ദിവസം മുഴുവൻ അടുക്കളയിൽ ചെലവഴിക്കുന്നത് ഇഷ്ടമല്ല: സജ്ന നജാം
Mail This Article
നന്നായി ഭക്ഷണം കഴിക്കുന്നവർ നന്നായി പാചകം ചെയ്യുമെന്നാണ് കൊറിയോഗ്രഫർ സജ്ന നജാമിന്റെ വിശ്വാസം. അത് നൂറുശതമാനം ശരിയാണെന്ന് സജ്നയുടെ ഇഷ്ടങ്ങൾതന്നെ നമുക്കു കാട്ടിത്തരും. നൃത്തം പോലെതന്നെ സജ്നയ്ക്ക് ഏറെ പ്രിയങ്കരമാണ് പാചകവും. ഏറെയിഷ്ടമുള്ള രുചികളെക്കുറിച്ചും കാലത്തിനു മുൻപേ തുടങ്ങിയ യുട്യൂബ് ചാനലിനെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് സംസാരിക്കുകയാണ് സജ്ന നജാം.
∙ പാചകം ഇഷ്ടമാണ്, വിഭവങ്ങൾ വേഗത്തിൽ തയാറാക്കാനാണിഷ്ടം
കുക്കിങ് ഇഷ്ടമാണ്. വീട്ടിൽ ആരെങ്കിലുമുള്ളപ്പോഴാണ് കാര്യമായി കുക്ക് ചെയ്യുക. വർക്കിന്റെ തിരക്കാകുമ്പോൾ വീട്ടിൽ കാണില്ലല്ലോ അപ്പോൾ കുക്ക് ചെയ്യാറില്ല. കുക്കിങ് ഇഷ്ടമാണെങ്കിലും പാത്രം കഴുകാൻ കുറച്ചു മടിയാണ്. ഞാൻ പെട്ടെന്നു ഫുഡ് ഉണ്ടാക്കും. രാവിലെ മുതൽ വൈകിട്ടു വരെ അടുക്കളയിൽ ചെലവഴിക്കുന്നതെനിക്കിഷ്ടമല്ല. ഒരു മണിക്കൂറിനകം ഇത്ര ഡിഷ് ഉണ്ടാക്കണമെന്നു തീരുമാനിച്ചാൽ അങ്ങനെ ചെയ്തിരിക്കും. എന്റെ ചിക്കൻ ഫ്രൈ നല്ലതാണെന്ന് എല്ലാവരും പറയാറുണ്ട്. പ്രോൺസ് റോസ്റ്റ്, ബീഫ് വരട്ടിയത് ഇതൊക്കെ ഞാൻ പെട്ടെന്നുണ്ടാക്കും. നന്നായി പീത്‌സയുമുണ്ടാക്കും.
∙ ഇപ്പോൾ അതെല്ലാം വല്ലാതെ മിസ് ചെയ്യുന്നു
ഇഷ്ടമുള്ള ഭക്ഷണത്തിനുവേണ്ടി എത്രവേണമെങ്കിലും യാത്ര ചെയ്യും. ഏതു സമയമാണെന്നൊന്നും നോക്കാറില്ല. പ്രിയപ്പെട്ട രുചികൾ തേടി ഇടയ്ക്കിടെ യാത്ര പോകാറുണ്ട്. ഇവിടെ ഒരു ഉസ്താദ് ഹോട്ടലുണ്ട്. അവിടുത്തെ കല്ലുമ്മക്കായ ഫ്രൈ കഴിക്കണമെന്ന് ചിലപ്പോൾ തോന്നും. അപ്പോൾത്തന്നെ അതു കഴിക്കാൻ പോകും. ഇന്ന സ്ഥലത്ത് ഇന്ന ഭക്ഷണം കിട്ടുമെന്നൊക്കെ ആളുകൾ പറയുമ്പോൾ അവിടെ പോയി ആ രുചി പരീക്ഷിക്കും. പക്ഷേ ഇപ്പോൾ അതെല്ലാം വല്ലാതെ മിസ് ചെയ്യുന്നുണ്ട്.
