പൊറോട്ടയും ബീഫും കലർപ്പില്ലാത്ത സ്നേഹവും; മനസ് നിറയ്ക്കും ശേഖരേട്ടന്റെ കട
Mail This Article
ഒരു നാടൻ മനുഷ്യൻ. അതിലേറെ നാടനായ ബീഫ് കറി. തൃശൂർ, പീച്ചി ജംക്‌ഷനിൽ ഗേറ്റിനു സമീപം ഡാമിലേക്കുള്ള റോഡിലേക്കു കയറിയ ഉടനെ ഇടതുവശത്തുള്ള ശേഖരേട്ടന്റെ കട തലമുറകളുടെ രുചിയാണ്.
55 വർഷമായി നാങ്ങൂർ കുടുംബം ഇവിടെ ചായക്കട നടത്തുന്നുണ്ട്. നാങ്ങൂർ രാമൻ തുടങ്ങിയ കട 74ൽ മകനായ ചന്ദ്രശേഖരനെ ഏൽപ്പിച്ചു. അതു പിന്നീടു ശേഖരേട്ടന്റെ കടയായി. ഇന്നും കടയ്ക്കു ബോർഡില്ല. നാങ്ങൂർ രാമൻ മെമ്മോറിയൽ എന്നൊരു ബോർഡുണ്ട്. ഒരുപക്ഷേ സ്മാരകമായി നടത്തുന്ന ഏക ഹോട്ടൽ.
പൊറോട്ടയുടെയും ബീഫിന്റെയും രുചി തലമുറകളിലേക്കു പകർന്നവരാണിവർ. തൊട്ടുമുന്നിലെ പീച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ബീഫിന്റെ രുചി അറിഞ്ഞതു ശേഖരേട്ടന്റെ കടയിലൂടെയാണ്. കുട്ടികൾക്കു ബീഫു വാങ്ങാൻ പണമുണ്ടാകില്ല. അതുകൊണ്ടു ബീഫു കറി ശേഖരേട്ടൻ നീട്ടിവച്ച്, ചാറുമാത്രമായും വിളമ്പി. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഗ്രേവി. ബീഫ് ചാറും പൊറോട്ടയും കഴിച്ചു വളർന്ന കുട്ടികൾ, പത്തും നാൽപതും വർഷത്തിനു ശേഷവും ശേഖരേട്ടന്റെ ബീഫ്ക്കറിയുടെ രുചി തേടി വരുന്നു.
ശരിക്കും നാടൻ കറിയാണ്. മസാല നേരിട്ടു പൊടിപ്പിക്കും. പാക്കറ്റ് പൊടി ഉപയോഗിക്കില്ല. ശേഖരേട്ടനും ഭാര്യ വത്സലയുമാണു എല്ലാ ജോലിയും ചെയ്യുന്നത്. വിറകു കത്തിക്കുന്ന അടുപ്പിൽ ബീഫു വേവും. കറി തീരുന്നതുവരെ അടുപ്പിൽ തീ കാണും.
രാവിലെ 7നു കട തുറക്കുമെങ്കിലും ബീഫ് 12 മണിയോടെയാണു തയാറാകുക. പുട്ട്, അപ്പം, കടല, ഗ്രീൻപീസ്, ഇഡ്ഢലി, അപ്പം എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണം എല്ലാ ദിവസവും കാണും. 10നു ബ്രേക് ഫാസ്റ്റ് അവസാനിക്കും. അതോടെ ശേഖരേട്ടൻ പൊറോട്ടയടിക്കാൻ നീങ്ങും.
പൊറോട്ട വരുന്നതു 12നു ബീഫിന്റെ കൂടെയാണ്. ഉച്ചയോടെ കുട്ടികളെത്തും. പലരും പാലും വെള്ളവും പൊറോട്ടയുമാണു കഴിക്കുക. കാശുള്ളവർ ബീഫിന്റെ ചാർ വാങ്ങും. അപൂർവമായി ബീഫും. ഉച്ചയോടെ ബീഫും പൊറോട്ടയും തേടി നാട്ടുകാരെത്തും. മിക്ക ദിവസവും ദൂരെദിക്കിൽ നിന്നു രണ്ടോ മൂന്നോ പേർ കാണും. ഞായറാഴ്ച ബ്രേക്ക് ഫാസ്റ്റ് മാത്രമേയുള്ളു. 10ന് അടയ്ക്കും. പിന്നെ കട കഴുകാനുള്ള സമയമാണ്.
ഉച്ചയോടെ പരിപ്പുവടയും സുഖിയനും റെഡിയാകും. കലർപ്പില്ലാത്ത, നന്നായി മൊരിഞ്ഞ പരിപ്പുവട ഇവിടെകിട്ടും. രാത്രി 7 വരെ ഇതു തുടരും. ബീഫ് മിക്കവാറും 6 മണിയോടെ തീരും. പടമെടുക്കുമ്പോൾ ശേഖരേട്ടൻ വത്സലച്ചേച്ചിയോടു പറഞ്ഞു. ‘നമ്മൾ പത്രത്തിൽ വരും.’ ബീഫു കറിപോലെ രുചികരമായ നാണം.
മഹത്തായ പൊറോട്ടയാണെന്നു പറയാനാകില്ല. പക്ഷേ,നല്ല നാടനാണ്. ബീഫ്ക്കറിയും പരിപ്പുവടയും പ്രാതലും സൂപ്പറാണ്. പുറത്തിറങ്ങുമ്പോൾ ബീഫ് കറിയുടെ മണം കൂടെ പോരുന്നതായി തോന്നും. കഴിവതും വൈകുന്നേരത്തിനു മുൻപ് എത്തണം. ഏതു നിമിഷവും ബീഫ് തീർന്നു പോകാം.
English Summary: Nadan Eat out from Thrissur