ഐസ്ക്രീം ഫോർ ബ്രേക്ക്ഫാസ്റ്റ് ! എത്ര മനോഹരമായ ആചാരം...
Mail This Article
ഇന്ന് ഫെബ്രുവരിയിലെ ആദ്യ ശനിയാഴ്ച. നല്ല തണുപ്പുള്ള മകരമാസത്തിലെ പ്രഭാതമാണല്ലോ നമ്മൾ പ്രതീക്ഷിക്കുന്നത്. പൊള്ളുന്ന വേനൽച്ചൂടാണ് ഇപ്പോൾ നാട്ടിലെങ്കിലും ലോകമാകെ മഞ്ഞുമൂടുന്ന തണുപ്പുകാലമാണിത്. അതുകൊണ്ട് തണുപ്പുള്ളൊരു മുത്തശ്ശിക്കഥ പറയാം. ഇതിലെ നായകൻ നല്ല പതുപതുപ്പുള്ള ഐസ്ക്രീമാണ്.
പണ്ടുപണ്ട് ഒരിടത്ത് ഒരു അമ്മയും ആറു മക്കളുമുണ്ടായിരുന്നു. അന്നാട്ടിൽ ഫെബ്രുവരി മാസത്തിൽ ഭയങ്കര മഞ്ഞുവീഴ്ചയാണ്. വീടും പറമ്പും റോഡും സ്കൂളുമൊക്കെ മഞ്ഞു പുതച്ചങ്ങനെ കിടക്കും. അതുകൊണ്ട് കുഞ്ഞുങ്ങൾ ക്ലാസിൽപോവാതെ മടി പിടിച്ച് വീട്ടിലിരിക്കും. ആറു മക്കളും രാവിലെ തന്നെ ‘‘അമ്മേ വിശക്കുന്നേ, വല്ലതും താ’’ എന്നു പറഞ്ഞു കരയുകയും ചെയ്യും. മഞ്ഞുമൂടി കിടക്കുന്ന പറമ്പിൽ കൃഷിയൊന്നുമുണ്ടാവില്ല. കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പഴമോ പച്ചക്കറികളോ ഒന്നുമില്ല. പാലു പോലും മരവിച്ചു കട്ടയായി.
അടുക്കളയിലെ ഫ്രിജിൽ ഐസ്ക്രീം ഇരിപ്പുണ്ട്. അമ്മയങ്ങനെ വിഷമിച്ചിരിക്കുകയാണ്. ഐസ്ക്രീം അല്ലാതെ മറ്റൊന്നുമില്ല എന്നു പറയുന്നതാവും ശരി. മക്കളിൽ ഇളയ രണ്ടുപേർക്ക് അമ്മ എന്നുപറഞ്ഞാൽ ജീവനാണ്. അമ്മ വിഷമിച്ചിരിക്കുന്നതു കണ്ട് അവർക്കു സഹിച്ചില്ല. അവർ പറഞ്ഞു: ‘അമ്മേ, അമ്മ സങ്കടപ്പെടണ്ട. നമുക്ക് എന്തെങ്കിലും കഥ പറഞ്ഞ് ചേട്ടൻമാരെക്കൊണ്ട് ഐസ്ക്രീം തീറ്റിക്കാം.’
എന്തു പറഞ്ഞാണ് ഈ മഞ്ഞുകാലത്ത് കുഞ്ഞുങ്ങൾക്ക് ഐസ്ക്രീം കൊടുക്കുക? തണുപ്പത്ത് അവർ ഐസ്ക്രീം കഴിക്കാനേ സാധ്യതയില്ല. അമ്മ തല പുകഞ്ഞാലോചിച്ചു. അവസാനം ഒരു വഴി കണ്ടുപിടിച്ചു.
അമ്മ ആറു മക്കളെയും വിളിച്ച് ഡൈനിങ് ടേബിളിൽ ഇരുത്തി. എന്നിട്ടു പറഞ്ഞു: മക്കളേ ഇന്ന് ഫെബ്രുവരിയിലെ ആദ്യ ശനിയാഴ്ചയാണ്. നമ്മുടെ ആചാരമനുസരിച്ച് ഇന്ന് ‘ഐസ്ക്രീം ഫോർ ബ്രേക്ക്ഫാസ്റ്റ് ഡേ’ ആണ്. അതുകൊണ്ട് രാവിലെ നമ്മൾ ഐസ്ക്രീമാണ് കഴിക്കേണ്ടത്.. ഇതും പറഞ്ഞ് അമ്മ എല്ലാവർക്കും ഐസ്ക്രീം വിളമ്പി. കുഞ്ഞുങ്ങൾ മൽസരിച്ച് ഐസ്ക്രീം കഴിച്ചു. അവർ അടുത്ത ദിവസം സ്കൂളിൽപോയപ്പോൾ കൂട്ടുകാരോട് ഇക്കഥ പറഞ്ഞു. കൂട്ടുകാരെല്ലാവരും വീട്ടിൽച്ചെന്ന് ഐസ്ക്രീം ആവശ്യപ്പെട്ടു.