∙ മത്തുപിടിച്ചാലും ചീസ് കേക്കിനോട് നോ പറയില്ല
എപ്പോഴും കഴിക്കാൻ എനിക്കിഷ്ടമുള്ള ഭക്ഷണം ചീസ് കേക്കാണ്. അതൊരു ഡെസേർട്ട് ആണെങ്കിൽപ്പോലും അതേറെയിഷ്ടമാണ്. ഏത് എയർപോർട്ടിൽപോയാലും അവിടുത്തെ കഫേയിൽ കയറി ഞാൻ ചീസ്കേക്ക് ടേസ്റ്റ് ചെയ്യാറുണ്ട്. ദുബായ്, ബഹ്റിൻ, സൗദി, യുഎസ്എ അങ്ങനെ എവിടേക്കുള്ള യാത്രയായാലും എന്തുവിലകൊടുത്തും ഞാൻ ചീസ് കേക്ക് കഴിക്കാറുണ്ട്. ചീസ് കേക്ക് ഫാക്ടറിയിൽപ്പോയി ചീസ് കേക്ക് ടേസ്റ്റ് ചെയ്തു നോക്കാറുണ്ട്. മത്തുപിടിച്ചാൽ പോലും ചീസ് കേക്ക് കഴിച്ചോണ്ടിരിക്കും. അതാണ് ജീവിതത്തിൽ എനിക്ക് ഏറെ രുചികരമായി തോന്നിയ ഭക്ഷണം. നാവിൽ വച്ചാൽ അലിഞ്ഞു പോകും. സന്തോഷം കൊണ്ട് സ്വർഗം കാണുക എന്നൊക്കെ പറയാറില്ലേ അതുപോലെയുള്ളൊരു ഫീലിങ് ആണ് എനിക്ക് ചീസ് കേക്ക് കഴിക്കുമ്പോൾ തോന്നുന്നത്.
∙ ഒരു വിഭവവും ഫ്ലോപ് ആയിട്ടില്ല
ഞാൻ എന്തുണ്ടാക്കിയാലും അതിന് രുചിയുണ്ടെന്നാണ് വീട്ടുകാരും മക്കളുടെ സുഹൃത്തുക്കളുമൊക്കെ പറഞ്ഞിട്ടുള്ളത്. അടുത്തിടെ ഒരു കുക്കറി പ്രോഗ്രാം ചെയ്തിരുന്നു. എന്റെ പാചകം കണ്ട് ഒപ്പമുണ്ടായിരുന്ന കുട്ടി വിചാരിച്ചത് ഇത്രയുമൊക്കെ ചേരുവകൾ ചേർത്താൽ ആ വിഭവത്തിന് എന്തെങ്കിലും രുചിയുണ്ടാകുമോ എന്നായിരുന്നു. പക്ഷേ അതു കഴിച്ചു നോക്കിയപ്പോൾ നല്ല രുചിയുണ്ടെന്നും പറഞ്ഞു. ഞാൻ ഉണ്ടാക്കിയ ഒരു വിഭവവും ഇതുവരെ കുളമായിട്ടില്ല.
∙ തായ് ഫുഡ് സൂപ്പർ
പ്രോഗ്രാംസിന്റെ ഭാഗമായി യുഎസ്എയിൽ പോയപ്പോഴും കഴിച്ചത് ചീസ് കേക്കാണ്. പിന്നീടൊരിക്കൽ മലേഷ്യയിൽ പോയപ്പോൾ സീഫുഡ് കഴിച്ചിരുന്നു. അവിടുത്തെ തായ്ഫുഡ് എനിക്ക് ഭയങ്കരമായിട്ടിഷ്ടപ്പെട്ടു. അവിടുത്തെ സ്ട്രീറ്റ് ഫുഡ്സും നന്നായിരുന്നു. സ്ക്വിഡ്, പ്രോൺസ്, ഗ്രിൽഡ് വിഭവങ്ങളൊക്കെ നല്ല രുചിയുള്ളതായിരുന്നു. യുഎസ്എയിൽ പോയപ്പോൾ കഴിച്ച അവിടുത്തെ സ്പെഷൽ ബർഗറുകളുമെല്ലാം നൽകിയത് നല്ല രുചിയോർമകളായിരുന്നു. ഇന്ന സ്ഥലത്തൊക്കെ പോകുമ്പോൾ ഇന്ന ഫുഡൊക്കെ കഴിക്കണമെന്ന് നേരത്തേ തീരുമാനിക്കും. എന്തൊക്കെ തരം ഫുഡ് കഴിക്കണമെന്നു തോന്നിയോ അതൊക്കെ കഴിക്കും.
