ജിലേബി കഴിക്കുമോ ? : ഇന്ത്യയുടെ ഹോട്ടസ്റ്റ് മോഡലും നടനുമായ മിലിന്ദ് സോമൻ
Mail This Article
'ഫിറ്റ്നസ്' എന്ന് കേട്ടാൽ ഇഷ്ടഭക്ഷണങ്ങൾ, മധുര പലഹാരങ്ങൾ എന്നിവ ഉപേക്ഷിക്കുകയെന്നാണ് പെട്ടെന്ന് ഓർമിക്കുക. അതുകൊണ്ട് തന്നെ 'ഫിറ്റ്നസ്' എന്നു കേൾക്കുമ്പോൾ മിക്കവരും നെറ്റി ചുളിക്കും. ഞാൻ ജിലേബി കഴിക്കുമോ ? എന്ന തലക്കെട്ടോടെ സൂപ്പർ മോഡൽ മിലിന്ദ് സോമൻ ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റ് ഇത്തരക്കാർക്കു സന്തോഷം പകരുന്നതാണ്. ഹൃദയാകൃതിയിലുള്ള ജിലേബി ഉയർത്തിപ്പിടിച്ച് ജിലേബിയുടെ ‘ഫിറ്റ്നസ്’ മാഹാത്മ്യം അദ്ദേഹം വിശദീകരിക്കുന്നു.
ജിലേബി എനിക്ക് ഇഷ്ടമാണ്. ഫിറ്റ്നസ് എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും ഭക്ഷണം നിയന്ത്രിക്കുകയല്ല. ലോകം തരുന്നതെല്ലാം ആസ്വദിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ്. ഭാര്യ അങ്കിത കാൻവാറിനൊപ്പം ഗുജറാത്ത് സന്ദർശിക്കുമ്പോഴാണ് മിലിന്ദ് സോമൻ തന്റെ ഫിറ്റ്നസ് രഹസ്യം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. ഗുജറാത്തിലെ ഏറ്റവും പ്രിയപ്പെട്ട മധുരപ്പലഹാരമായ ജിലേബിയും പരമ്പരാഗത ഭക്ഷണവിഭവങ്ങളും ആസ്വദിച്ചുകൊണ്ടാണ് മിലിന്ദ് സോമൻ ഇക്കാര്യം പറഞ്ഞത്.
ഏത് ഭക്ഷണം നല്ലതെന്നും ചീത്തയെന്നും ഏല്ലാവർക്കും അറിയാം. മിലിന്ദ് സോമൻ തുടർന്ന് പറയുന്ന കാര്യങ്ങൾ കേൾക്കാൻ ഭൂരിഭാഗം പേരും ചെവികൊടുക്കുന്നില്ല. ‘ഞാൻ നല്ല ഭക്ഷണം കൂടുതൽ കഴിക്കുകയും മോശം ഭക്ഷണം കുറച്ചു കഴിക്കുകയും ചെയ്യുന്നു. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുകയും പഞ്ചസാര ഒഴിവാക്കുകയും ചെയ്യുന്നു. സംസ്കരിച്ചതും പായ്ക്കറ്റുകളിൽ ലഭിക്കുന്നതുമായ ഭക്ഷണപദാർത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നു..’
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ലഭിക്കുന്ന മധുരപലഹാരമാണ് ജിലേബി. എണ്ണയിൽ വറുത്തെടുത്ത ഈ പലഹാരത്തിന്റെ പ്രധാന ചേരുവ പഞ്ചസാരയാണ്. പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് മിലിന്ദ് സോമൻ പറയുന്നത് ശ്രദ്ധിക്കാതെ പോകരുത്. എപ്പോൾ, എത്രമാത്രം ഭക്ഷണം, എങ്ങനെ കഴിക്കുന്നു എന്നതാണ് ഫിറ്റ്നസ് നിലനിർത്തുന്നതെന്ന് മിലിന്ദ് സോമൻ ഉറപ്പിച്ചു പറയുന്നു .
English Summary : When it comes to food, I believe that 'when' and 'how much' are more important than what.