ഹോട്ടൽ ഭക്ഷണം വേണ്ട; കേരളത്തിന്റെ നാടൻ രുചി ആസ്വദിച്ച് അഡ്വാനിയും കുടുംബവും
Mail This Article
ഹോട്ടൽ ഭക്ഷണം ഒഴിവാക്കി നാടൻ കേരളത്തിന്റെ നാടൻ ഭക്ഷണം കഴിക്കാനുള്ള താത്പര്യപ്രകാരമാണ് ഭക്ഷണത്തിനും വിശ്രമത്തിനുമായി അഡ്വാനിയും കുടുംബവും ഫാം ഹൗസ് തിരഞ്ഞെടുത്തത്. കരനെല്ലിന്റെ കുത്തരിച്ചോറും മത്തങ്ങാ എരിശ്ശേരിയും കൂട്ടി കേരള സദ്യ രുചിച്ചു. ഇന്നലെ തേക്കടിയിലേക്കുള്ള യാത്രയ്ക്കിടെയാണ് എൽ.കെ. അഡ്വാനി, മകൾ പ്രതിഭ, കുടുംബ സുഹൃത്തുക്കൾ എന്നിവർക്കൊപ്പം എലിക്കുളത്തെ മടുക്കക്കുന്നേൽ ഫാമിൽ എത്തിയത്. സിജിഎച്ച് എർത്ത് കോഫൗണ്ടർ ജോസ് ഡൊമിനിക്കും ഭാര്യ അനിറ്റയും ചേർന്ന് എൽ.കെ. അഡ്വാനിയെ സ്വീകരിച്ചു. ഫാമിൽ വളർന്ന ചാമ്പങ്ങയും ഇഞ്ചി നാരങ്ങാ ജ്യൂസും കഴിച്ച് വിശ്രമിച്ചു.
ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും വെണ്ടയ്ക്ക് സ്റ്റ്യൂവും കഴിച്ചു. മത്തങ്ങാ സൂപ്പ്, അവിയൽ, അച്ചിങ്ങ മെഴുക്കുപുരട്ടി, പപ്പായ മുരിങ്ങയില തോരൻ, തക്കാളി കറി, എരിശ്ശേരി... എല്ലാം ഓർഗാനിക്കാണെന്നറിഞ്ഞതോടെ ചോറും കറികളും അൽപാൽമായി രുചിച്ചു നോക്കി. ഞാലിപ്പുവൻ പഴം ഏറെ ഇഷ്ടത്തോടെ കഴിച്ചാണ് ഇവിടെ നിന്നും തേക്കടിയിലേക്ക് പോയത്. തിരിച്ചു വരുമ്പോൾ ഫാം ഹൗസിലെ തന്നെ കാപ്പി രുചിക്കാനുള്ള ആഗ്രഹവും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അഡ്വാനിയും കുടുംബവുമായി വർഷങ്ങളായുള്ള സൗഹൃദമാണെന്നു ജോസ് ഡൊമിനിക് പറഞ്ഞു. സിജിഎച്ചിന്റെ ലക്ഷദ്വീപ്, കുമരകം, ആലപ്പുഴ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ അഡ്വാനി നേരത്തെ അവധിക്കാലം ചെലവഴിച്ചിട്ടുണ്ട്. 13ന് മടക്കയാത്രയിലും അഡ്വാനി മടക്കുക്കുന്നേൽ ഫാം ഹൗസിൽ എത്തുന്നുണ്ട്.
റബർ എസ്റ്റേറ്റിൽ വിരിഞ്ഞ ഫാം ഹൗസ്
10 വർഷം മുൻപ് മഞ്ഞളും ഇഞ്ചിയും കൃഷിചെയ്താണ് അനിറ്റ ഇവിടെ ഫാം ഹൗസ് ആരംഭിച്ചത്. പിന്നെ കരനെല്ല് ഒരിനത്തിൽ തുടങ്ങി ഇപ്പോൾ 5 തരത്തിലുള്ള കരനെല്ലിന്റെ വെറൈറ്റിയുണ്ട് ഇവിടെ. കരനെല്ല് കൃഷി ചെയ്യാൻ വെള്ളം വേണ്ട, ചെടികൾ നടുന്നതു പോലെ നടാം. 120 ദിവസം കൊണ്ട് വിളവെടുക്കാൻ പാകമാകുകയും ചെയ്യും. അധികം പൊക്കം ഇല്ലാത്ത നെൽ ചെടിയാണിത്. വിളവെടുത്തു കഴിഞ്ഞാൽ ഇതിന്റെ കച്ചി പശുവിനും കൊടുക്കാം. കസ്തൂരി മഞ്ഞളും തേനും കാപ്പിക്കുരുവും ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്നു. ഫാം ഹൗസിൽ വെച്ചൂർ പശു,കാസർഗോഡ് കുള്ളൻ, കബില എന്നീ പശുക്കളും ഉണ്ട്. വീടിനോട് ചേർന്ന ഫാമിൽ കൃഷിചെയ്യുന്നുണ്ട്, അനീറ്റയുടെ നേതൃത്വത്തിലാണ് ഫാം ഹൗസ് നടത്തികൊണ്ടു പോകുന്നത്. ഇവിടെ നിന്നുള്ള നാടൻ വിഭവങ്ങളാണ് അഡ്വാനിക്കു വേണ്ടി തയാറാക്കിയത്.
English Summary: L K Advani Kerala visit