∙ വ്യത്യസ്ത രുചികൾ പരീക്ഷിക്കാനിഷ്ടം
യുഎസ്എയിൽ പ്രോഗ്രാമിനു പോയപ്പോൾ പല സ്റ്റേറ്റുകളിലും പോയി. എന്റെ കൂടെ വന്ന ഭൂരിപക്ഷം ആളുകൾക്കും കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചോറും മോരുകാച്ചിയതും മീൻകറിയും മീൻ വറുത്തതുമൊക്കെ കഴിക്കാൻ കൊതിതോന്നിയിരുന്നു. പക്ഷേ ഇതൊക്കെ നമ്മൾ എപ്പോഴും കഴിക്കുന്ന ഭക്ഷണസാധനങ്ങളായതുകൊണ്ട് ഞാൻ എപ്പോൾ പുറത്തുപോയാലും അവിടെ ലഭിക്കുന്ന വ്യത്യസ്തങ്ങളായ വിഭവങ്ങൾ പരീക്ഷിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്.
∙ പാരമ്പര്യമായി കിട്ടിയതാണോ കൈപ്പുണ്യം
ഞങ്ങളുടെ വീട്ടിലുള്ള മിക്കയാളുകളും നന്നായി കുക്ക് ചെയ്യും. എനിക്ക് തോന്നുന്നത് നന്നായി ഭക്ഷണം കഴിക്കാനിഷ്ടമുള്ള ആളുകളെല്ലാം നന്നായി പാചകം ചെയ്യുമെന്നാണ്. കുട്ടിക്കാലത്ത് ചിറയിൻകീഴിലെ തറവാട്ടിൽ പാചകത്തിനു നിന്നിരുന്നത് കോഴിക്കോടു നിന്നുള്ള ആളുകളായിരുന്നു. അവർ നന്നായി ഭക്ഷണമുണ്ടാക്കിയിരുന്നു. കുട്ടിക്കാലത്ത് അതു കണ്ടു വളർന്നുവെന്നല്ലാതെ ഞാൻ കുക്കിങ് പഠിച്ചിട്ടൊന്നുമില്ല. ചോറ്, ചിക്കൻകറി, മീൻകറി മുതലായ ഒന്നു രണ്ട് വിഭവങ്ങൾ മാത്രം ഉണ്ടാക്കാനേ അന്ന് അറിയുമായിരുന്നുള്ളൂ. വിവാഹശേഷം സൗദിയിൽ ചെന്നു കഴിഞ്ഞാണ് ഞാൻ കാര്യമായി കുക്ക് ചെയ്യാൻ തുടങ്ങിയത്. പീത്‌സ, ഷേക്ക് എന്നിങ്ങനെ വ്യത്യസ്തങ്ങളായ വിഭവങ്ങളൊക്കെ ഉണ്ടാക്കിത്തുടങ്ങി. വൈകുന്നേരം മാത്രം പുറത്തു പോകുന്നതുകൊണ്ട് പകൽ ധാരാളം ഒഴിവുസമയം കിട്ടുമായിരുന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടു തന്നെ ആ സമയത്ത് കുക്ക് ചെയ്തു ചെയ്താണ് കുക്കിങ് പഠിച്ചത്. അന്നൊക്കെ ഒരു വർഷത്തോളം മിക്കവാറും ഒരേ കറികളായിരുന്നു എന്നും ഉണ്ടാക്കിയിരുന്നത്. പക്ഷേ അതിനും ഒരു ടേസ്റ്റുണ്ടായിരുന്നു.
