ഐസ്ക്രീം ഉണ്ടാക്കാൻ ആറേ ആറ് സ്റ്റെപ് മാത്രം!
Mail This Article
I Scream
You Scream
All Scream
For Ice cream
ഇതൊരു കവിത. ഐസ്ക്രീമിനോടുള്ള നമ്മുടെ ഇഷ്ടത്തെ ഇതിലും നന്നായി എങ്ങനെ കുറിക്കും? ആർക്കും ഏതു സമയത്തും ഇഷ്ടം – അതാണ് ഐസ്ക്രീം. നല്ല ചൂടു സമയത്ത് ഒരു സ്കൂപ് കിട്ടിയാൽ, ആഹാ! നല്ല മഴത്തണുപ്പത്തായാലോ, ഓഹോ!
‘കിരുകിരാ’ കടി കൊള്ളുന്നവ മുതൽ സ്പൂൺ വളഞ്ഞു പോകുന്നത്ര കടുകട്ടി ഐസ്ക്രീം വരെയുണ്ട്. ക്രീമി ക്രീമി ഐസ്ക്രീം മുതൽ മസാലദോശ പോലെ മടക്കുള്ള റോൾ ഐസ്ക്രീം വരെ കാത്തിരിക്കുന്നു. പക്ഷേ, കഴിക്കുന്നത്ര ‘ഈസി’ ആണോ ഐസ്ക്രീം ഉണ്ടാക്കൽ?
1 ബ്ലെൻഡിങ്
മിൽക്ക് സോലിഡ്സും മറ്റു ചേരുവകളും നന്നായി കൂട്ടിക്കലർത്തി മിശ്രിതമാക്കുന്നു. കൂടിയ വേഗത്തിൽ വലിയ ബ്ലെൻഡർ മെഷീൻ പ്രവർത്തിപ്പിച്ചാണ് ഐസ്ക്രീം മിശ്രിതം ഉണ്ടാക്കുന്നത്. ഇതിൽ ഉണക്കപ്പഴങ്ങൾ പോലുള്ളവ ചേർക്കാൻ പ്രത്യേകം സൗകര്യമുണ്ട്.
2 പാസ്ചറൈസേഷൻ
ഐസ്ക്രീം എന്നു കേട്ടാൽ തന്നെ നല്ല കുളിരാണ്. എന്നാൽ നല്ലവണ്ണം ചൂടാക്കിയിട്ടാണ് ഐസ്ക്രീം ഉണ്ടാക്കിത്തുടങ്ങുന്നത്! ബാക്ടീരിയകളെയും മറ്റും നശിപ്പിക്കാനാണിത്.
3 ഹോമോജനൈസേഷൻ
പാൽ നമ്മൾ വെറുതേ വച്ചാൽത്തന്നെ, അതിനുമേലെ കൊഴുപ്പടിഞ്ഞ് ഒരു പാടയായി വരാറില്ലേ? ഇത് ഒഴിവാക്കാനാണ് ഈ പ്രക്രിയ. ഐസ്ക്രീം അലിയുന്ന വേഗത്തെയും ഇതു കുറയ്ക്കും.
4 ഏജീയിങ്
അതായത് നമ്മുടെ ഐസ്ക്രീം മിശ്രിതത്തെ വെറുതെയിരുത്തുകയാണ് ഇനി. ഒരു രാത്രി മുഴുവൻ ഫ്രീസ് ചെയ്യാതെ, കുറഞ്ഞ തണുപ്പിൽ വലിയ റഫ്രിജറേറ്റഡ് സ്റ്റോറേജ് ടാങ്കുകളിൽ സൂക്ഷിക്കും.
5 ഫ്രീസിങ് – വിപ്പിങ്
ആവശ്യമുള്ള മണവും നിറവുമൊക്കെ ചേർത്ത വലിയ ടാങ്കിലേക്ക് (ബാരൽ ഫ്രീസർ) ഐസ്ക്രീം മിശ്രിതം മാറ്റുന്നു. തുടർന്നു ജലാംശത്തിന്റെ ഒരു ഭാഗം തണുപ്പിച്ചു മരവിപ്പിക്കുകയും (ഫ്രീസ്) ഫ്രോസൻ മിശ്രിതത്തിലേക്കു വായു കടത്തിവിടുകയും ചെയ്യും. ഫ്രോസൻ ചെയ്താൽ പിന്നെ ഒരു ഐസ്ക്രീമിന്റെ പകുതിയും യഥാർഥത്തിൽ വായുവാണ്. ശൂന്യം എന്നർഥം! ടാങ്കിലെ കറങ്ങുന്ന ബ്ലേഡുകൾ ഫ്രീസറിൽ പറ്റിപ്പിടിക്കുന്ന ഐസ്ക്രീം തുടച്ചെടുത്തുകൊണ്ടിരിക്കും. വിപ് ചെയ്യാനും വായു കടത്തിവിടാനും സംവിധാനമുണ്ട് (ഡാഷേഴ്സ്).
6 ഹാർഡനിങ്
ഐസ്ക്രീം പായ്ക്ക് ചെയ്തതിനു ശേഷമാണിത്. –30 മുതൽ – 40 ഡിഗ്രി വരെ തണുപ്പിൽ. ഐസ്ക്രീമിലെ ബാക്കി ജലാംശം കൂടി വലിച്ചെടുക്കാനാണ് ഇത്ര കടുപ്പത്തിൽ ഫ്രീസ് ചെയ്യുന്നത്. തണുപ്പു അധികമായാൽ ഐസ്ക്രീമിലെ ക്രിസ്റ്റൽ സ്വഭാവം കൂടുമെന്നതിനാൽ അതും ശ്രദ്ധിക്കണം
ഞാനാണ് ഐസ്ക്രീം
1. മിൽക് ഫാറ്റ് / ബട്ടർ ഫാറ്റ്: ഇതാണ് ആദ്യ ചേരുവ. പാലിന്റെ ഫാറ്റി പോർഷൻ; പാൽക്കൊഴുപ്പ്. ഐസ്ക്രീമിനു വഴുവഴുപ്പു നൽകുന്നു.
2. മിൽക് സോലിഡ്സ് (നോട്ട് ഫാറ്റ്): ഉണക്കിപ്പൊടിച്ച പാലെന്നു പറയാം. പാലിനെ ബാഷ്പീകരിച്ച് ഉണ്ടാക്കുന്നത്.
3. മധുരം നൽകുന്ന സ്വീറ്റ്നേഴ്സ്
4. ഇമൽസിഫയേഴ്സ്
5. പാലിലോ മറ്റു ചേരുവകളിലോ നിന്നുള്ള 60 ശതമാനത്തോളം വെള്ളം
English Summary: Ice cream