കേരളീയരുചികൾ സംരക്ഷിക്കാൻ സർക്കാർതല അക്കാദമി വരണം: ഷെഫ് സുരേഷ് പിള്ള
Mail This Article
അന്യം നിന്ന് പോകുന്ന നമ്മുടെ നാടൻ രുചികൾ..! വൈവിധ്യമാർന്ന രുചിക്കൂട്ടുകളുടെ കലവറയാണ് കേരളം. ഓരോ വീടിനും ഓരോ രുചി സമ്പത്തുള്ള ഒരു സമൂഹമാണ് നമ്മുടേത്. ഒരു ജില്ലയിൽ തന്നെ ഒരേ വിഭവം പലരീതിയിൽ പാകം ചെയുന്നത്ര രുചി ഭേദങ്ങളുടെ നാട്. നമ്മുടെ അമ്മമാരുടേയും അമ്മൂമ്മമാരുടെയും കൈപ്പുണ്യത്തിൽ വിരിയുന്ന വിഭവങ്ങളുടെ തേനൂറും രുചി വാതോരാതെ വിളിച്ചു പറയാറുണ്ട് നമ്മൾ. അതേസമയം, പുതു തലമുറയ്ക്ക് അതൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യാഥാർഥ്യം അറിയുന്നതുമില്ല നമ്മൾ.
ലോകത്തെ ഒട്ടുമിക്ക ഇന്ത്യൻ ഭക്ഷണശാലകളിലും കേരള വിഭവങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. നാൾക്കുനാൾ നമ്മുടെ ഭക്ഷണത്തിന്റെ പേരും പെരുമയും ആഗോള തലത്തിൽ വർധിച്ചുവരികയാണ്. മലയാള രുചിതേടി മാത്രം സഞ്ചാരികൾ കേരളത്തിലേക്ക് വരുന്നൊരുകാലമാണ് എന്റെ സ്വപ്നം..! എന്നാൽ ഈ മഹത്തായ രുചികളും രുചിക്കൂട്ടുകളും ആധികാരികമായി സംരക്ഷിക്കനും മറ്റുള്ളവർക്ക് പഠിക്കാനുമായി യാതൊരു സംവിധാനവും നിലവിലില്ല. സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങുന്ന കുട്ടികളെ കാരറ്റ് ജൂലിയനായി അരിയാനും, കോഴി ആകൃതിയിൽ മുറിക്കാനുമാണ് പഠിപ്പിക്കുന്നത്. മലബാറിലെയും തെക്കൻ കേരളത്തിലെയും സദ്യയുടെ വൈവിധ്യങ്ങൾ പോലും ആഴത്തിൽ പഠിക്കേണ്ടതുണ്ട്. നുറുകണക്കിന് വർഷങ്ങൾക്ക് മുൻപ് ഇരുമ്പ് ചട്ടിയിൽ പുളിച്ച അരിമാവ് അപ്പമായി ഇളകിവരും എന്ന് കണ്ടുപിടിച്ചവരുടെ നാടാണിത്. ലോകം മുഴുവൻ കേരള ഭക്ഷണം ആസ്വദിക്കുന്ന ഈ വേളയിൽ നിരവധി തൊഴിലവസരങ്ങളാണ് മലയാളികൾക്ക് മാത്രമായി കാത്തിരിക്കുന്നത്.
കേരള കലാമണ്ഡലം പോലെ, സംഗീത അക്കാദമിപോലെ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പോലെ നമ്മുടെ തനത് പാചകത്തിനും വേണം ഒരു സർക്കാർ തല അക്കാദമി..! കേരളം സന്ദർശിക്കാനെത്തുന്ന വിദേശികൾ വരെ ഇത് പഠിക്കാനായി വരുമെന്ന് എനിക്കുറപ്പുണ്ട്. കിട്ടുന്ന വേദികളിലെല്ലാം ഞാനിത് പറയാറുണ്ട് (ആരോട് പറയാൻ, ആര് കേൾക്കാൻ) തിരുവിതാകൂറിലെയും കൊച്ചിയിലെയും മലബാറിലെയും കൂടാതെ, മറ്റ് ലോകസമൂഹങ്ങൾ നമ്മുടെ നാട്ടിലെത്തിച്ച നൂറായിരം രുചിക്കൂട്ടുകളാണ് നമുക്ക് വരും തലമുറകൾക്കായി സംരക്ഷിക്കേണ്ടത്.
പുതു തലമുറയ്ക്കും വേണം നൂറുകണക്കിന് പഴയിടം നമ്പുതിരിമാരേയും നിമ്മി പോളിനെയും, ഫൈസാ മൂസ മാരേയും...
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, ഈയൊരു വിഷയത്തിൽ അടിയന്തിരമായി അങ്ങയുടെ ഇടപെടലുകൾ ഉണ്ടാവണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
English Summary: Kerala Traditional Food