ADVERTISEMENT

കറയില്ല, കയ്പില്ല, ചവർപ്പില്ല. അതാണ് പെരുമ്പളം പുളി. പുളികളുടെ ഇടയിലെ പുലിയാണ് പെരുമ്പളം കുടംപുളി. പെരുമ്പളം ദ്വീപിൽ ഭൂരിഭാഗം വീടുകളിലും കുടംപുളി വൃക്ഷങ്ങളുണ്ട്. വലിയ ഇതളുകൾ, കട്ടിയുള്ള പുറംതോട്, ഉപയോഗത്തിൽ മൃദുത്വം ഇതൊക്കെയാണ് പെരുമ്പളം പുളിയെ മറ്റു സ്ഥലങ്ങളിലെ പുളികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. 'മീൻ കറിയിലൊക്കെ 2 കഷണം പുളി ഇട്ടാൽ മതി നല്ല സ്വാദാ...' 20 വർഷമായി പുളി കൃഷി ചെയ്യുന്ന ചെങ്ങാരപ്പിള്ളി വീട്ടിൽ കെ. കെ. ചന്ദ്രൻ പറയുന്നു. പുളി ഉണക്കി വച്ചാൽ മതി ആളുകൾ വീട്ടിൽ വന്നു കൊണ്ടു പൊയ്‌ക്കോളുമെന്നും നാലും അഞ്ചും കിലോഗ്രാം കൊണ്ടുപോകുന്നവരുണ്ടെന്നും അദ്ദേഹം പറയുന്നു. 

പുളി മരത്തിനു പ്രത്യേകിച്ചു വളമൊന്നും ഇടാറില്ല. മിക്ക പുരയിടങ്ങളിലും ഉള്ള പുളിമരം സ്വയം പൂക്കുന്നു, കായ്ക്കുന്നു, പരാഗണം നടത്തുന്നു. ആൺ, പെൺ പുളികളുണ്ട്. പെൺ പുളികളാണ് കായ്ക്കുന്നത്. പ്രജനനത്തിനായി ഒരു കിലോമീറ്റർ ചുറ്റളവിലെങ്കിലും ആൺ പുളി വേണം. കുരു കിളിർത്താണ് തൈകൾ ഉണ്ടാകുന്നത്. തൈകൾ 8 വർഷം ആകുന്നതോടെ വൃക്ഷമായി മാറും. മേയ് മുതൽ ഓഗസ്റ്റ് വരെയാണ് പ്രധാന സീസൺ. 

ഡിസംബർ മുതൽ മാർച്ച് വരെയും ഫലങ്ങൾ ഉണ്ടാകാറുണ്ട്. പൂവായാൽ രണ്ടാഴ്‌ചയ്‌ക്കിടെ കായകൾ വരും. ഒന്നരമാസം ആകുന്നതോടെ പൂർണ വളർച്ചയെത്തിയ കായ്കൾ പറിച്ചെടുക്കാം. പറിച്ചെടുക്കുന്ന കായ്‌കൾ കഴുകിയ ശേഷം രണ്ടായി പൊട്ടിച്ച്, കുരു കളഞ്ഞ് ഉണക്കും. കറുത്ത നിറത്തിനായി പുകയും കൊള്ളിക്കും. പൂപ്പൽ വരാതിരിക്കാൻ ഉപ്പും വെളിച്ചെണ്ണയും ചേർത്ത് തിരുമ്മിയെടുക്കും. വളക്കൂറുള്ള മണ്ണാണ് പെരുമ്പളത്തിന്റേത്. ജലാശയങ്ങൾ അധികമുള്ളതിനാൽ മണ്ണിന് ഈർപ്പവുമുണ്ട്. സൂര്യപ്രകാശവും നന്നായി ലഭിക്കും. നല്ല ചൂടുള്ള കാലാവസ്ഥയും. ഇതൊക്കെ കാരണമാണ് പെരുമ്പളം കുടംപുളിക്ക്  ഇത്ര മികവെന്ന് ദ്വീപുകാർ പറയുന്നു.

English Summary : Perumbalam Kudampuli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com