ADVERTISEMENT

കാറ്ററിങ് മേഖലയിൽ പ്രതീക്ഷയുടെ അടുപ്പ് മെല്ലെ കത്തിത്തുടങ്ങിയപ്പോൾ വെള്ളം കോരി ഒഴിച്ചു അണച്ചതു പോലെയായി കോവിഡ് നിയന്ത്രണങ്ങളുടെ രണ്ടാംഘട്ടം. വിഷുദിനത്തിൽ നന്മയുടെ കണി കണ്ടു ഉണരാം എന്ന പ്രതീക്ഷയിലായിരുന്നു പഴയിടം മോഹനൻ നമ്പൂതിരി ഉൾപ്പെടെ പാചക മേഖലയിലുള്ളവർ. പക്ഷേ പുത്തൻ നിയന്ത്രണങ്ങൾ  പ്രതീക്ഷകളെല്ലാം തകർത്തു. ഇത്തവണയും കണി മോശമെന്നു പഴയിടം.

നഷ്ടങ്ങളുടെ വർഷമാണ് കടന്നു പോയത്. വരുമാനം പൂർണമായി നിലച്ചു. നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ വീണ്ടും പ്രതീക്ഷ മുളച്ചു. പഴയിടത്തിന്റെ അടുക്കളയുടെ മൂലയിൽ ഒതുക്കി വയ്ച്ചിരുന്ന പാത്രങ്ങൾ വീണ്ടും അടുപ്പിൽ കയറി. സ്കൂൾ കലോത്സവം ഉൾപ്പെടെ ആഘോഷങ്ങളെല്ലാം ഒഴിവാക്കപ്പെട്ടതോടെ വിവാഹ സൽക്കാരങ്ങളിലായി ശ്രദ്ധ. വലിയ സദ്യകൾ ഇല്ല. എന്നാലും പഴയിടം മോഹനൻ നമ്പൂതിരിയെ തേടി പലരും എത്തി. പരാതികൾ ഇല്ലാതെ എല്ലാവർക്കും സദ്യ വിളമ്പി.

Pazhayidam-Mohanan-Namboothiri
പഴയിടം മോഹനൻ നമ്പൂതിരി (ഫയൽ ചിത്രം)

മെല്ലെ കര കയറുകയായിരുന്നു. ഇത്തവണ വിഷുവിനു എന്തുണ്ട് എന്ന ചോദ്യത്തിനു പഴയിടം നൽകിയ ഉത്തരം കുറച്ചു പായസം മാത്രം എന്നതാണ്. ഉത്തരത്തിനു മധുരം കുറവ്. കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. ഈ മാസം 25, 26, മെയ് 2 ദിവസങ്ങളിലൊക്കെ വിവാഹത്തിനു നല്ല മൂഹൂർത്തം ഉണ്ട്. ഓരോ വിവാഹത്തിനും ഭേദപ്പെട്ട സദ്യ ബുക്ക് ചെയ്തിരുന്നു. കോവിഡ് രണ്ടാംഘട്ടത്തിന്റെ നിയന്ത്രണങ്ങൾ വന്നതോടെ എല്ലാവരും സദ്യയുടെ എണ്ണം കുറച്ചു. 1000 പേർക്കു സദ്യ ബുക്ക് ചെയ്തവർ പോലും നൂറും നൂറ്റിയൻപതും ആക്കി. പാചക മേഖലയിൽ ഉള്ളവർക്കു പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല. സർക്കാരിൽ നിന്നു 10 പൈസ പോലും സഹായം ലഭിച്ചില്ല. കാറ്ററിങ് മേഖലയെ മാത്രമാണ് അധികൃതർ കൈവിട്ടത്. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന ദിനത്തിൽ കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയായിരുന്നു രാഷ്ട്രീയ പാർട്ടികളുടെ പ്രകടനം. ജീവിക്കാൻ വേണ്ടി പണിയെടുക്കുമ്പോൾ നിയന്ത്രണത്തിന്റെ പേരിൽ കർശന നടപടികൾ. എന്തു ചെയ്യും എന്നറിയില്ല. കേൾക്കേണ്ടവർ ഇനിയെങ്കിലും ഇതൊക്കെ കേൾക്കുമെന്നാണു പ്രതീക്ഷ.

kerala-sadya
Image Credit : Santhosh Varghese/ Shutterstock

തുടർച്ചയായി 2 വർഷം പ്രളയവും തുടർന്നു കോവിഡും എത്തിയപ്പോൾ പാചക മേഖലയിലെ പലരും പുതിയ തൊഴിൽ തേടി. പാചക പാത്രങ്ങൾ മാസങ്ങളോളം വിശ്രമത്തിലായി. പഴയിടം ഉൾപ്പെടെ പാചക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ തൊഴിലാളികൾ പുതിയ മേഖലയിൽ സജീവമായി. ആഘോഷങ്ങൾക്കെല്ലാം അവധി ലഭിച്ചപ്പോൾ വരുമാനം നഷ്ടപ്പെട്ട സ്ഥിരം ജോലിക്കാർ പോലും മറ്റു തൊഴിൽ മേഖലകൾ തേടി. ചിലർ കൃഷിക്കാരായി. ലോറി ഓടിക്കാനും പെയിന്റിങ് ജോലി ചെയ്യാനും പോയവരും ഉണ്ട്. മേസ്തിരി പണികൾക്കായി പോയവരും ഉണ്ട്. കഴിഞ്ഞ വർഷം മാർച്ച് രണ്ടാം വാരത്തിൽ ആരംഭിച്ചതാണ് പ്രതിസന്ധി. നഷ്ടങ്ങളുടെ കണക്ക് ഓരോ ദിവസവും വർധിക്കുന്നു. തിരക്കുകളുടെ ദിനം ഇനിയെന്നു വരും എന്നറിയില്ല. 

English Summary : Challenges and changes affecting food industry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com