സ്വർണവും ചോക്ളേറ്റും രുചിക്കുന്ന മുറുക്കാൻ, വില ഒരെണ്ണത്തിന് 750 രൂപ!
Mail This Article
ഡല്‍ഹി കൊണാട്ട് പ്ലേസിലുള്ള തീ കൂട്ടിയുള്ള മുറുക്കാന്‍ (ഫയർ പാൻ) പ്രസിദ്ധമാണ്. ഡൽഹിയിൽ നിന്നു തന്നെ വന്നിരിക്കുന്ന സ്വർണ വെറ്റിലകൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഈ വെറ്റിലകൂട്ട് ഒരെണ്ണത്തിന്റെ വില 750 രൂപയാണ്. കൊണാട്ട് പ്ലേസിലെ ഇന്ത്യയിലെ ആദ്യത്തെ പാൻ പാർലർ യമുസ് പഞ്ചായത്തിലാണ് ഈ രസികൻ മുറുക്കാൻ കൂട്ട് ലഭിക്കുന്നത്. ഫെററോ റോഷർ ചോക്ലേറ്റും കഴിക്കാൻ പറ്റുന്ന സ്വർണ ഷീറ്റും ഇതിനൊപ്പമുണ്ട്.
മുറുക്കാൻ കൂട്ടിന്റെ രുചിക്കൂട്ട്
വെറ്റിലയിൽ ചുണ്ണാമ്പ്, കരിങ്ങാലി (Kadha), ഈന്തപ്പഴം, ഡെസിക്കേറ്റഡ് കോക്കനട്ട്, പെരുംജീരകം. സ്വീറ്റ് ചട്ണി, ഗുൽഖണ്ഡ് (റോസാപ്പു ഇതളും പഞ്ചസാരയും ചേർത്ത മിശ്രിതം) വച്ച് അതിനുമുകളിൽ ഫെററോ റോഷർ ചോക്ലേറ്റിന്റെ പകുതിയും വച്ച് മടക്കി എടുക്കുന്നു. തീർന്നില്ല ഒരു ചെറിയ സ്വർണഷീറ്റും വയ്ക്കും. സ്വർണ തിളക്കമുള്ള ഏലയ്ക്കയും കേസർ സിറപ്പും കൊണ്ട് അലങ്കരിച്ച് മുന്നിലെത്തും. ഈ സ്വർണ വെറ്റിലകൂട്ടിന് 750 രൂപയാണ് വില. സ്വർണ ഷീറ്റില്ലാതെ 120 രൂപയും.
വെറ്റിലയുടെ ആരോഗ്യഗുണങ്ങൾ
വെറ്റിലയിൽ അടങ്ങിയ ചില ഘടകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നു. അതിനാൽ പ്രമേഹ ചികിത്സയിലും വെറ്റില ഉപയോഗിക്കുന്നുണ്ട്. ഇത് നല്ലൊരു ഡൈയൂറെറ്റിക് ആണ്. ഒരു വെറ്റില ചതച്ച് നീരെടുക്കുക. ഇതു കുറച്ചു നേർപ്പിച്ച പാലിൽ ചേർത്തു കഴിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇതു സഹായിക്കുന്നു. മൂത്രതടസം മാറാനും ഉത്തമമാണ്. വെറ്റില ഏറെ ഔഷധഗുണമുള്ളതാണ്, പാക്കും ചുണ്ണാമ്പും പുകയിലയും ഒന്നും കൂടെ കൂടരുതെന്നു മാത്രം. നല്ലൊരു വേദനസംഹാരിയണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദയനയ്ക്ക് ആശ്വാസമേകും. മുറിവിൽ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാൽ മുറിവ് വേഗം ഉണങ്ങും.
English Summary : Special Ferrero Rocher Paan in Delhi