എല്ലാവരും വാങ്കേ...ഇതു രാഹുൽ ഗാന്ധി വച്ച സാലഡ്
Mail This Article
ചക്കിലാട്ടിയ ശുദ്ധമാന തേങ്കാ എണ്ണൈ.. വില്ലേജ് കുക്കിങ് ചാനൽ ഒരിക്കൽ കണ്ടവർ ഈ വാക്കുകൾ മറക്കാനിടയില്ല.
വെങ്കായം..
തൈര്..
കല്ലുപ്പ്..
കഴിഞ്ഞ ദിവസം പുറത്തു വന്ന വിഡിയോയിൽ പെരിയ തമ്പിക്കു പകരം സാധനങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് സാലഡ് ഉണ്ടാക്കിയത് സാക്ഷാൽ രാഹുൽ ഗാന്ധിയാണ്. ഉപ്പു നോക്കി രാഹുൽ ഗാന്ധി ശരിവച്ച സാലഡും കൂട്ടി കൂൺ ബിരിയാണി കഴിച്ച വില്ലേജ് കുക്കിങ് ചാനലിന്റെ അണിയറക്കാർ നടന്നുകയറിയത് ചരിത്രത്തിലേക്കാണ്. ഇനിയെന്താണ് പദ്ധതിയെന്നു രാഹുൽ ചോദിച്ചപ്പോൾ വിദേശത്തു പോയി ഭക്ഷണമുണ്ടാക്കണമെന്നായിരുന്നു സംഘത്തിന്റെ മറുപടി. യുഎസിൽ എത്തിച്ച് അതിനുള്ള സൗകര്യമൊരുക്കാൻ ശ്രമിക്കാമെന്നു രാഹുൽ മറുപടി നൽകി.
ഭക്ഷണം കഴിച്ച് എപ്പടിയിരുക്ക് എന്ന ചോദ്യത്തിനു തനി നാടൻ തമിഴിൽ രാഹുൽ ഗാന്ധിയുടെ മറുപടി.. ‘നല്ലായിരുക്ക്’.
ഇന്ദിരാ ഗാന്ധിയുടെ പേരൻ (ചെറുമകൻ) എന്നു വിളിച്ചായിരുന്നു പെരിയതമ്പി രാഹുലിനോടുള്ള ആദരമറിയിച്ചത്. വീണ്ടും വരുമെന്ന ഉറപ്പ് നൽകിയാണ് രാഹുൽ ചിന്നവീരമംഗലം വിട്ടത്.
ചാനലിന്റെ ചരിത്രം
പുതുക്കോട്ടൈ ജില്ലയിലെ ചിന്നവീരമംഗലമെന്ന ഗ്രാമം ഇന്നു ലോകത്തിനു മുന്നിൽ നിറഞ്ഞു ചിരിക്കുന്നതിനു കാരണത്തിൽ പ്രധാനം വില്ലേജ് കുക്കിങ് ചാനലാണ്. രാഹുൽ ഗാന്ധിയെത്തി രുചി വൈഭവം നേരിട്ട് അനുഭവിക്കുന്ന വിഡിയോ പുറത്തെത്തിയതോടെ ചാനലും പെരിയതമ്പിയും കൊച്ചുമക്കളും സൂപ്പർ ഹിറ്റായി. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ഫുഡ് ചാനലാണ്, വില്ലേജ് കുക്കിങ് ചാനൽ. വി. സുബ്രഹ്മണ്യൻ, വി. മുരുകേശൻ, വി. അയ്യനാർ, ജി. തമിഴ്സെൽവൻ, ടി. മുത്തുമാണിക്കം എന്നീ 5 കസിൻസിനൊപ്പം മുത്തച്ഛൻ എം. പെരിയതമ്പിയും ചേർന്നാണ് പാചക വിഡിയോകൾ നിർമിക്കുന്നത്.
പഠനം കഴിഞ്ഞു വിദേശത്തു ജോലി നേടി കുടുംബത്തെ രക്ഷപ്പെടുത്തണമെന്നു സ്വപ്നം കണ്ട കസിൻസിനെ ഒപ്പം കൂട്ടി ചാനൽ ആരംഭിച്ചത് സുബ്രഹ്മണ്യനായിരുന്നു. ഭക്ഷണമുണ്ടാക്കാൻ താത്തയെ (മുത്തച്ഛൻ) ഒപ്പം കൂട്ടി. ചിന്നവീരമംഗലത്തെ തന്റെ കൈപ്പുണ്യം കൊണ്ടു അത്ഭുതപ്പെടുത്തിയിട്ടുള്ള പാചകക്കാരനാണ് താത്ത പെരിയതമ്പി. 2 വർഷം കൊണ്ടു 70.15 ലക്ഷം സബ്സ്ക്രൈബേഴ്സിനെയാണ് ചാനൽ സ്വന്തമാക്കിയത്. അമ്മിയിൽ അരച്ചും പൊടിച്ചും തനി നാടൻ രീതിയിലാണു കുക്കിങ്. എന്തുണ്ടാക്കിയാലും 6 പേരും ഒന്നിച്ചിരുന്നു രുചി നോക്കും. ശേഷം ബാക്കിയുള്ള ഭക്ഷണം നാട്ടിലെ കുട്ടികൾക്കും അനാഥാലയങ്ങളിലേക്കുമെത്തിക്കും.
രാഹുൽ ഗാന്ധിയുടെ പാചക വിഡിയോ 24 മണിക്കൂറിൽ കണ്ടത് 50 ലക്ഷം പേരാണ്.
English Summary : Rahul Gandhi relishes mushroom biryani, prepares salad with Village Cooking Channel