പ്ലാസ്റ്റിക്കിനെ അടുക്കളയിൽ നിന്നും ഗെറ്റൗട്ടടിക്കാം! പകരം ഇവ ഉപയോഗിക്കാം
Mail This Article
ഒരു വീട്ടിൽ ഏറ്റവും അധികം പ്ലാസ്റ്റിക് എവിടെയാണ് ഉപയോഗിക്കുന്നതെന്നു ചോദിച്ചാൽ സംശയം കൂടാതെ പറയാം അടുക്കളയിലാണെന്ന്. അതുകൊണ്ടു തന്നെ ഈ വർഷം മുതൽ നമ്മുടെ അടുക്കളകൾ ഇക്കോഫ്രണ്ട്‍ലി ആക്കിയാലോ.
കടയിൽ പോകുമ്പോൾ കൈയിലൊരു തുണി സഞ്ചി കരുതുന്നതിൽ നമുക്കു തുടങ്ങാം. പഴയ ബെഡ്ഷീറ്റും തലയിണയും മറ്റും വെട്ടി ഇത്തരത്തിലുള്ള തുണി സഞ്ചികൾ തയ്ക്കാം. അടുക്കളയിലെ പ്ലാസ്റ്റിക് പാത്രങ്ങളോടും പറയാം ഗുഡ്ബൈ. ഒറ്റയടിക്കു വേണ്ട മാസബജറ്റിനു കോട്ടം വരാതെ ഓരോ മാസവും അഞ്ചും ആറും കുപ്പികൾ വീതം വാങ്ങാം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ഡിസ്പോസിബിൾ പ്ലേറ്റുകൾ, സ്പൂണുകൾ, പ്ലാസ്റ്റിക് ഇല, നാപ്കിൻ പേപ്പറുകൾ, പ്ലാസ്റ്റിക് റാപ്പുകൾ, പ്ലാസ്റ്റിക്/ പേപ്പർ സ്ട്രോ തുടങ്ങിയവയും വേണ്ടെന്നു വയ്ക്കണം.
ഇത്തരത്തിൽ പ്ലാസ്റ്റിക് ഫ്രീ ആയുള്ള അടുക്കളയിലേക്കു വേണ്ട ചില ഇക്കോഫ്രണ്ട‍്‍ലി ഉൽപന്നങ്ങൾ പരിചയപ്പെടാം.
പാത്രം മൂടാനും സാൻവിച്ച് പൊതിയാനും മറ്റു നമ്മൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് റാപ്പും അലുമിനിയം ഫോയിലും ഒഴിവാക്കാം. പകരം ചില സൂപ്പർ ഇക്കോഫ്രണ്ട്‍ലി ഐറ്റംസ്.
സിലിക്കോൺ അടപ്പുകളാണ് ഒന്ന്. പല വലുപ്പത്തിലുള്ള ഈ അടപ്പുകൾ ഇലാസ്തികത ഉള്ളതാണ്. പാത്രത്തിന്റെ വലുപ്പത്തിന് അനുസരിച്ചു വലിച്ചു വച്ചു മൂടാം. വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. ഓൺലൈൻ സൈറ്റുകളിൽ ലഭ്യമാണ്. വില– ₨119 മുതൽ ₨300 വരെ.
ബീവാക്സ് റാപ്പ് ആണ് മറ്റൊന്ന്. കോട്ടൺ തുണിയിൽ ബീവാക്സും മറ്റു പല എണ്ണകളും ചേരുവകളും കോട്ട് ചെയ്താണ് ഈ റാപ്പ് തയാറാക്കുന്നത്. ഏത് ആകൃതിയിലേക്കും മാറ്റാവുന്നതു കൊണ്ട് പ്ലാസ്റ്റിക് റാപ്പ് പോലെ തന്നെ ഇവ ഉപയോഗിക്കാം. ഉപയോഗിച്ച ശേഷം കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഗുണം. ഓൺലൈൻ സൈറ്റുകളിൽ ലഭ്യമാണ്. വില– ₨400 മുതൽ.
മാലിന്യം നിക്ഷേപിക്കുന്നതിനായി ഓരോ വർഷവും കോടിക്കണക്കിനു പ്ലാസ്റ്റിക് ബാഗുകൾ ആണ് നമ്മൾ ഉപയോഗിക്കുന്നത്. ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് ബാഗുകളാണ് ഇതിനു പരിഹാരം. ജീർണിച്ചു പോകുന്ന വസ്തുക്കൾ കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്. ഇവയും ഓൺലൈന്‍ സൈറ്റുകളിൽ ലഭ്യമാണ്. വില– വലിപ്പമനുസരിച്ച് ₨299 മുതൽ.
