ADVERTISEMENT

പല നാടുകളിലെ സിനിമകൾ കാണാൻ ഓടി നടക്കുമ്പോഴും രുചി പാലക്കാടിന്റേതു തന്നെ. പാലക്കാട്ടെ ഭക്ഷണരുചിയും ഹിറ്റാണെന്നു ചലച്ചിത്ര മേളയ്ക്കെത്തിയ മറ്റു ജില്ലക്കാർ പറയുന്നു. രാമശ്ശേരി ഇഡ്ഡലി, നൈസ് ദോശ, പൊട്ടുകടല ചട്ണി, റാവുത്തർ ബിരിയാണി, കായ് ചാറ്, പാലക്കാടൻ ചിപ്സ്.... അങ്ങനെ ഒട്ടേറെ വിഭവങ്ങൾ പാലക്കാട്ടു മാത്രമേ കണ്ടിട്ടുള്ളൂവെന്നു പറയുന്നതു മേളയിലെ വൊളന്റിയറായ തിരുവനന്തപുരം സ്വദേശി എസ്. ദിവ്യ. പാലക്കാട് മട്ടയരിക്കഞ്ഞിയെക്കുറിച്ചു തൃശൂർ സ്വദേശി മനു വിശ്വനാഥനു പറയാൻ ഏറെ. ചട്ടിയിൽ ലഭിക്കുന്ന കഞ്ഞിയും തൈരും കാന്താരി മുളകും ചമ്മന്തിയും ചേർത്ത് ഒരു പിടിപിടിച്ചാൽ തകർക്കുമെന്നാണു മനുവിന്റെ കമന്റ്.

കൽപാത്തിയിലെ തേങ്ങയും വെല്ലവും കൊണ്ടുണ്ടാക്കിയ അടയാണു ഹ്രസ്വ സിനിമകളുടെ സംവിധായകൻ കൂടിയായ മലപ്പുറം സ്വദേശി അഖിലിന് ഇഷ്ടം. പനം നൊങ്ക് പാലക്കാട് മാത്രമേ ഉള്ളോ? മേളയിലെ വൊളന്റിയറായ കൊച്ചി സ്വദേശി ദൃശ്യ ജോസിന്റേതാണു ചോദ്യം. വേനൽച്ചൂടിനു പനം നൊങ്ക് ആശ്വാസമാണെന്നു ദൃശ്യ പറയുന്നു. ഇതിനൊപ്പം കിട്ടുന്ന നീരയുടെ രുചിയും കേമമെന്നു മലപ്പുറം സ്വദേശി ജാനകി. പനം കൽക്കണ്ട്, കരിപ്പെട്ടി എന്നിവ വീട്ടിലേക്കു വാങ്ങാനും പലരും മറന്നില്ല. എന്തായാലും ഇവരെല്ലാം തിരികെ വീട്ടിലേക്കു മടങ്ങുന്നതു ചലച്ചിത്രമേളയിൽ നിന്നു കിട്ടിയ സഞ്ചി നിറയെ പാലക്കാട്ടെ ഭക്ഷണ സാധനങ്ങളുമായാണ്.

ചലച്ചിത്രമേളയ്ക്ക് ഇന്നു സമാപനം

ലോക സിനിമാക്കാഴ്ചകളുടെ പൂരത്തിന് ഇന്നു കൊടിയിറക്കം. 5 ദിവസമായി പാലക്കാട്ട് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള ഇന്നു സമാപിക്കും. വിദേശത്തെ ചലച്ചിത്ര മേളകളിൽ പുരസ്കാരം നേടിയതും ഓസ്കർ നോമിനേഷൻ ലഭിച്ചതുമായ ചിത്രങ്ങൾ ഉൾപ്പെടെ 80 സിനിമകളാണു പ്രദർശിപ്പിച്ചത്.നല്ല സിനിമകൾക്കൊപ്പം സംഘാടന മികവു കൊണ്ടു കൂടി സിനിമാ പ്രേമികളുടെ ഹൃദയത്തിലിടം നേടിയാണു മേള അന്തിമഘട്ടത്തിലാണ്. കോവിഡ് പശ്ചാത്തലത്തിൽ ചരിത്രത്തിലാദ്യമായി പാലക്കാടിനു ലഭിച്ച മേളയുടെ 4 ദിവസവും നിറഞ്ഞ മനസ്സോടെയാണു നാട്ടുകാരും ചലച്ചിത്ര പ്രേമികളും സ്വീകരിച്ചത്.ഇന്നു വൈകിട്ട് 6നു പ്രിയ തിയറ്ററിൽ നടക്കുന്ന സമാപന സമ്മേളത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാകും. അക്കാദമി ചെയർമാൻ കമൽ അധ്യക്ഷനാകും. ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. സമാപന സമ്മേളനത്തിനു ശേഷം മത്സര വിഭാഗത്തിൽ സുവർണ ചകോരത്തിന് അർഹമാകുന്ന ചിത്രം പ്രദർശിപ്പിക്കും. 19 ചിത്രങ്ങളാണു പ്രദർശിപ്പിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com