ഫുൾജാർ സോഡയ്ക്കു ശേഷം ദാ 'കുടംകലക്കി'; സംഭവം കലക്കിയെന്ന് രുചിച്ചവർ
Mail This Article
രണ്ടു മാസം മുൻപാണു കുടം കലക്കി എന്ന മനുവിന്റെ സ്പെഷൽ സർബത്ത് വരുന്നത്. ജ്യൂസിനായി ഉപയോഗിക്കുന്ന പഴങ്ങളൊഴിച്ചു പാനീയത്തിൽ ചേർക്കുന്ന എല്ലാ കൂട്ടുകളും മനു ഉണ്ടാക്കിയെടുക്കുന്നു. മൺകലത്തിലാണു ജ്യൂസ് തയാറാക്കുക. കുടിക്കാൻ തരുന്നതും മൺകലത്തിൽ തന്നെ. പഴമയുടെ ഓർമകൾക്കൊപ്പം കലക്കിയെടുക്കുന്ന മധുരവെള്ളത്തിൽ ഉപ്പിനും മധുരത്തിനുമൊപ്പം മനുവിന്റെ സ്നേഹവും സമം ചേരുമ്പോൾ കുടം കലക്കി ഒന്നാന്തരം പുതുമ നിറഞ്ഞ ജ്യൂസാകുന്നു.
കുടം കലക്കിയെപ്പോലെ വേറെയുമുണ്ടു മനു സ്പെഷൽ വിഭവങ്ങൾ. നെല്ലിക്ക മോരും മസാല മോരും. നാടൻ നെല്ലിക്കയുടെ രുചി മേളമാണു നെല്ലിക്ക മോര്. പുതിയ വിഭവങ്ങളിലുള്ള പരീക്ഷണങ്ങൾ നിർത്തിയോ എന്ന ചോദ്യത്തിനു രണ്ടു ദിവസത്തിനുള്ളിൽ വരാൻ പോകുന്ന പുതിയ വിഭവത്തിന്റെ പേരു പറഞ്ഞുതന്നു മനു. 'അച്ചാറും മോരും'. കുടം കലക്കിയെപ്പോലെത്തന്നെ 'അച്ചാറും മോരും' എന്താണെന്നറിയണമെങ്കിൽ കുടിച്ചു തന്നെ നോക്കണം.
ഓറഞ്ച്, അനാർ, മുന്തിരി എല്ലാ രുചികളിലും കുടം കലക്കി ലഭിക്കും. ഓരോ പഴങ്ങളുടെയും വിലയനുസരിച്ചാണ് കുടംകലക്കിയുടെയും വില. ഓറഞ്ച് മുസാമ്പി കുടംകലക്കിക്ക് 40 രൂപ, അനാറിന് 50, പാഷൻ ഫ്രൂട്ട് കുടംകലക്കിക്ക് 60 രൂപയുമാണ്. പഴങ്ങളുടെ ലഭ്യത അനുസരിച്ചാണ് ഓരോദിവസവും ഇവ തയാറാക്കുന്നത്.
ദാഹശമിനിയായി വിവിധ രുചിയിൽ നല്ല നാടൻ മോരും ലഭിക്കും. കുലുക്കി സർബത്ത്, ഉപ്പ് സോഡ, പാൽ സർബത്ത്, നെല്ലിക്ക സർബത്ത്, ചായ, കാപ്പി ബൂസ്റ്റ്, ഹോർലിക്സ്...നാടൻ രുചികൾ എല്ലാം മൺകുടത്തിലാണ് ഇവിടെ കൊടുക്കുന്നത്. വെണ്ണലയിലാണ് മനു ബാബു എന്ന ചെറുപ്പക്കാരൻ നടത്തുന്ന 'യാമിസ്' എന്ന ജ്യൂസ് കട. രാവിലെ 9 മണിക്കു കട തുറക്കും. പിന്നെ തിരക്കോടു തിരക്കു തന്നെ അതു പതിനൊന്നു മണി വരെ നീളും.
English Summary: Yamis Juice Shop Vennala Kochi