മുട്ടയെ തോൽപിക്കാൻ നിങ്ങൾക്കാവില്ല മക്കളേ...!
Mail This Article
മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത് ? രണ്ടുമല്ല, ഓംലെറ്റായിരിക്കുമെന്ന് ഭക്ഷണപ്രിയർ പറയും. ഒരു ക്വാർട്ടർ പ്ലെയിറ്റിൽ ഡബിൾ ഓംലെറ്റ് വിരിച്ച് മൂക്കുപൊടിയെന്നു ഓമനപ്പേരുള്ള കുരുമുളകുപൊടി (ഓംലെറ്റിൽ കുരുമുളകുപൊടി കുടയുമ്പോൾ അടുത്തിരിക്കുന്നവർ തുമ്മിത്തുടങ്ങും എന്നതു പച്ചപരമാർഥം ) വിതറി കഴിക്കുന്ന മഹാൻമാരാണ് കേരളത്തിൽ ബഹുഭൂരിപക്ഷവും. എന്നാൽ ഒരു കൂവൽ കൊണ്ടോ, ഒരു തൂവൽ കൊണ്ടോ കോഴിയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നതുപോലെ അത്ര ലളിതമായി അടയാളപ്പെടുത്താൻ കഴിയില്ല ഓംലെറ്റിന്റെ ചരിത്രം.
തട്ടുകടകളും ഇന്ത്യൻ കോഫീ ഹൗസും പിന്നെ ബാച്ചിലർ കോട്ടേഴ്‌സുകളുമാണ് ഓംലറ്റിനെ ജനപ്രിയ ഭക്ഷണമാക്കി മാറ്റിയത്. പാചകം ചെയ്യാൻ അഗാധപരിജ്‌ഞാനമൊന്നും വേണ്ട എന്നതിനാൽ കക്ഷി കേറിയങ്ങു ക്ലിക്കായി. ഫ്രഞ്ച്, ഇറ്റാലിയൻ ഫാഷനനുസരിച്ച് കത്തിയും മുള്ളുമുപയോഗിച്ച് സ്‌റ്റൈലായി കഴിക്കാമെന്നതുപോലെ അഞ്ചുവിരലുമിട്ട് ഞെരണ്ടിക്കീറി തനി നാടൻ ശൈലിയിലും കഴിക്കാമെന്നതും പല വിഭാഗത്തിൽപെട്ട ജനങ്ങൾങ്ങൾക്കിടയിൽ ഓംലെറ്റ് പ്രിയങ്കരമാക്കി മാറ്റി.
മുട്ടദോശ അഥവാ പൊരിച്ച മുട്ട എന്നാണ് ഇംഗ്ലീഷ് മലയാളം ഡിക്ഷ്‌ണറികളിൽ ഓംലെറ്റിന്റെ വിശേഷണം. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഓംലെറ്റ് നമ്മുടെ നാട്ടിലെത്തിയതെന്ന് ചരിത്രം പറയുന്നു. എന്നാൽ ഓംലറ്റ് ജനിച്ചത് പ്രാചീന പേർഷ്യയിലാണെന്നു ഭക്ഷണചരിത്രകാരൻമാർ പറയുന്നു. ഓംലെറ്റ് എന്ന പേര് ഫ്രാൻസിലാണ് ജനിച്ചതെന്നു ഓക്‌സ്‌ഫോഡ് കംപാനിയൻ റ്റു ഫുഡ് എന്ന പുസ്‌തകത്തിൽ അലൻ ഡേവിഡ്‌സൺ സൂചിപ്പിക്കുന്നു. 16ാം നൂറ്റാണ്ടിലാണ് ഓംലറ്റെന്ന പേര് ലോകവ്യാപകമായത്. 14ാം നൂറ്റാണ്ടിന്റെ അവസാനം ബ്രിട്ടണിലും ഫ്രാൻസിലും ഓംലെറ്റ് പ്രചാരത്തിലുണ്ടായിരുന്നതായി തെളിവുകളുണ്ട്. 1343ൽ ഓംലെറ്റ് -ഡു-കുർ എന്ന ലേഖനത്തിൽ ബ്രില്ലറ്റ് സാവറിൻ എന്ന ഭക്ഷണചരിത്രകാരൻ ഓംലെറ്റിന്റെ രുചിയെക്കുറിച്ചു വിവരിക്കുന്നുണ്ട്. ആമുലെറ്റേ എന്നാണ് ആദ്യത്തെ ഫ്രഞ്ച് പരാമർശം. എന്നാൽ 17ാം നൂറ്റാണ്ടിലാണ് ഓംലെറ്റ് എന്ന വാക്ക് ഇംഗ്ലീഷിലെത്തുന്നത്. റാണ്ടിൽ കോട്‌ഗ്രേഫിന്റെ ഫ്രഞ്ച് ആൻഡ് ഇംഗ്ലീഷ് ടംഗ്‌സ് ഡിക്ഷ്‌ണറിയിൽ ഫ്രഞ്ച് ലാമെല്ല എന്ന വിശേഷണത്തോടെയാണ് ഓംലെറ്റിനെ പരാമർശിക്കുന്നത്.