നമ്മുടെ ഡ്രെയിനേജുകളിൽ ഏറ്റവും കൂടുതൽ ബ്ലോക്കുകൾ ഉണ്ടാക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് സ്ട്രോകൾ. പുഴയിലൂടെ ഒഴുകി കടലിലെത്തുന്ന ഈ സ്ട്രോകൾ മത്സ്യങ്ങൾ വിഴുങ്ങുകയും അവയ്ക്കു നാശം സംഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ടു മുക്ക് പ്ലാസ്റ്റിക് സ്ട്രോ ഉപേക്ഷിച്ച്, പകരം സ്റ്റെയിൻലെസ് സ്ട്രോ ഉപയോഗിക്കാം. ജ്യൂട്ട് ബാഗുകളിലാക്കി സെറ്റ് ആയി തന്നെ വിപണിയിലെത്തുന്നുണ്ട്. ഇവ വൃത്തിയാക്കാനുള്ള ബ്രഷും ഇതിനൊപ്പം ലഭ്യമാണ്. വില – ₨200 മുതൽ.
കടയിൽ പോകുമ്പോൾ കൈയിലൊരു ഷോപ്പിങ് ബാഗ് കരുതുക. പച്ചക്കറി വാങ്ങാനും മാംസാഹാരങ്ങൾ വാങ്ങാനും പലചരക്കു വാങ്ങാനും വെവ്വേറെ സഞ്ചികൾ ഉപയോഗിക്കാം. കഴുകി വീണ്ടും ഉപയോഗിക്കുകയും ചെയ്യാം.
അടുക്കളയിൽ പേപ്പർ നാപ്കിനു പകരം തുണി കൊണ്ടുള്ള നാപ്കിനുകൾ ഉപയോഗിക്കുക. വീണ്ടും കഴുകി ഉപയോഗിക്കാം എന്നതാണ് മെച്ചം. ഓരോ പേപ്പർ നാപ്കിൻ തയാറാക്കാനും മരങ്ങൾ വെട്ടുന്നുണ്ട് എന്നു തിരിച്ചറിയുക.
പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ പരിസ്ഥിതിക്കു മാത്രമല്ല. നമ്മുടെ ആരോഗ്യത്തിനും ദോഷം ചെയ്യും. പ്ലാസ്റ്റിക്കിനു പകരം പല വലുപ്പത്തിലും ആകൃതിയിലുമുള്ള വുഡൻ കട്ടിങ്ങ് ബോർഡുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. വില – ₨250 മുതൽ.
പ്ലാസ്റ്റിക് കോട്ടിങ് ഉള്ളതും പ്ലാസ്റ്റിക്കും ആയ ഡിസ്പോസിബിൾ പ്ലേറ്റുകളും കട്‍ലറികളും ഉപേക്ഷിക്കുക. ഉപയോഗശേഷം കത്തിച്ചു കളയാവുന്ന പാത്രങ്ങൾ ലഭ്യമാണ്. പാള കൊണ്ടുള്ള പ്ലേറ്റും തടി കൊണ്ടുള്ള കട്‍ലറികളും വിപണിയിൽ ലഭ്യമാണ്. വില പ്ലേറ്റ് ഒന്നിന് അഞ്ചു രൂപ, ഫോർക്ക് – 100 എണ്ണത്തിന് ₨120 രൂപ, സ്പൂൺ– 100 എണ്ണത്തിന് ₨120 രൂപ.
കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പ്ലാസ്റ്റിക് പാത്രങ്ങൾ വേണ്ടെന്നു വയ്ക്കാം. പകരം ചില്ലുകൊണ്ടുള്ള പാത്രങ്ങളാവാം. പല വലുപ്പത്തിലും പല ആകൃതിയിലും നിറങ്ങളിലും ഉള്ളവ ലഭ്യമാണ്. വില ₨275 മുതൽ ₨835 വരെ.
പയറും കടലയും മുതൽ കടുകും ജീരകവും വരെ ഇട്ടു വയ്ക്കാവുന്ന അടുക്കളയിലെ സ്റ്റോറേജ് പാത്രങ്ങളാണ് പ്ലാസ്റ്റിക് ഭരിക്കുന്ന മറ്റൊരിടം.
100 മില്ലി മുതൽ 10 കിലോ വരെയുള്ള സാധനങ്ങൾ നിറച്ചു വയ്ക്കാൻ പാകത്തിനു വലുപ്പമുള്ള ചില്ലുകുപ്പികൾ വിപണിയിൽ ലഭ്യമാണ്.
വില 500 മില്ലി– ₨78
250 മില്ലി–₨ 49
150 മില്ലി– ₨35
ഒന്നരക്കിലോ– ₨158
ഒരു കിലോ– ₨135
750 മില്ലി– ₨110
ഫ്രിഡ്ജിലും ഊണുമേശയിലും കുടിവെള്ളം നിറച്ചു വയ്ക്കാവുന്ന പ്ലാസ്റ്റിക് കുപ്പികളും ഇനി വേണ്ട. പകരം പല വലുപ്പത്തിലുള്ള ചില്ലുകുപ്പികൾ തന്നെ ഉപയോഗിക്കാം. വില – ₨30– ₨65
ഓഫീസിലും സ്കൂളിലും വെള്ളം കൊണ്ടു പോകാൻ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കുക. പകരം സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കാം. വില – ₨594, ₨646
പച്ചരിയും ഗോതമ്പു പൊടിയും മറ്റും സൂക്ഷിക്കാൻ സ്റ്റെയിൻലെസ് സ്റ്റീൽ ജാറുകൾ - ₨186, ₨262
English Summary: Plastic Alternatives in Kitchen