ബെംഗളൂരുവിലെ വിവി പുരം ഫുഡ് സ്ട്രീറ്റ്; തീറ്റ പ്രാന്തന്മാരുടെ പറുദീസയാണ്....
Mail This Article
സ്മാർട് ഫോണിൽ വിരലമർത്തിയാൽ ലോകത്തെ ഏതു ഭക്ഷണവും വീട്ടിലെത്തിക്കുന്ന നഗരമാണ് ബെംഗളൂരു. ലോകോത്തര ശൃംഖലകൾ ഭക്ഷണ വിതരണ രംഗത്ത് മൽസരിക്കുമ്പോഴും വഴിയോര വിൽപന കേന്ദ്രങ്ങൾ ഇവിടെ സജീവമാണ്. ഭക്ഷണപ്രിയർ ഉറപ്പായും സന്ദർശിക്കേണ്ട സ്ഥലമാണ് ഉദ്യാനനഗരിയിലെ വിവി പുരം ഫുഡ് സ്ട്രീറ്റ്. തിൻഡി ബീഡി എന്നാണ് കന്നഡയിൽ വഴിയോര ഭക്ഷണശാല അറിയപ്പെടുന്നത്. വൈകിട്ട് 5 ന് ഈ ഭക്ഷണശാലകൾ സജീവമാകും.
പാവ് ബജി,ഹോളിഗേ, ഗുൽക്കൻഡ്...എണ്ണിയാൽ തീരാത്ത സൗത്തും നോർത്തും രുചികളുടെ മഹാസമ്മേളനമാണ് ഇവിടെ ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നത്. ചാട്ട്, സ്വീറ്റ് കോൺ, റോസ് മിൽക്ക്, ബദാം മിൽക്ക്, പാഡു, ബൻഗർപെട്ട് മസാൽപുരി, മാഗി, അക്കി റൊട്ടി...എല്ലാം ഇവിടെ സ്പെഷൽ രുചിയിലാണ്.
ഫ്രഷ് ഫ്രൂട്ട് ജ്യൂസ് ഇഷ്ടപ്പെടുന്നൊരാളാണെങ്കിൽ നിങ്ങൾക്ക് ഇവിടുത്ത ശ്രീ ഗണേശ ഫ്രൂട്ട് ജ്യൂസ് സെന്ററിലേക്കു പോകാം. 50 ൽ പരം വ്യത്യസ്ത രുചികളിൽ സ്വീറ്റ് കോണും ഈ സ്ട്രീറ്റിൽ ലഭ്യമാണ്. ഇവിടുത്തെ അമേരിക്കൻ കോൺ വളരെ രുചികരമാണ്.
വായിൽ വെള്ളം നിറയ്ക്കുന്ന പാനിപൂരി രുചികൾ ഉറപ്പായും രുചിച്ചു നോക്കേണ്ടതാണ്. ബൻഗർപെട്ട് ചാട്ടിനൊപ്പം പാനിപൂരി രുചി കഴിച്ചു തന്നെ അറിയണം.
എല്ലാ ദിവസവും വിവി പുരത്തെ ഭക്ഷണ തെരുവ് തുറന്നിരിക്കും. ആഴ്ച അവസാനമാണ് ഇവിടെ സന്ദർശിക്കാൻ എത്തുന്നതെങ്കിൽ രുചിയുടെ തെരുവിലേക്ക് ആളുകൾ ഒഴുകിയെത്തുന്ന ദിവസമാണ്. ഇഷ്ട വിഭവങ്ങൾ രുചിക്കാൻ ഓരോ ഭക്ഷണശാലയിലും തിരക്കായിരിക്കും.
വില
10 രൂപ മുതൽ ഇവിടെ ഭക്ഷണം ലഭിക്കും. ഫുൾ മീലിന് ഏറ്റവും കൂടിയ വില 200 രൂപ!
ഉറപ്പായും രുചിക്കണം
കോൺ വെറൈറ്റികൾ, അക്കി റൊട്ടി, പാഡു, ഗുൽക്കൻഡ്, ബൻഗർപെട്ട് ചാട്സ്.
English Summary: What to try from Bengaluru's VV Puram food street