ഫ്രാൻസിലെ ബോസകർ എന്ന സ്‌ഥലത്ത് എല്ലാ വർഷവും ഉൽസവത്തോടനുബന്ധിച്ച് വലിയ ഓംലെറ്റുണ്ടാക്കുന്ന ചടങ്ങുണ്ട്. നെപ്പോളിയൻ ബോണപ്പാർട്ട് ലോകം കീഴടക്കി നടക്കുന്ന കാലം. യുദ്ധം കഴിഞ്ഞ് പട്ടാളവുമായി മാർച്ചു ചെയ്‌തുവരികയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ദക്ഷിണഫ്രാൻസിലുള്ള ബോസകർ എന്ന സ്‌ഥലത്ത് ക്യാംപ് ചെയ്‌തു. ആ രാത്രി പട്ടാളക്കാർക്ക് മുഴുവൻ ഭക്ഷണം കൊടുക്കാൻ എന്താണുവഴിയെന്ന് അന്വേഷിച്ച് മന്ത്രിമാർ പരക്കം പാഞ്ഞു. നാട്ടുകാർ ഉടനെ പല സ്‌ഥലങ്ങളിൽനിന്ന് പതിനായിയിരക്കണക്കിനു മുട്ടകൾ ശേഖരിച്ച് ഓംലെറ്റടിച്ചു കൊടുത്തു. ഈ സംഭവത്തിന്റെ ഓർമയ്‌ക്കായാണ് ബോസകറിലെ ഉൽസവം കൊണ്ടാടുന്നത്. 2000ത്തിൽ കാനഡയിലെ ഒണ്ടാറിയോയിൽ ലങ് അസോസിയഷൻ എന്ന സംഘടന പാകം ചെയ്‌തെടുത്ത ഓംലറ്റാണ് ലോകത്തിലെ ഏറ്റവും ഭാരമേറിയ ഓംലറ്റെന്ന ബഹുമതി നേടിയത്. 2950 കിലോയാണ് ഒരു ഓംലറ്റിന്റെ ഭാരം. 1994ൽ ജപ്പാനിലെ യോക്കോഹോമയിൽ 1,60,000 മുട്ടകൾ കൊണ്ട് ഓംലറ്റടിച്ചുണ്ടാക്കിയ ലോക റെക്കോർഡാണ് കാനഡക്കാർ തകർത്തത്. നമ്മുടെ നാട്ടുകാരനായ ഓംലെറ്റിനെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. തക്കാളി ഓംലെറ്റ് എന്നാണ് പേരെങ്കിലും ഒരു തുള്ളി പോലും മുട്ട ചേർക്കാത്ത ശുദ്ധവെജിറ്റേറിയനാണ്. കടലമാവും തക്കാളിയും അൽപ്പം ഉള്ളിയും ചേർത്ത് എണ്ണപുരട്ടിയ തട്ടിലൊഴിച്ചാൽ തക്കാളി ഓംലെറ്റ് റെഡി. തക്കാളി ഓംലെറ്റിന്റെ ജനനം ഇങ്ങു തമിഴ്‌നാട്ടിലാണ്.
ഇനി ചോദ്യത്തിലേക്കു വരാം..കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? വേല കയ്യിലിരിക്കട്ടെ; നമ്മൾ ഇന്ത്യാക്കാർ ഒരേ സ്വരത്തിൽ പറയുന്ന ഉത്തരം കോഴി എന്നായിരിക്കും. കാരണം കോഴിയെ വളർത്തിതുടങ്ങിയത് ഇന്ത്യയിലാണെന്ന് ചരിത്രം പറയുന്നു. 7500 ബിസി മുതലാണ് നമ്മൾ കോഴിക്കൃഷി തുടങ്ങിയതെതെന്ന് ചരിത്രകാരൻമാർ പറയുന്നു. ഇതിൽ ഒരൽപം അവിശ്വസനീയതയുണ്ട്. കാരണം 7500 ബിസിയിൽ എത്ര അപരിഷ്‌കൃതരായ ജനങ്ങളായിരിക്കും ജീവിച്ചിരിക്കുകയെന്ന ചോദ്യം ബാക്കിയാവുന്നു
ഇറച്ചിയ്‌ക്കോ മുട്ടയ്‌ക്കോ വേണ്ടിയല്ല ഇന്ത്യയിൽ കോഴിവളർത്തൽ തുടങ്ങിയത്. കൈയിൽ ഒരു കത്തി വെച്ചുകെട്ടി പോരിനുവിടാനാണ് കോഴിയെ വളർത്തിയിരുന്നത്. ദേശങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ യുദ്ധത്തിനുപകരം കോഴിപ്പോരായിരുന്നു പണ്ട് ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിയിരുന്നത്. ഇതിനാണ് പോരുകോഴികളെ വളർത്താൻ തുടങ്ങിയതെന്നും ചരിത്രം പറയുന്നു. ഇന്ത്യയിൽനിന്ന് 500 ബിസിയിൽ ഈജിപ്‌റ്റിലും 800 ബിസിയിൽ ഗ്രീസിലും കോഴി പറന്നെത്തി.