കേക്ക് മുറിക്കണോ കുപ്പി പൊട്ടിക്കണോ? കാഞ്ഞിരപ്പള്ളി സ്പെഷൽ ‘വൈറൽ കേക്ക്’ വിശേഷങ്ങൾ
Mail This Article
കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായന്റെ ബർത്ത് ഡേ കേക്ക് വിഡിയോ കണ്ടവരെല്ലാം അതിശയിച്ചു. അതിലെ കുപ്പിയെല്ലാം ഒറിജിനൽ ആണോ? അതോ കഴിക്കാൻ പറ്റുന്ന കേക്ക് തന്നെയാണോ എന്നതായിരുന്ന പ്രധാന സംശയം. എഴുപതാം പിറന്നാൾ ആഘോഷിച്ച കാഞ്ഞിരപ്പള്ളി സ്വദേശി കെ. സി. മാത്യു മുക്കാടന് വ്യത്യസ്തമായ കേക്ക് സമ്മാനിച്ചത് മകൾ അന്ന ഓസ്റ്റിനാണ്. മാത്യുവിന്റെ നാലു പെൺമക്കളും അവരുടെ മക്കളും ചേർന്ന് ആഘോഷം സ്പെഷലാക്കി. കൊച്ചിയിൽ പ്രഫഷനൽ ബേക്കറാണ് അന്ന. ‘കേക്ക് കാൻവാസ് – ഹാപ്പിനസ് ഇൻ എ ബോക്സ്’ എന്ന ഡിസൈനർ കേക്ക് സംരംഭത്തിലൂടെ വ്യത്യസ്തമായ നിരവധി കേക്കുകൾ ചെയ്തിട്ടുണ്ട്. രുചിയും ശിൽപചാരുതയും ഇഴചേർന്ന ബാഹുബലി കേക്ക് അന്നയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു.
‘അച്ചാച്ചൻ സ്പെഷൽ’ കേക്കിനെക്കുറിച്ച് അന്ന
കേക്ക് കണ്ടപ്പോൾത്തന്നെ അച്ചാച്ചൻ ചോദിച്ചത് കുപ്പി ഒറിജിനൽ ആണോ എന്നാണ്. എഴുപത് വയസ്സായ അച്ചാച്ചന്റെ ബർത്ത് ഡേ ആഘോഷിക്കാൻ 7 വ്യത്യസ്ത ബ്രാൻഡിലുള്ള കുപ്പികൾ (ഒറിജിനൽ) തന്നെ അതിൽ വച്ചു. ലോക്ഡൗൺ സമയത്ത് കേക്ക് തയാറാക്കുന്നതിനെക്കാൾ ബുദ്ധിമുട്ടായിരുന്നു ‘കുപ്പികൾ’ കിട്ടാൻ! ഇവിടെ കിട്ടാത്തത് കസിൻസ് വഴി പുറത്തുനിന്നു വരുത്തിച്ചു. അത് ഒറിജിനൽ അല്ലായിരുന്നെങ്കിൽ അച്ചാച്ചന് സങ്കടമാകുമായിരുന്നു. കേക്കിന്റെ രുചിയെക്കുറിച്ചും അലങ്കാരത്തെക്കുറിച്ചും പറഞ്ഞാൽ ചോക്ലെറ്റ് ഗനാഷ് ലെയറോട് കൂടിയ റിച്ച് ചോക്ലേറ്റ് ഫഡ്ജ് കേക്ക്, വൈറ്റ് ചോക്ലേറ്റ് ഗനാഷ് ക്രംപ് കോട്ട് ചെയ്ത് അതു ഫോണ്ടന്റ് കവർ ചെയ്ത് ഐസോമാൾട്ട് ഡെക്കറേഷൻ ചെയ്തെടുത്തതാണ്. ഓഗസ്റ്റ് രണ്ടിനായിരുന്നു ബർത്ത് ഡേ. വിഡിയോ വൈറലായതോടെ അച്ചാച്ചന് ഇപ്പോഴും ബർത്ത്ഡേ ആശംസകൾ വന്നു കൊണ്ടിരിക്കുകയാണ്.
English Summary : This designer cake went viral for many 'bottled' reasons.