∙ വർഷങ്ങൾക്കു മുൻപേ അത് സംഭവിച്ചു
ലോക്ഡൗൺ സമയത്ത് യുട്യൂബിൽ ഒരു കുക്കറി ചാനൽ തുടങ്ങിക്കൂടേയെന്നൊക്കെ ഒരുപാടാളുകൾ എന്നോടു ചോദിച്ചിരുന്നു. പക്ഷേ വർഷങ്ങൾക്ക് മുൻപ് എന്റെ നൃത്തവിദ്യാലയത്തിനുവേണ്ടി സെറീനിയൻസ് എന്നൊരു യുട്യൂബ് ചാനൽ ഞാൻ തുടങ്ങിയിരുന്നു. 13–14 വർഷം മുൻപാണ് അത്. അതിന് ആയിരത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. കുറേ വിഡിയോസിന് നല്ല വ്യൂവേഴ്സുമുണ്ട്. ആ ചാനൽ ഒന്നു പൊടിതട്ടിയെടുക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഇതുവരെ കഴിഞ്ഞിട്ടില്ല. ഉടനെ ചെയ്തേക്കും. ഈ ലോക്ഡൗൺ സമയത്ത് ഒരുപാട് സെലിബ്രിറ്റീസൊക്കെ യുട്യൂബിൽ കുക്കറി ചാനൽ തുടങ്ങി. എത്രയോവർഷം മുൻപ് ഒരു ചാനൽ തുടങ്ങിയിട്ടും അത് ഉപയോഗിക്കുന്നില്ലല്ലോ എന്നൊക്കെ ഞാനോർത്തിരുന്നു. അന്നൊന്നും ഇതിന്റെ പ്രാധാന്യത്തെപ്പറ്റി നമുക്കൊരു ധാരണയുമില്ലല്ലോ. ശരിക്കും പറഞ്ഞാൽ അതൊരു പോക്കറ്റ്മണി കൂടിയല്ലേ. എത്ര പേരാണ് യുട്യൂബിൽ നിന്ന് വരുമാനം കണ്ടെത്തുന്നത്. ലോക്ഡൗൺ തുടങ്ങിയ സമയത്ത് ഞാൻ കുറേ ഡാൻസ് വിഡിയോസ് സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തിരുന്നു. പക്ഷേ അതൊക്കെ യുട്യൂബിൽ അപ്‌ലോഡ് ചെയ്താൽ മതിയായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു.
പക്ഷേ യുട്യൂബ് ചാനൽ പൊടിതട്ടിയെടുത്താലും ഞാൻ കുക്കറിഷോസ് ചെയ്യാനുള്ള സാധ്യതയില്ല. റാൻഡമായി കുക്കിങ് ചെയ്യുന്ന വിഡിയോ അപ്‌ലോഡ് ചെയ്തേക്കാം എന്നേയുള്ളൂ. പാചകത്തെപ്പറ്റി ആധികാരികമായി പഠിപ്പിക്കാനോ പറഞ്ഞുകൊടുക്കാനോ പറ്റിയ അടിസ്ഥാനപരമായ അറിവ് എനിക്കില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം എന്റെ റെസിപ്പീസിന് കൃത്യമായ ഒരു അളവില്ല. അതുകൊണ്ട് കുക്കിങ് സിസ്റ്റമാറ്റിക്കായി പഠിപ്പിക്കാനെനിക്ക് കഴിയില്ല. പഴയ യുട്യൂബ് ചാനലിന്റ േപര് മാറ്റി എന്റെ പേരാക്കി ഉടനെ തന്നെ ചില വിഡിയോസ് അപ്‌ലോഡ് ചെയ്യാൻ പദ്ധതിയുണ്ട്.
English Summary : Food Talk with choreographer Sajna Najam