അടുത്ത വർഷം ഇതേ ദിവസമായപ്പോൾ കുട്ടികൾ ഇക്കഥ ഓർത്തു വെച്ചിരുന്നു. ഫെബ്രുവരിയിലെ ആദ്യ ശനിയാഴ്ച്ച മക്കൾ അമ്മയെ ദിവസത്തിന്റെ പ്രത്യേകത ഓർമിപ്പിക്കുകയും ഐസ്ക്രീം കഴിക്കുകയും ചെയ്തു. അവരുടെ കൂട്ടുകാരുടെ വീടുകളിലും ഇതു പതിവായി. അങ്ങനെ ആ നാട്ടിൽ മുഴുവൻ ഫെബ്രുവരിയിലെ ആദ്യ ശനിയാഴ്ച ‘ ഐസ്ക്രീം ഫോർ ബ്രേക്ക് ഫാസ്റ്റ് ഡേ’ ആയി ആചരിക്കാൻ തുടങ്ങി. പിന്നീടു ലോകം മുഴുവനും ഫെബ്രുവരിയിലെ ആദ്യ ശനിയാഴ്ച ‘ഐസ്ക്രീം ഫോർ ബ്രേക്ക്ഫാസ്റ്റ് ഡേ ആയി ആഘോഷിച്ചു തുടങ്ങി.
സത്യകഥ
‘എന്തൊരു പുളു! ഇങ്ങനൊന്നും കള്ളക്കഥ പറയരുത്’ എന്നല്ലേ ഇതു വായിച്ചപ്പോൾ തോന്നിയത്? പക്ഷേ ഇതു നുണക്കഥയല്ല. 1960ൽ ന്യൂയോർക്കിലെ റോഷസ്റ്റർ എന്ന സ്ഥലത്താണു കഥ നടന്നത്. ഫ്ലോറൻസ് റാപ്പാപ്പോർട്ട് എന്നാണ് അമ്മയുടെ പേര്. റൂത്ത് ക്രാമർ റാപ്പാപ്പോർട്ട്, ജോ റാപ്പാപ്പോർട്ട് എന്നാണ് അമ്മയുടെ ആറു മക്കളിൽ ഇളയ രണ്ടുപേരുടെ പേര്.
ഫ്ലോറൻസിനു മക്കളും കൊച്ചുമക്കളുമൊക്കെയായി. കുടുംബം ലോകത്തിന്റെ പല ഭാഗത്തേക്കു പന്തലിച്ചു. അവരുടെ കൂട്ടുകാരും നാട്ടുകാരുമൊക്കെ ലോകത്തിന്റെ പല ഭാഗത്തേക്കു താമസം മാറി.
ഇന്ന് നേപ്പാൾ, നമീബിയ, ജർമനി, ന്യൂസീലൻഡ്, ഹോണ്ടുറാസ് എന്നിങ്ങനെ വിവിധ രാജ്യങ്ങളിലേക്ക് ഐസ്ക്രീം ഫോർ ബ്രേക്ക്ഫാസ്റ്റ് ഡേ ആഘോഷം കടന്നെത്തിയിരിക്കുന്നു. ചൈനയിലും ഇസ്രയേലിലുമൊക്കെ ഇന്ന് ഐസ്ക്രീം ഫോർ ബ്രേക്ക്ഫാസ്റ്റ് ഡേ വലിയ ആഘോഷമായി മാറിക്കഴിഞ്ഞു. ഈ ദിവസം ആഘോഷിക്കാൻ അമേരിക്കയിലാകെ ഐസ്ക്രീം ഷോപ്പുകൾ ഫെബ്രുവരിയിലെ ആദ്യ ശനിയാഴ്ച വിവിധ പരിപാടികൾ നടത്താറുണ്ട്. പിരിഞ്ഞുകിട്ടുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുകയാണു പതിവ്.
അപ്പോ.. നമുക്കും ഈ ദിവസം ആഘോഷിച്ചാലോ...?
English Summary : Ice Cream for Breakfast Day is an informal holiday celebrated the first Saturday in February