ADVERTISEMENT

ഇന്തൊനീഷ്യയിലെ സുമാത്ര എന്നു കേൾക്കുമ്പോൾ ആദ്യം മനസിലേക്കെത്തുക ഭൂകമ്പ വാർത്തകളാണ്. എന്നാൽ നാവിൽ രുചിയുടെ ഭൂകമ്പം തീർക്കുന്ന ഒരു കിടിലം ഐറ്റം ഉണ്ട് സുമാത്രയുടെ രുചിക്കലവറയിൽ. റെന്റാങ് എന്നു പേര്. നല്ലോണം വേപ്പിലയും തേങ്ങാക്കൊത്തുമൊക്കെയിട്ട് വരട്ടിയെടുക്കുന്ന നമ്മുടെ നാട്ടിലെ ബീഫ് വിഭവത്തിന്റെ അമ്മാവന്റെ മോനായിട്ടു വരും ഈ രുചിക്കുട്ടൻ. വരട്ടുന്ന പ്രക്രിയയിൽ അതുക്കും മേലെയാണ് റെന്റാങ്ങിന്റെ നിൽപ്.

സിഎൻഎൻ പുറത്തിറക്കിയ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളുടെ പട്ടികയിൽ 11ാം സ്ഥാനമെന്ന നേട്ടവും റെന്റാങ്ങിന് സ്വന്തം. സുമാത്രയിലെ മിനങ്കബവു ജനതയുടെ തനതു വിഭവമാണ് റെന്റാങ്. ഒട്ടേറെ ചേരുവകൾ ചേർത്ത് ഏറെ നേരമെടുത്താണ് റെന്റാങ് പാകം ചെയ്യുക. എരിവും പുളിയും ബീഫ് കഷണങ്ങളുടെ ചങ്കിൽക്കയറിപ്പിടിക്കുന്നതിന്റെ രഹസ്യമിതത്രേ. 

2-3 മണിക്കൂർ എടുത്ത് പാകം ചെയ്യുന്ന റെന്റാങ്ങിന് ഇരുണ്ട നിറമാണ്.  സമയമത്ര കയ്യിലില്ലാത്തവർക്ക് റെന്റാങ്ങിന്റെ ചെറുപതിപ്പുകളും പരീക്ഷിക്കാം. റെന്റാങ്ങിന്റെ അതേ ചേരുവ ചേർത്ത് അധികം വേവിക്കാതെ, ചെറുചാറൊക്കെയായി, തവിട്ടുനിറത്തിലുള്ള അത്തരമൊരു വിഭവമാണ് ‘കാല്യോ’. ബീഫ് അധിക നേരം വെള്ളത്തിലിടാതെ റെന്റാങ് രുചിയിൽ ഒരുക്കിയെടുക്കുന്ന ‘ഗുലായ്’ ആണ് മറ്റൊന്ന്.

റെന്റാങ് ഒരുക്കാൻ അരച്ചെടുക്കുന്ന മസാലക്കൂട്ടിനെ പെമാസക് എന്നാണു വിളിക്കുക. റെന്റാങ്ങിന്റെ ഓരോ ചേരുവയും മിനങ്കബവു സംസ്‌കാരത്തിന്റെ പല ഘടകങ്ങളെയും പ്രതീകവൽക്കരിക്കുന്നു എന്നാണു വിശ്വാസം. ഇറച്ചി, ഗോത്രത്തലവൻമാരുടെയും പ്രഭുക്കന്മാരുടെയും മുതിർന്നവരുടെയും പ്രതീകമാണ്. തേങ്ങാപ്പാൽ പണ്ഡിതൻമാരെയും കവികളെയും പ്രതീകവൽക്കരിക്കുന്നു. പെമാസക് മസാല മിനങ്കബാവു സമൂഹത്തെ ആകമാനം അടയാളപ്പെടുത്തുന്നുവെന്നുമാണ് വയ്പ്പ്. മലേഷ്യ, സിംഗപ്പൂർ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളിലും റെന്റാങ് പ്രചാരത്തിലുണ്ട്. ഏതു തരം ഇറച്ചിയും മുട്ടയും പച്ചക്കറിയും റെന്റാങ് മാതൃകയിൽ ഒരുക്കിയെടുക്കാം.

English Summary: Rendang is an Indonesian spicy meat dish originating from the Minangkabau region in West Sumatra.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com