ടിപ്പർ ലോറിയുടെ മാതൃകയിൽ റെഡ് വെൽവറ്റ് കേക്ക്; കൈയടി മേടിച്ച് റാണിയെന്ന ഹോം ബേക്കർ
Mail This Article
കേക്കും ടിപ്പർ ലോറിയും തമ്മിലെന്താണു ബന്ധം ? അങ്ങനെയൊരു ചോദ്യത്തിനു തന്നെ പ്രസക്തിയുണ്ടോ എന്നാലോചിക്കുമ്പോൾ മാവേലിക്കര കുറത്തികാട് മീനത്തേരിൽ റാണി സന്തോഷ് ടിപ്പർ ലോറിയുമായി പരുമലയിലെ ഒരു കുടുംബത്തിനുള്ള വൈകാരികമായ അടുപ്പത്തിന്റെയും വൈകാരികമായ ആ ബന്ധത്തിൽ പിറന്ന കേക്കിന്റെയും കഥ പറയും. കോവിഡ് പശ്ചാത്തലത്തിൽ നഷ്ടക്കണക്കുമായി വിദേശത്തെ ബിസിനസ് സംരഭം നിർത്തി 2 വർഷം മുൻപു നാട്ടിൽ സ്ഥിര താമസമാക്കിയതാണു സന്തോഷ് കുമാരൻ നായർ, ഭാര്യ റാണി, മക്കളായ നിരഞ്ജൻ, നിധി എന്നിവരുൾപ്പെടുന്ന കുടുംബം. നാട്ടിലെത്തി ജീവിതമാർഗത്തിന്റെ ഭാഗമായാണു കേക്ക് നിർമാണം ആരംഭിച്ചത്.
ദുബായിൽ വച്ചു കുടുംബാംഗങ്ങൾക്കു കേക്ക് നിർമിച്ചു സന്തോഷം പങ്കിട്ട അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു റാണിയുടെ പുതിയ സംരഭം. സമൂഹമാധ്യമങ്ങളിലൂടെ കേക്കിനു പ്രചാരം ലഭിച്ചതോടെ റാണിയും കുടുംബാംഗങ്ങളും കേക്ക് നിർമാണത്തിൽ സജീവമായി. അങ്ങനെയാണു പരുമല സ്വദേശിനി ദീപ ടിപ്പർ ലോറിയുടെ ചിത്രം അയച്ചു നൽകിയ ശേഷം സമാനമായ കേക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചത്. പലരുടെയും താൽപര്യം അനുസരിച്ചു കാർട്ടൂൺ കഥാപാത്രങ്ങൾ, ജെസിബി എന്നിവയുടെ ആകൃതിയിലുള്ള കേക്കുകൾ നിർമിച്ചിരുന്നെങ്കിലും ടിപ്പർ ലോറിയുടെ കേക്ക് വേണമെന്ന ആവശ്യം ഏറെ കൗതുകം പകർന്നു.
അങ്ങനെ അന്വേഷിച്ചപ്പോഴാണു 'നന്ദകിഷോർ' എന്ന പേരിലുള്ള ടിപ്പർ ലോറിയുമായുള്ള കുടുംബത്തിന്റെ വൈകാരിക അടുപ്പം അറിഞ്ഞത്. 20 വർഷം ടിപ്പർ ലോറി പരുമലയിലെ കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു. കൃത്യമായി പരിപാലിച്ചിരുന്ന ലോറി കാലപ്പഴക്കം മൂലം വിൽപ്പന നടത്തേണ്ട സാഹചര്യം കുടുംബത്തിന് ഏറെ വേദന പകർന്നു. ടിപ്പർ ലോറി വാങ്ങിയവർ അതു കൊണ്ടുപോകാനായി സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചിട്ടും നടന്നില്ല. അവസാനം ഗൃഹനാഥൻ എത്തി ലോറി സ്റ്റാർട്ട് ചെയ്യുകയായിരുന്നു. ലോറി വീട്ടിൽ നിന്നു പോയെങ്കിലും അതിനോടുള്ള വൈകാരികമായ അടുപ്പത്തിന്റെ ഭാഗമായാണ് കുടുംബനാഥൻ രാജീവിന്റെ പിറന്നാൾ ദിനത്തിലേക്കായി അതേ മാതൃകയിൽ ലോറി കേക്ക് നിർമിച്ചത്. മൂന്നര കിലോ ഭാരത്തിലാണു റെഡ് വെൽവറ്റ് രുചിക്കൂട്ടിൽ ലോറി കേക്ക് ഒരുക്കിയത്. കർക്കിടക മാസമായതിനാൽ മുട്ട ഉപയോഗിക്കാത്ത കേക്കിനു വലിയ ഡിമാൻന്റാണന്നു റാണി പറയുന്നു.
English Summary : Tipper Lorry Model Cake Baked by Rani Santhosh.