കോഴിക്കോട്ട് പുഴുവിനെ ആസ്വദിച്ച് കഴിക്കുന്ന കുടുംബം..! : വിഡിയോ
Mail This Article
ഉപ്പുമാവിനൊപ്പം കറുമുറെ പൊരിച്ചെടുത്ത പുഴു! പുഴുവിനെ ആസ്വദിച്ച് കഴിക്കുന്നത് ദൂരെയെങ്ങുമല്ല, കോഴിക്കോടാണ് സംഭവം. കേൾക്കുമ്പോൾ തന്നെ മുഖം ചുളിയുന്നുണ്ടല്ലേ. പക്ഷേ ഇവിടെയിതാ ഒരു കുടുംബം തങ്ങളുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമായി തന്നെ പുഴുക്കളെ മാറ്റിയിരിക്കുകയാണ്. സംഭവം നടക്കുന്ന ചൈനയിലോ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലോ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. തീൻ മേശയിൽ പുഴുവിന് മുഖ്യസ്ഥാനം കൊടുത്ത ആ കുടുംബം കേരളത്തിലുള്ളവരാണ്, കൃത്യമായി പറഞ്ഞാൽ രുചിയുടെ പറുദീസയായ കോഴിക്കോട്.
കോഴിക്കോട് സ്വദേശികളായയ ഫിറോസ്, ഭാര്യ ജസീല മൂന്നു വയസുകാരന്‍ മകൻ ഷഹബാസ് എന്നിവരാണ് പുഴുവിനെ അകത്താക്കുന്ന മലയാളികൾ. പൊരിച്ചും കറിവച്ചും സൂപ്പാക്കിയും എങ്ങനെ വേണമെങ്കിലും പുഴുവിനെ കഴിക്കാൻ ഇവർ തയ്യാർ. കൂട്ടത്തിലെ മൂന്നു വയസുകാരൻ ഷഹബാസാണ് പുഴു ഭക്ഷണത്തെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്.
മീനെല്ലാം വറുത്തെടുക്കുന്നത് പോലൊണ് പാചകമെങ്കിലും മസാലയൊന്നും ചേര്‍ക്കേണ്ടതില്ലെന്ന് ഇവർ പറയുന്നു. എന്തുകൊണ്ട് പുഴുവിനെ കഴിക്കുന്നു. ഫിറോസിന് കൃത്യമായ മറുപടിയുണ്ട്. പുഴുവിലെ പ്രോട്ടീൻ സത്ത് തന്നെയാണ് ഒന്നാമത്തെ കാരണം. പുഴുവിന്റെ രൂപവും ആകൃതിയുമാണ് പലരിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ഒരിക്കൽ കഴിച്ചു നോക്കിയാൽ പുഴുവിന്റെ രുചി മനസിലാകുമെന്നും ഫിറോസ് പറയുന്നു. ഓട്സും ഗോതമ്പും ഉൾപ്പെടുന്ന ഭക്ഷണം കൊടുത്താണ് ഈ പുഴുക്കളെ വളർത്തുന്നത്.
പുഴുകൃഷി അത്ര ജനകീയമായിട്ടില്ലെങ്കിലും ദിനംപ്രതി മേഖലയിലേയ്ക്ക് കടന്നുവരുന്നവരുടെ എണ്ണം കൂടുകയാണ്. നിലവിൽ വളര്‍ത്തുപക്ഷികള്‍ക്ക് ഭക്ഷണമായാണ് ഫിറോസിന്‍റെ കടയില്‍ നിന്ന് ഇപ്പോള്‍ പുഴുവിനെ കൊണ്ടു പോകുന്നത്. ഒരു പരീക്ഷണത്തിന് വേണ്ടി തുടങ്ങിയ പുഴുകൃഷിയാണ് ഫിറോസിന്‍റെ ഇപ്പോഴത്തെ ഉപജീവനമാര്‍ഗം. വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ആദ്യകാലത്ത് ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നുവെങ്കിലും ഇപ്പോള്‍ ഇവരെല്ലാം പിന്തുണയുമായുണ്ട്. ലോകത്തെവിടെയമുള്ള ഭക്ഷണങ്ങളെ രുചിക്കാനിഷ്ടപ്പെടുന്ന മലയാളികള്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ് ആകും പുഴു ഫ്രൈയും പുഴു സൂപ്പുമെല്ലാം എന്ന പ്രതീക്ഷയിലാണ് ഫിറോസും കുടുംബവും.
English Summary: Eating Worms