം അത് ആസ്വദിച്ച് കഴിച്ചു– ലോകത്തിലെ ആദ്യ സാൻവിച്ച് പിറന്നു.
സാൻവിച്ച് എന്ന പ്രദേശം ഇന്ന് ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന ടൂറിസ്‌റ്റ് കേന്ദ്രം കൂടിയാണ്.
English Summary: Sandwich, Origin, History