ADVERTISEMENT

‘ഏറ്റവും മടുപ്പിക്കുന്ന ഭക്ഷണം ഇഡ്ഡലിയാണ്’ എന്നെഴുതിയപ്പോൾ ബ്രിട്ടിഷുകാരൻ എഡ്വേഡ് ആൻഡേഴ്സൻ സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാവില്ല അതു തിളയ്ക്കുന്ന സാമ്പാറിൽ കയ്യിടുംപോലെയാകുമെന്ന്. സാക്ഷാൽ ശശി തരൂരടക്കമുള്ള ഇഡ്ഡലിപ്രേമികൾ  കാര്യമായിത്തന്നെ എഡ്വേഡിനെ പൊള്ളിച്ചുകളഞ്ഞു. ഇഡ്ഡലിയെക്കുറിച്ചു പറഞ്ഞുപറഞ്ഞ് അവസാനം അത് ഏതു സംസ്ഥാനത്തെ സാമ്പാറിനാണു നല്ല രുചി എന്ന ചർച്ചയിലേക്കുമെത്തി.

ഫൂഡ് ഡെലിവറിക്കാരുടെ ഒരു ചോദ്യമാണ് ചരിത്ര പ്രഫസറായ ആൻഡേഴ്സന്റെ ഇഡ്ഡലി പരാമർശത്തിനു കാരണം. 

ആളുകൾ എന്തിനാണ് ഇത്രയധികം ഇഷ്ടപ്പെടുന്നതെന്ന് നിങ്ങൾക്ക് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാത്ത ആ വിഭവം ഏതാണ്? എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് പ്രഫസർ, ഈ ലോകത്തിലെ തന്നെ ഏറ്റവും ബോറിങ് വിഭവം ഇഡ്ഡലിയാണെന്ന് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത്. അതോടെ ഇഡ്ഡലി പ്രേമികൾ ചാടിവീണു. ഇഡ്ഡലിക്കൊപ്പം കഴിച്ചതെന്താണെങ്കിലും അതായിരിക്കും രുചി നിർണ്ണയിക്കുന്നതെന്നുള്ള അഭിപ്രായവുമായി വേറെ കുറേപ്പേരും എത്തി. ഇഡ്ഡലിക്കൊപ്പം ചിക്കൻ അല്ലെങ്കിൽ മട്ടൺ കറിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നെന്നും ചിലർ കുറിച്ചു. 

 

വിവാദത്തെ തുടർന്ന് ന്യൂകാസിലിലെ മലയാളി റസ്റ്ററന്റ് ഉറി, ആൻഡേഴ്സന് ഇഡ്ഡലി എത്തിച്ചു കൊടുത്തു. പക്ഷേ അത് കഴിച്ചു തീർക്കാൻ സാധിച്ചില്ലെന്നും കൂടെയുണ്ടായിരുന്ന മീൻകറിയും ദോശയും പായസവും കഴിച്ചെന്നും അദ്ദേഹം കുറിച്ചു. ദോശയും അപ്പവും മറ്റു ദക്ഷിണേന്ത്യൻ വിഭവങ്ങളും വളരെ ഇഷ്ടമാണെന്നും ഇന്ത്യയിൽ രാത്രിയായിരിക്കുന്ന സമയത്തും ഇഡ്ഡലി പ്രേമികളുടെ ആക്രമണം സജീവമായിരുന്നെന്നും  ആൻഡേഴ്സൻ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com