കേക്കുകളിലൂടെ രുചി വിപ്ലവം തീർത്ത് സൂസിയും സീമയും
Mail This Article
കണ്ണൂർ പയ്യാമ്പലം റെഡ് ക്രോസ് റോഡിലെ സൂസീസ് കിച്ചൻ ഈ ക്രിസ്മസിനു പ്ലം കേക്കുകളുടെ കലവറയാണ്. 20 വർഷമായി കേക്ക് നിർമാണ–വിപണന രംഗത്തുണ്ട് സൂസി മാത്യു. റിച്ച് പ്ലം കേക്കിനാണ് ക്രിസ്മസ് സീസണിൽ കൂടുതൽ ഓർഡർ. കിലോഗ്രാമിന് 900 രൂപ വില. ക്രിസ്മസ് കേക്കുകൾ വാങ്ങാൻ മാത്രമല്ല, കേക്കുണ്ടാക്കുന്നതു പഠിക്കാനും സൂസിയെ തേടി സ്ത്രീകളെത്തുന്നു. 14 വർഷമായി കുക്കിങ് ക്ലാസ് നടത്തുന്ന സൂസി കുടുതൽ ശ്രദ്ധ വയ്ക്കുന്നതു കേക്ക് നിർമാണത്തിലാണ്. ഈ ക്രിസ്മസ് കാലത്ത് പുതിയ ക്രിസ്മസ് സ്പെഷൽ വിഭവങ്ങൾ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ്. പാചകത്തിൽ യുഎസിലുള്ള മകൾ റിയയോടാണു മത്സരം. 2011ൽ വനിത സംഘടിപ്പിച്ച പാചകറാണി മത്സരത്തിൽ റിയ ഒന്നാമതും സൂസി രണ്ടാമതുമായിരുന്നു.
ഭർത്താവ് റോണിയും മകൻ ദുബായിലുള്ള റിച്ചിയുമാണ് ഇരുവരുടെയും ആസ്വാദകരും വിമർശകരും. വീടുകളിലുണ്ടാക്കുന്ന കേക്ക് 100 ശതമാനവും പരിശുദ്ധമാണെന്നും ആ വിശ്വാസമാണ് 20 വർഷമായി ഈ മേഖലയിൽ നിലനിർത്തുന്നതെന്നും സൂസി പറയുന്നു.
ബർണശേരി യശോദയിൽ സീമ കൃഷ്ണന് ഈ ക്രിസ്മസ് കാലത്ത് അടുക്കളയിൽ നിന്നിറങ്ങാൻ നേരമില്ല. സീമയുടെ ഹെവൻ ബേക്ക്സിന് ക്രിസ്മസ് കേക്ക് ഓർഡറുകൾ ഇഷ്ടം പോലെയാണ്. കുവൈത്തിൽ കംപ്യൂട്ടർ ഇൻസ്ട്രക്റ്ററായിരിക്കുമ്പോൾ തുടങ്ങിയതാണു കേക്കുണ്ടാക്കാനുള്ള പരിശ്രമം. 8 വർഷമായി ഇതൊരു പ്രഫഷനും പാഷനുമാണ്. മൂന്നു വർഷം മുൻപു റമ്മിൽ മുക്കി സൂക്ഷിച്ചുവച്ച പഴങ്ങൾ ഉപയോഗിച്ചാണ് ഇക്കുറി സീമയുടെ കേക്ക് നിർമാണം. റമ്മിൽ മുക്കിയ പഴങ്ങളുടെ പഴക്കം കൂടുംതോറും കേക്കിനു രുചിയും കൂടുമെന്നു സീമ പറയുന്നു. റമ്മിൽ മുക്കിയ പഴങ്ങളോടു പ്രിയമില്ലാത്തവർക്കായി ഓറഞ്ച് ജ്യൂസിൽ മുക്കി സൂക്ഷിച്ച പഴങ്ങൾ ഉപയോഗിച്ചും കേക്ക് നിർമിക്കുന്നുണ്ട്. പഞ്ചസാരയില്ലാത്ത കേക്ക് കഴിക്കണമെന്നുണ്ടെങ്കിൽ, അതും റെഡി. സാധാരണ പ്ലം കേക്കിന് കിലോയ്ക്ക് 500 രൂപ മുതൽ മുകളിലേക്കും റിച്ച് പ്ലം കേക്കിന് 800 രൂപ മുതൽ മുകളിലേക്കുമാണു വില. ഭർത്താവ് കൃഷ്ണൻകുട്ടിയും മക്കളായ രാധികയും രാഹുലും അമ്മയുടെ കേക്ക് നിർമാണത്തിനു ഫുൾ സപ്പോർട്ട് ആണ്.
വീട്ടിൽ കേക്ക് നിർമിക്കുന്നവർ മാസങ്ങൾക്കു മുൻപേ തുടങ്ങും തയാറെടുപ്പ്. മദ്യത്തിലോ, ഓറഞ്ച് ജ്യൂസിലോ മുക്കിയ പഴങ്ങൾ വെളിച്ചം കടക്കാതെ 6 മാസത്തിലധികം സൂക്ഷിച്ചുവയ്ക്കണം. ബേക്ക് ചെയ്ത കേക്ക് രണ്ടാഴ്ചയെങ്കിലും പുറമേ സൂക്ഷിക്കാമെന്നതിനാൽ, ക്രിസ്മസിന് ഒരാഴ്ച മുൻപെങ്കിലും ബേക്കിങ് തുടങ്ങും. മദ്യത്തിലോ, ഓറഞ്ച് ജ്യൂസിലോ മൂന്നു ദിവസം മുൻപ് പഴങ്ങൾ മുക്കിവച്ചും കേക്കുണ്ടാക്കാം. പക്ഷേ, അൽപം രുചി കുറയുമെന്നു മാത്രം.
English Summary: Cake Making Housewifes, Christmas Special